മത്സ്യത്തൊഴിലാളികള്‍ ലിസ്റ്റിന് പുറത്ത്

കഴക്കൂട്ടം: മത്സ്യത്തൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പിന്‍െറ ഫൈബര്‍കട്ടമര വിതരണത്തില്‍ വന്‍ ക്രമക്കേടെന്ന് ആക്ഷേപം. തുമ്പ മത്സ്യഗ്രാമത്തില്‍ കട്ടമരങ്ങളുടെ വിതരണത്തിനായി തയാറാക്കിയ ലിസ്റ്റിലാണ് ക്രമക്കേട്. നിര്‍ധന മത്സ്യത്തൊഴിലാളികളെ ഒഴിവാക്കി അനര്‍ഹര്‍ക്ക് ആനുകൂല്യം നല്‍കിയതായാണ് പരാതി. ഫിഷറീസ് വകുപ്പ് സൗജന്യമായി നാല്‍പതിനായിരം രൂപ വീതമാണ് ഇതിനായി നല്‍കുന്നത്. 93 പേരുടെ ലിസ്റ്റും ആനുകൂല്യത്തിനായി തയാറാക്കിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ 20ല്‍ താഴെ ആള്‍ക്കാര്‍ മാത്രമാണ് നിലവില്‍ മത്സ്യബന്ധനതൊഴിലാളികള്‍. ജനപ്രതിനിധിക്കും പ്രവാസികള്‍ക്കും ചുമട്ടുതൊഴിലാളികള്‍ക്കും വരെ ലിസ്റ്റില്‍ ഇടം ലഭിച്ചതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ആനുകൂല്യത്തിന് അര്‍ഹതയുള്ളവരാണോ എന്ന പ്രാഥമികപരിശോധന പോലും നടത്താതെയാണത്രെ ലിസ്റ്റ് ഗുണഭോക്താക്കളെ നിശ്ചയിച്ചത്. പള്ളിത്തുറ മുതല്‍-വെട്ടുതുറവരെയുള്ളതാണ് തുമ്പ മത്സ്യഗ്രാമം എന്നിരിക്കെ തുമ്പ പ്രദേശത്തുള്ളവരെ മാത്രമാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതെന്നും ആക്ഷേപമുണ്ട്. ഫാത്തിമപുരം, കനാല്‍പുറമ്പോക്ക്, പുത്തന്‍തോപ്പ്, ചാന്നാങ്കര, സെന്‍റ് ആന്‍ഡ്രൂസ്, പള്ളിത്തുറ പ്രദേശങ്ങളെ പൂര്‍ണമായും അവഗണിച്ചെന്ന് പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പതിനഞ്ച് ദിവസം മുമ്പാണ് ലിസ്റ്റ് പുറത്തിറങ്ങിയത്. ഇതിനോടകം പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച് നിരവധി പരാതികള്‍ നല്‍കിയതായി നാട്ടുകാര്‍ പറയുന്നു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ ആറോളം പേര്‍ ചുമട്ടുതൊഴിലാളികളാണത്രേ. അതേസമയം വേളിയടക്കം ജില്ലയുടെ വിവിധ തീരദേശങ്ങളില്‍നിന്ന് ഫൈബര്‍കട്ടമരം വാടകക്കെടുത്ത് സ്റ്റിക്കര്‍ പതിപ്പിച്ച് പുതിയതാണന്ന് വരുത്തി ഉദ്യോഗസ്ഥരെ കാണിച്ച് പണം തട്ടാനുള്ള ശ്രമം രണ്ടാഴ്ചയായി മേഖലയില്‍ സജീവമാണ്. നിര്‍ധന മത്സ്യത്തൊഴിലാളികളുടെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പാണത്രെ അരങ്ങേറുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.