തിരുവനന്തപുരം: ചെങ്കല്‍ചൂള കോളനിയില്‍ (രാജാജി നഗര്‍) വാണിജ്യസമുച്ചയത്തിനും ഫ്ളാറ്റ് നിര്‍മാണത്തിനുമായി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ വീണ്ടും ഉത്തരവ്. 971 കുടുംബങ്ങളെ എത്രയും വേഗം കുടിയൊഴിപ്പിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പാണ് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 11.26 ഏക്കര്‍ വരുന്ന കോളനിപ്രദേശത്ത് ആറ് ഏക്കര്‍ സ്ഥലം വിനിയോഗിച്ച് വാണിജ്യസമുച്ചയം നിര്‍മിക്കാനും ശേഷിക്കുന്ന 5.26 ഏക്കറില്‍ പ്രദേശവാസികള്‍ക്ക് താമസസൗകര്യമൊരുക്കാനുമാണ് തീരുമാനം. നേരത്തേ ഇത് സംബന്ധിച്ച സര്‍ക്കാര്‍ നീക്കം വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. കോളനി നിവാസികളുടെ അടിസ്ഥാനസൗകര്യ വികസനത്തിനാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അതേസമയം നിലവിലെ 11.26 ഏക്കറില്‍നിന്ന് 5.26 ഏക്കറിലേക്ക് 976 കുടുംബങ്ങളുടെ താമസസൗകര്യം ചുരുക്കുമ്പോള്‍ ജീവിതസൗകര്യങ്ങള്‍ കൂടുതല്‍ ദുസ്സഹമാകുമെന്നും 100 വര്‍ഷത്തിലധികമായി ഇവിടെ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് സര്‍ക്കാറിന്‍േറതെന്നും പ്രദേശവാസികള്‍ അഭിപ്രായപ്പെടുന്നു. അതേസമയം, പദ്ധതിയുടെ രൂപരേഖ (ഡി.പി.ആര്‍) തയാറാകുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നുണ്ടെന്നാണ് വിവരം. ഫ്ളാറ്റുകളും വ്യാപാര സമുച്ചയവും നിര്‍മിക്കേണ്ട സ്ഥലങ്ങള്‍ കൃത്യമായി വ്യക്തമാക്കിയാണ് രൂപരേഖ തയാറാക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കാനാണ് നീക്കം. മോഡല്‍ സ്കൂള്‍ ജങ്ഷന്‍ മുതല്‍ പുളിമൂട് വരെയുള്ള റോഡ് വീതികൂട്ടുന്നതിനാവശ്യമായ സ്ഥലം വിട്ടുകിട്ടുന്നത് സംബന്ധിച്ച് കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലമേറ്റെടുക്കല്‍ ഉത്തരവിനെതിരെ കോളനി നിവാസികള്‍ക്കിടയില്‍ ശക്തമായി എതിര്‍പ്പുയരുന്നുണ്ട്. ഭൂമി വിട്ടുകൊടുത്തുള്ള ഒരു പദ്ധതിക്കും തങ്ങള്‍ തയാറല്ളെന്നാണ് ഇവര്‍ പറയുന്നത്. ഭൂപരിഷ്കരണ നിയമപ്രകാരം കുടികിടപ്പവകാശം ലഭിക്കേണ്ടവരാണ് ഇവിടെയുള്ളത്. നഗരപ്രദേശമായതിനാല്‍ മൂന്ന് സെന്‍റാണ് ഇവര്‍ക്ക് ലഭിക്കേണ്ടത്. ഇതുവരെ ഇത് ലഭിച്ചിട്ടില്ല. ഉള്ള ഭൂമിക്ക് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുമില്ല. ഒൗദ്യോഗികരേഖകളിലുള്ള 976 കുടുംബങ്ങള്‍ക്ക് നിലവിലെ 11.26 ഏക്കര്‍ ഭൂമി വിഭജിച്ചാല്‍തന്നെ കുടുംബമൊന്നിന് 1.15 സെന്‍റ് ലഭിക്കണം. എന്നാല്‍, വാണിജ്യസമുച്ചയവുംകൂടിവന്നാല്‍ വീണ്ടും ഭൂമി കുറയും. മാത്രമല്ല, പുതിയ ഫ്ളാറ്റ് പണിയുന്നതിന് രണ്ടുവര്‍ഷമെടുക്കുമെന്നതിനാല്‍ ഈ കാലയളവില്‍ കോളനിനിവാസികള്‍ താല്‍ക്കാലികമായി പുറത്ത് താമസിക്കേണ്ടി വരും. ഇതിനായി മാസം 2000 രൂപവരെ സര്‍ക്കാര്‍ വാടക നല്‍കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. തൊഴില്‍ സാഹചര്യങ്ങളെല്ലാം നഗരവുമായി ബന്ധപ്പെട്ടതിനാല്‍ ഇവര്‍ക്ക് മറ്റൊരിടത്തേക്ക് താമസം മാറുക ഏറെ ബുദ്ധിമുട്ടാണ്. പോരാത്തതിന് നഗരത്തിലോ പരിസരത്തോ മാസം 2000 രൂപക്ക് വാടക വീട് കിട്ടില്ളെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള മൂന്ന് ഫ്ളാറ്റുകളില്‍ ഒന്നാം നിലയിലൊഴികെ കുടിവെള്ളം പോലും കിട്ടുന്നില്ലത്രേ. വര്‍ഷങ്ങള്‍ക്കുമുമ്പ് സെക്രട്ടേറിയറ്റ് പണിയുന്നതിന് ചെങ്കല്ല് വെട്ടി ചൂളയൊരുക്കിയ ഇടമായതിനാലാണ് പ്രദേശത്തിന് ചെങ്കല്‍ചൂള എന്ന പേര് വന്നത്. ഇഷ്ടിക തയാറാക്കല്‍ ജോലികള്‍ക്കായി പല ദേശങ്ങളില്‍നിന്ന് എത്തിയവരാണ് ഇവിടത്തെ ആദ്യതാമസക്കാര്‍. ജാതി-മത വ്യത്യാസമില്ലാതെ 5000 പേരാണ് ഇവിടെ താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.