കുണ്ടറ ഗ്രാമപഞ്ചായത്തില്‍ അവിശ്വാസചര്‍ച്ച നാളെ

കുണ്ടറ: കുണ്ടറ ഗ്രാമപഞ്ചായത്തില്‍ സ്വതന്ത്രാംഗം നല്‍കിയ അവിശ്വാസത്തിന്മേലുള്ള ചര്‍ച്ച തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി പഞ്ചായത്ത് ഹാളില്‍ നടക്കും. പതിനാലംഗ പഞ്ചായത്ത് ഭരണസമിതിയില്‍ രണ്ടംഗങ്ങളുള്ള ബി.ജെ.പിയുടെ വോട്ട് വിധി നിര്‍ണയിക്കും. ബി.ജെ.പി എല്‍.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്താല്‍ മാത്രമേ അവിശ്വാസപ്രമേയം പാസാകൂ. ആകെ 14 അംഗങ്ങളുള്ളതില്‍ സി.പി.എം -മൂന്ന്, സി.പി.ഐ -മൂന്ന്, കോണ്‍ഗ്രസ് -അഞ്ച്, ബി.ജെ.പി -രണ്ട്, സ്വതന്ത്രന്‍ -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങള്‍ കോണ്‍ഗ്രസിന് ലഭിച്ചത് നറുക്കെടുപ്പിലൂടെയായിരുന്നു. കോണ്‍ഗ്രസിനോടൊപ്പം നിന്ന റുഡോള്‍ഫസ് ആന്‍റണിയാണ് ഇപ്പോള്‍ എല്‍.ഡി.എഫിനൊപ്പം ചേരുന്നത്. ആകെ അംഗങ്ങളില്‍ പകുതിപേര്‍ ഹാജരായാല്‍ യോഗം ചേരാമെന്നും പകുതിയില്‍ കൂടുതല്‍ അംഗങ്ങള്‍ ഹാജരായാല്‍ പ്രമേയം ചര്‍ച്ചക്കെടുക്കാമെന്നുമാണ് നിയമം. പ്രമേയം ചര്‍ച്ചെക്കെടുത്താല്‍തന്നെ ആകെ അംഗങ്ങളില്‍ പകുതിയിലധികം പേര്‍ വോട്ട് ചെയ്താലേ പ്രമേയം സാധുവാകൂ. ഈ നിയമപ്രകാരം ബി.ജെ.പിയുടെ ഒരു വോട്ടെങ്കിലും ലഭിച്ചാലേ അവിശ്വാസപ്രമേയം പാസാവൂ. ഇത് രഹസ്യമായി ചെയ്യാന്‍ കഴിയാത്തതിനാല്‍ അങ്ങനെ സംഭവിച്ചാല്‍ അത് എല്‍.ഡി.എഫിനും ബി.ജെ.പിക്കും വിശദീകരിക്കേണ്ടി വരും. കോണ്‍ഗ്രസിനും ഇടതുകക്ഷികള്‍ക്കും സമാനമായി ബി.ജെ.പിയും വിപ്പ് നല്‍കും. ഇത് ലംഘിച്ചാല്‍ പഞ്ചായത്തംഗത്തിന്‍െറ നിലയും പരുങ്ങലിലാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.