പൂജാരിയെയും സെക്രട്ടറിയെയും കൈയേറ്റം ചെയ്തെന്ന്

വട്ടിയൂര്‍ക്കാവ്: ക്ഷേത്രത്തിലത്തെിയ പൊലീസ് പൂജാരിയെയും സെക്രട്ടറിയെയും കൈയേറ്റം ചെയ്തതായി ആരോപണം. നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കാഞ്ഞിരംപാറ വി.കെ.പി നഗറില്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ പൂജാരി വട്ടിയൂര്‍കാവ് വാഴോട്ടുകോണം സ്വദേശി വിഷ്ണു, സെക്രട്ടറി ജയരാജ് എന്നിവരെയാണ് വട്ടിയൂര്‍ക്കാവ് പൊലീസ് മര്‍ദിച്ചതായി ആരോപണം ഉയര്‍ന്നത്. തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. ക്ഷേത്രം പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് അനിഷ്ടസംഭവങ്ങള്‍ക്ക് വഴിതെളിച്ചതെന്നാണ് സൂചന. ക്ഷേത്രം വക വസ്തുക്കള്‍ സൂക്ഷിക്കുന്നതിന് സമീപത്തെ ആര്‍.എസ്.പിയുടെ സ്മാരകം ഉപയോഗിച്ചിരുന്നത്രെ. എന്നാല്‍, നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടും സ്ഥലം വിട്ടുകൊടുക്കാത്തതിനാല്‍ ആര്‍.എസ്.പി പ്രാദേശികനേതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തര്‍ക്കം പരിഹരിക്കുന്നതിന് തിങ്കളാഴ്ച വൈകീട്ട് പേരൂര്‍ക്കട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുരേഷ് ബാബു, വട്ടിയൂര്‍ക്കാവ് സബ് ഇന്‍സ്പെക്ടര്‍ അനൂപ് ആര്‍. ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് ക്ഷേത്ര ഭാരവാഹികളുമായി സംസാരിക്കുന്നതിനിടെയാണ് കൈയേറ്റമുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഭക്തജനങ്ങളും നാട്ടുകാരും ചേര്‍ന്ന് കാഞ്ഞിരംപാറ മരുതംകുഴി റോഡ് ഉപരോധിച്ചു. വിവരമറിഞ്ഞ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കളും സ്ഥലത്തത്തെി. ഇതോടെ പ്രധാന റോഡില്‍ വാഹനഗതാഗതം സ്തംഭിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് അസി. കമീഷണര്‍ വി. സുരേഷ്കുമാര്‍ ഉറപ്പുനല്‍കിയതോടെ റോഡ് ഉപരോധം പിന്‍വലിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.