പാലിയേറ്റിവ് കെയറിനു നേരെ ആക്രമണം; യുവാവ് പിടിയില്‍

ആറ്റിങ്ങല്‍: വക്കത്ത് പാലിയേറ്റിവ് കെയര്‍ യൂനിറ്റിനു നേരെ ആക്രമണം. യുവാവ് പിടിയില്‍. സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഹര്‍ത്താലാചരിച്ചു. തിങ്കളാഴ്ച രാത്രി 7.30നായിരുന്നു സംഭവം. വക്കം ജങ്ഷന് സമീപത്തെ സാന്ത്വനം പാലിയേറ്റിവ് കെയര്‍ യൂനിറ്റാണ് യുവാവ് തല്ലി ത്തകര്‍ത്തത്. അതിക്രമിച്ച് കടന്ന് ജനലും കമ്പ്യൂട്ടറും മേശയും നശിപ്പിക്കുകയായിരുന്നു. സ്ഥാപനത്തിനകത്തുണ്ടായിരുന്ന സാധന സാമഗ്രികള്‍ വലിച്ചെറിഞ്ഞ നിലയിലാണ്. അക്രമത്തിനുശേഷം രക്ഷപ്പെട്ട യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. വക്കം മേലതില്‍ വീട്ടില്‍ മനു (29)വാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അക്രമത്തില്‍ പ്രതിഷേധിച്ച് പൗരസമിതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താലാചരിച്ചത്. കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. സര്‍വകക്ഷി സംഘത്തിന്‍െറ നേതൃത്വത്തില്‍ പ്രകടനവും യോഗവും ചേര്‍ന്നു. ജില്ലാ പഞ്ചായത്തംഗങ്ങളായ എസ്. ശശാങ്കന്‍, ഷൈലജാബീഗം, വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ. സുലജ, മണനാക്ക് ഷിഹാബുദ്ദീന്‍, കെ. ബൈജു, വേണുജി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.