സ്പീക്കര്‍ അറിയുന്നുണ്ടോ... ആ പൈപ്പില്‍ കാറ്റുപോലും വരുന്നില്ളെന്നത്

വിളപ്പില്‍ശാല: കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന മലപ്പനംകോട്ടുകാര്‍ക്കായി ജില്ലാപഞ്ചായത്ത് രണ്ടുവര്‍ഷംമുമ്പ് സ്ഥാപിച്ച ജലവിതരണ പൈപ്പുകളില്‍ വെള്ളം ‘കിട്ടാക്കനി’. മഴക്കാലത്തു പോലും കുടിവെള്ളത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കാരോട് വാര്‍ഡിലെ മലപ്പനംകോട്ട് 2013ലാണ് 29 ലക്ഷം മുടക്കി കുടിവെള്ള പദ്ധതി ആരംഭിച്ചത്. 2014ല്‍ അന്നത്ത ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ പദ്ധതി നാടിനും സമര്‍പ്പിച്ചു. അന്ന് മലപ്പനംകോട് ജങ്ഷനില്‍ സ്ഥാപിച്ച പബ്ളിക് ടാപ്പ് തുറന്ന് സ്പീക്കര്‍ പറഞ്ഞത് ഇത് നിങ്ങളുടെ കുടിവെള്ളമെന്നാണ്. എന്നാല്‍ അതിനുശേഷം ഇതുവരെ പൈപ്പില്‍ വെള്ളം എത്തിയിട്ടില്ല. കാവിന്‍പുറം പ്ളാന്‍റില്‍നിന്ന് പൈപ്പ് ലൈന്‍ നീട്ടിയാണ് മലപ്പനംകോട് കുടിവെള്ള പദ്ധതി ആരംഭിച്ചത്. പുറ്റുമ്മേല്‍ കോണം, കുണ്ടാമൂഴി, മണ്ണാംകോണം, മലപ്പനംകോട് തുടങ്ങി നാലു കിലോമീറ്റര്‍ ദൂരം ജല വിതരണം നടത്തുകയായിരുന്നു ലക്ഷ്യം. അതേസമയം മൂന്ന് എം.എല്‍.ഡി സംഭരണശേഷി മാത്രമുള്ള കാവിന്‍പുറം പ്ളാന്‍റില്‍നിന്ന് ഉയര്‍ന്ന പ്രദേശമായ മലപ്പനംകോട്ടേക്ക് വെള്ളം എത്തിക്കാന്‍സാധിക്കില്ളെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ നിര്‍മാണ വേളയില്‍ പറഞ്ഞിരുന്നു. ഇരുപത് വര്‍ഷത്തിലേറെ പഴക്കമുള്ള പൈപ്പുകളിലൂടെ ശക്തിയായി ജലം പമ്പുചെയ്താല്‍ ഇവ പൊട്ടുമെന്നും അറിയിച്ചു. എന്നാല്‍, ജനപ്രതിനിധികളുടെ വാശിക്കു മുന്നില്‍ വാട്ടര്‍ അതോറിറ്റി വഴങ്ങുകയായിരുന്നു. ഉദ്ഘാടന ദിവസം കാവിന്‍പുറം പ്ളാന്‍റില്‍നിന്നുള്ള മുഴുവന്‍ പൈപ്പ്ലൈനുകളും അടച്ചാണത്രെ ഒരു ദിവസത്തേക്ക് മലപ്പനംകോട്ട് വെള്ളമത്തെിച്ചത്. പദ്ധതിക്കായി അമ്പതു മീറ്റര്‍ ഇടവിട്ട് സ്ഥാപിച്ച പൊതു ടാപ്പുകള്‍ വെള്ളം കിട്ടാതായതോടെ നാട്ടുകാര്‍ പൊട്ടിച്ചു. ഇപ്പോള്‍ വെള്ളം വിലകൊടുത്ത് വാങ്ങുകയാണിവര്‍. ആഴ്ചയില്‍ ഇതിനായി ആയിരം രൂപയോളം വരെ കൊടുക്കേണ്ട സ്ഥിതിയിലാണ് നാട്ടുകാര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.