‘നാവിക്’ ഇന്ത്യയുടെ കരുത്ത്; ഇനി ആരുടെ മുന്നിലും കൈനീട്ടേണ്ട –ഡോ. കെ. ശിവന്‍

തിരുവനന്തപുരം: ബഹിരാകാശരംഗത്തെ കുതിച്ചുചാട്ടത്തിനും ദേശീയസുരക്ഷക്കും വഴിയൊരുക്കുന്ന ഗതിനിര്‍ണയ ഉപഗ്രഹമായ ‘നാവിക്’ (നാവിഗേഷന്‍ ഓണ്‍ വിത്ത് ഇന്ത്യന്‍ കണ്‍സ്റ്റലേഷന്‍) രാജ്യത്തിന്‍െറ കരുത്താകുമെന്ന് വി.എസ്.എസ്.സി ഡയറക്ടര്‍ ഡോ. കെ. ശിവന്‍. ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹപരമ്പരയില്‍ ഏഴാമത്തേതും അവസാനത്തേതുമായ ഐ.ആര്‍.എന്‍.എസ്.എസ്-ഒന്ന് ജിയുടെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയശേഷം തിരുവനന്തപുരത്ത് മടങ്ങിയത്തെിയ അദ്ദേഹം ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. നാവിക് പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ ഗതിനിര്‍ണയ ആവശ്യങ്ങള്‍ക്ക് ആരുടെ മുന്നിലും കൈനീട്ടേണ്ടതില്ല. അമേരിക്ക, ചൈന, യൂറോപ്യന്‍ യൂനിയന്‍, റഷ്യ തുടങ്ങിയവര്‍ക്ക് മാത്രമാണ് ഇത്തരമൊരു സാങ്കേതിക സംവിധാനമുള്ളത്. ഇവരുടെ ഗതിനിര്‍ണയ സംവിധാനങ്ങളുമായി നമ്മുടെ സാങ്കേതികവിദ്യയെ താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ല. ഒരുപക്ഷേ, മറ്റുള്ളവര്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിനേക്കാളും കരുത്തുള്ളതാണ് നാവിക്. മറ്റു രാജ്യങ്ങള്‍ 20, 30 ഉപഗ്രഹങ്ങള്‍ അയച്ചാണ് അവരുടെ ഗതിനിര്‍ണയ സംവിധാനങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. നമുക്ക് വേണ്ടിവന്നത് ഏഴ് ഉപഗ്രഹങ്ങള്‍ മാത്രം. ഒരു മാസത്തിനകം നാവിക് പ്രവര്‍ത്തിച്ച് തുടങ്ങും. ബഹിരാകാശ ഗവേഷണ മേഖലയിലെ ചെലവ് വന്‍തോതില്‍ കുറക്കാന്‍ സാധിക്കുന്ന പുനരുപയോഗ വിക്ഷേപണ വാഹനത്തിന്‍െറ (ആര്‍.എല്‍.വി-ടി ഡി) പരീക്ഷണ ലാന്‍ഡിങ്ങാണ് ഐ.എസ്.ആര്‍.ഒയുടെ അടുത്ത ദൗത്യം. ഇതിനുശേഷം മേയ് അവസാനവാരത്തോടെ ഒറ്റ വിക്ഷേപണവാഹനത്തില്‍ 22 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലത്തെിക്കുന്ന പി.എസ്.എല്‍.വി-സി 34 വിക്ഷേപണം ഉണ്ടാകുമെന്നും ഡോ.കെ. ശിവന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.