തെരുവുനായ്ക്കളുടെ തലസ്ഥാനമായി നഗരം

തിരുവനന്തപുരം: മാലിന്യനീക്കം പാളിയത് നഗരം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാകാന്‍ കാരണമാകുന്നു. വിളപ്പില്‍ശാല മാലിന്യസംസ്കരണ കേന്ദ്രം പൂട്ടിയതോടെ കോര്‍പറേഷന്‍െറ മാലിന്യനീക്കം അവതാളത്തിലാണ്. ഇറച്ചിമാംസമടക്കം നിരത്തുകളില്‍ കുന്നുകൂടിയ മാലിന്യം തെരുവുനായ്ക്കള്‍ പെരുകാന്‍ സാഹചര്യമൊരുക്കി. രാത്രികാലങ്ങളില്‍ ഭക്ഷ്യാവശിഷ്ടങ്ങള്‍ കഴിക്കാന്‍ നിരത്തിലിറങ്ങുന്ന നായ്ക്കളാണ് അക്രമകാരികളായി മാറുന്നത്. മാലിന്യനീക്കം തടയാന്‍ കൊണ്ടുവന്ന എല്ലാ പദ്ധതികളും പാളിയ അവസ്ഥയിലാണ്. ഏറ്റവും ഒടുവില്‍ കിച്ചന്‍ബിന്‍ ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വീടുകളില്‍ നല്‍കിവരികയാണ്. പല ഘട്ടങ്ങളിലായി നടപ്പാക്കിയ പ്ളാസ്റ്റിക് നിരോധവും വിജയംകണ്ടില്ല. നിരത്തുകളില്‍ പ്ളാസ്റ്റിക് കവറുകളില്‍ കെട്ടിയ മാലിന്യം പലയിടങ്ങളിലായി കിടപ്പുണ്ട്. കവറുകളില്‍ നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ കോര്‍പറേഷന്‍ ജീവനക്കാര്‍ എത്താറില്ളെന്നാണ് നാട്ടുകാര്‍ പറയുന്നത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ വീണ്ടും പ്ളാസ്റ്റിക് കവറുകളുടെ നിരോധം നടപ്പാക്കാന്‍ കോര്‍പറേഷന്‍ ഒരുങ്ങുകയാണ്. തമ്പാനൂര്‍ മോഡല്‍ സ്കൂള്‍ ജങ്ഷനില്‍ നേരത്തെ മാലിന്യം നിക്ഷേപിച്ചിരുന്നിടം കോര്‍പറേഷന്‍ വൃത്തിയാക്കിയെങ്കിലും അതിന് സമീപത്തെ ചെങ്കല്‍ചൂളയിലെ റോഡില്‍ ലോഡ് കണക്കിന് മാലിന്യം കിടപ്പുണ്ട്. നഗരത്തിലെ പലയിടങ്ങളില്‍ നിന്നും രാത്രിയില്‍ ഇവിടെ മാലിന്യം തള്ളാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മേട്ടുക്കട റെയില്‍വേ മേല്‍പാലത്തിന് സമീപം, മേലെ തമ്പാനൂര്‍ ഒൗവര്‍ കോളജിന് സമീപം, ധന്യ-രമ്യ തിയറ്ററിന് സമീപം, ചെട്ടിക്കുളങ്ങര ഉപ്പിടാംമൂട് പാലത്തിന് സമീപം, പ്രസ്ക്ളബിന് താഴെ, ശ്രീവരാഹം, പാളയം, നന്ദാവനം പൊലീസ് ക്യാമ്പിന് സമീപം, മണ്ണാമൂല തോടിനടുത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ മാലിന്യം മൂടിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.