കരിമഠം കോളനി: 72 കുടുംബങ്ങള്‍ക്ക് ഫ്ളാറ്റുകളായി

തിരുവനന്തപുരം: ദുരിതജീവിതത്തില്‍ നിന്ന് മോചനം കാത്തിരുന്ന കരിമഠം കോളനി നിവാസികളില്‍ 72 കുടുംബങ്ങള്‍ക്ക് പുതിയ ഫ്ളാറ്റുകള്‍ ലഭിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും കുടുംബശ്രീയുടെയും സഹായത്തോടെ നഗരസഭ പ്രാവര്‍ത്തികമാക്കുന്ന ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗര ദരിദ്രരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ വിതരണോദ്ഘാടനം മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വഹിച്ചു. നഗരത്തില്‍ വസിക്കുന്ന പാവപ്പെട്ടവര്‍ക്ക് ജീവിത നിലവാരം ഉയര്‍ത്തുന്നതിന്‍െറ ഭാഗമായി ഭവനങ്ങള്‍ നിര്‍മിച്ചുനല്‍കുന്നതിന് നഗരസഭയും കുടുംബശ്രീയും നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രത്യേക അഭിനന്ദനാര്‍ഹവും മാതൃകാപരവുമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 6.3 കോടി രൂപ ചെലവില്‍ അടിസ്ഥാനസൗകര്യങ്ങളോടെ പുതിയ പാര്‍പ്പിടമാണ് കോളനിയിലെ 72 കുടുംബങ്ങള്‍ക്ക് ലഭിച്ചത്. 350 ചതുരശ്ര അടി വിസ്തീര്‍ണം വരുന്നതാണ് വീടുകള്‍. കുടുംബശ്രീ രൂപവത്കരിച്ച സ്പെഷല്‍ പര്‍പ്പസ് വെഹിക്കിളായ അര്‍ബന്‍ ഹൗസിങ് മിഷനാണ് ഏഴ് മാസംകൊണ്ട് ഫ്ളാറ്റുകളുടെ നിര്‍മാണം നിര്‍വഹിച്ചത്. 41.5 സെന്‍റ് വരുന്ന വസ്തുവില്‍ 2342 ചതുരശ്ര മീറ്ററിലാണ് 72 ഗുണഭോക്താക്കള്‍ക്കായുള്ള ഭവന സമുച്ചയം നിര്‍മിച്ചിട്ടുള്ളത്. ഓരോ ഗുണഭോക്താവിനും ഒരു സ്വീകരണമുറിയും കിടപ്പുമുറിയും അടക്കളയും ടോയ്ലറ്റും ചേര്‍ന്ന ഫ്ളാറ്റാണ് നല്‍കിയത്. സര്‍ക്കാറിന്‍െറ മാനദണ്ഡപ്രകാരം നഗരസഭ ഗുണഭോക്താക്കളെ കണ്ടത്തെുകയും നഗരസഭയുമായി ഗുണഭോക്താക്കള്‍ ഉടമ്പടി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു. മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെയര്‍പേഴ്സണ്‍ സിമി ജ്യോതിഷ് സ്വാഗതം ആശംസിച്ചു. താക്കോല്‍ദാനം വി.എസ്. ശിവകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫിസര്‍ ബിനു ഫ്രാന്‍സിസ് പദ്ധതി വിശദീകരണം നടത്തി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വഞ്ചിയൂര്‍ പി. ബാബു, ആര്‍. ഗീതാഗോപാല്‍, കെ. ശ്രീകുമാര്‍, സഫീറാബീഗം, അഡ്വ. ആര്‍. സതീഷ്കുമാര്‍, എസ്. ഉണ്ണിക്കൃഷ്ണന്‍, കൗണ്‍സിലര്‍മാരായ അഡ്വ. ഗിരികുമാര്‍, ഡി. അനില്‍കുമാര്‍, ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡ് ചീഫ് എന്‍ജിനീയര്‍ സോളമന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. നഗരസഭാ സെക്രട്ടറി എം. നിസാറുദ്ദീന്‍ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.