അന്നം വിളമ്പുന്ന കൈകള്‍ക്ക് അംഗീകാരം

കഴക്കൂട്ടം: ഇടവിളാകം സര്‍ക്കാര്‍ യു.പി.എസിന് ഒരു പൊന്‍തൂവല്‍കൂടി. ഒരുപക്ഷേ ആദ്യമായിരിക്കാം ഇത്തരമൊരു സുദിനം ഒരു വിദ്യാലയത്തില്‍; പാചകക്കാരിക്ക് അവാര്‍ഡ്. ചിറയിന്‍കീഴ് എം.എല്‍.എ വി. ശശിയുടെ ‘അടുപ്പം’ മെറിറ്റ് അവാര്‍ഡാണ് സ്കൂളിലെ പാചകക്കാരി ശാന്തമ്മയെ തേടിയത്തെിയത്. പ്രായം 65 ആയെങ്കിലും ദിനവും പുലര്‍ച്ചെ അഞ്ചുമണിക്കുതന്നെ സ്കൂളിലത്തെും. ആദ്യം പ്രഭാതഭക്ഷണമൊരുക്കുന്നതിന്‍െറ തിരക്കിലേക്ക്. ചൊവ്വാഴ്ചയും പതിവുപോലെ തന്‍െറ ജോലിയില്‍ വ്യാപൃതയായിരിക്കുമ്പോഴാണ് യു.പി സ്കൂള്‍ വിഭാഗത്തില്‍ ‘അടുപ്പം’ മെറിറ്റ് അവാര്‍ഡ് തനിക്കെന്ന് അറിയുന്നത്. ഉടന്‍തന്നെ അമ്മൂമ്മക്ക് അനുമോദനവുമായി ‘കുഞ്ഞുമക്കളത്തെി’. അസംബ്ളികൂടി പൊന്നാടയണിയിച്ചായിരുന്നു ആദരവ്. വൈകീട്ട് തോന്നയ്ക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ചിറയിന്‍കീഴ് നിയോജകമണ്ഡലത്തിനുള്ളിലെ പൊതുസ്കൂളുകളുടെ ഉന്നമനത്തിന് ഏര്‍പ്പെടുത്തിയ പദ്ധതിയാണ് അടുപ്പം സമഗ്ര വിദ്യാഭ്യാസ പരിപാടി. ഡയറ്റ് പ്രിന്‍സിപ്പല്‍ കേശവന്‍പോറ്റി, ഡയറ്റ് ഫാക്കല്‍റ്റി ലില്ലിക്കുട്ടി എന്നിവരടങ്ങുന്ന അഞ്ചംഗസഘമാണ് സ്കൂളുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്. ഇതേ സ്കൂലിലെ അധ്യാപകന്‍ പള്ളിപ്പുറം ജയകുമാറിന് അധ്യാപക പുരസ്കാരവും ലഭിച്ചു.ശാന്തമ്മ 1985 ലാണ് സ്കൂളിലത്തെുന്നത്. പ്രായത്തിന്‍െറ അവശതകളില്ലാതെ കുരുന്നുമക്കളുടെ വിശപ്പകറ്റാന്‍ ഇവര്‍ സദാ കര്‍മനിരതയാണ്. പ്രഭാത ഭക്ഷണമൊരുക്കിയാല്‍പിന്നെ ഉച്ച ഭക്ഷണത്തിനുള്ള തിരക്കിലാകും. സ്കൂളില്‍ പച്ചക്കറിത്തോട്ടം ഒരുക്കുന്നതിലും പരിപാലിക്കുന്നതിലും കുട്ടികള്‍ക്കൊപ്പമുണ്ട്. പ്രായാധിക്യത്താല്‍ ജോലി ഉപേക്ഷിക്കേണ്ടിവരുമ്പോള്‍ പെന്‍ഷനായി എന്തെങ്കിലും നല്‍കാന്‍ സര്‍ക്കാര്‍ കനിവുകാട്ടണമെന്നുമാത്രമാണ് ഇവരുടെ പ്രാര്‍ഥന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.