പേരൂര്‍ക്കട: ദുരിതങ്ങള്‍ സഹിച്ചും അവഗണനകളില്‍ സമരവീര്യം ആവാഹിച്ചും കുടില്‍കെട്ടി സമരം 25ാം ദിനം പിന്നിട്ടു. തലചായ്ക്കാന്‍ സ്വന്തമായി വീടെന്ന സ്വപ്നവുമായി പിന്നാക്ക വിഭാഗക്കാര്‍ പേരൂര്‍ക്കട ജി.സി നഗറിലാണ് കുടില്‍ കെട്ടി സമരം നടത്തുന്നത്. നഗരസഭ ഭൂമി കൈയേറി പത്തുകുടിലുകള്‍ നിര്‍മിച്ച് ആരംഭിച്ച സമരത്തില്‍ ഞായറാഴ്ചയോടെ 377 കുടിലുകളാണ് ഉയര്‍ന്നത്. 25 ദിനം പിന്നിട്ടിട്ടും സമരം ഒത്തുതീര്‍പ്പാക്കാന്‍ നഗരസഭയോ സര്‍ക്കാറോ ശ്രമിക്കാത്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സമര നേതാക്കള്‍ ആരോപിച്ചു. സ്വന്തമായി വീടോ, വസ്തുവോ ഇല്ലാത്ത പട്ടികജാതിക്കാര്‍ക്ക് ഭവനങ്ങള്‍ നിര്‍മിക്കാനായി നഗരസഭ വാങ്ങിയ സ്ഥലത്താണ് ആഗസ്റ്റ് 28 മുതല്‍ ഒരു സംഘം പിന്നാക്ക വിഭാഗക്കാര്‍ കുടില്‍കെട്ടിയത്. 1998ലാണ് പേരൂര്‍ക്കട ജി.സി നഗറില്‍ നഗരസഭ 2.5 ഏക്കര്‍ വാങ്ങിയത്. ഒന്നര പതിറ്റാണ്ട് കാത്തിരുന്നിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധ ഭാഗമായി സ്ഥലംകൈയേറി കുടില്‍ കെട്ടിയത്. പ്രസ്തുത ഭൂമിയില്‍ വീടുകള്‍ നിര്‍മിച്ച് നല്‍കണമെന്ന അപേക്ഷയുമായി നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പിന്നാക്ക വിഭാഗക്കാര്‍ക്കായുള്ള പദ്ധതി നടപ്പാക്കാന്‍ ഉദ്യോഗസ്ഥ സമൂഹത്തിനോ ജനപ്രതിനിധികള്‍ക്കോ തെല്ലും താല്‍പര്യമില്ളെന്ന തിരിച്ചറിവാണ് വീടും പ്രതീക്ഷിച്ച് കാത്തിരുന്നവരെ സമരത്തിലേക്ക് നയിച്ചത്. അംബേദ്കര്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ, ബി.എസ്.പി (കാന്‍ഷിറാം വിഭാഗം) എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് നൂറോളം പേര്‍ അയ്യങ്കാളി ജന്മദിനത്തില്‍ നഗരസഭയുടെ ഭൂമിയില്‍ പ്രവേശിച്ച് കുടിലുകള്‍ കെട്ടുകയും സമരപ്രഖ്യാപനം നടത്തുകയും ചെയ്തത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുടിലുകളുടെ എണ്ണം വര്‍ധിക്കുകയായിരുന്നു, ഒപ്പം പ്രതിഷേധവും. ഞായറാഴ്ചയോടെ കുടിലുകള്‍ നിര്‍മിക്കാന്‍ സ്ഥലമില്ളെന്ന അവസ്ഥയായി. കാണാതെപോയ ജീവിതങ്ങള്‍ വസ്തു കൈയേറിയ സംഭവം ചൂണ്ടിക്കാട്ടി നഗരസഭാ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചിന് പേരൂര്‍ക്കട പൊലീസ് സ്ഥലത്തത്തെി സമരക്കാരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍, കനത്ത പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നത്. പ്രതിഷേധം കനത്തതോടെ പ്രദേശത്ത് കൂടുതല്‍ കുടിലുകള്‍ നിര്‍മിക്കരുതെന്ന ശാസനം മാത്രം നല്‍കി പൊലീസിന് തിരിച്ചുപോകേണ്ടിവന്നു. ഭവനരഹിതര്‍ക്ക് വീട് നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമരസമിതി നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി അന്നുതന്നെ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍, കലക്ടര്‍ സ്ഥലത്തേക്ക് തിരിഞ്ഞുനോക്കാന്‍പോലും സന്മനസ്സ് കാണിച്ചില്ളെന്ന് സമരക്കാര്‍ പറയുന്നു. പിന്നാക്ക ക്ഷേമ മന്ത്രിയുടെ ഓഫിസില്‍ നല്‍കിയ അപേക്ഷയും ചുവപ്പുനാടയില്‍ കുടുങ്ങിയ മട്ടാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് ഭവനങ്ങള്‍ നിര്‍മിച്ച് നല്‍കണമെന്ന് മാത്രമാണ് സമരക്കാരുടെ ആവശ്യം. 17 വര്‍ഷം കാത്തിരുന്നിട്ടും പദ്ധതി നടപ്പാക്കാന്‍ നഗരസഭ തയാറാകാത്തതിനാലാണ് സമര പ്രഖ്യാപനം നടത്തിയതെന്ന് നേതാക്കള്‍ അറിയിച്ചു. അപര്യാപ്തതകള്‍ക്കിടയിലും തളരാതെ കനത്തമഴയും വെള്ളപ്പൊക്കവും അവഗണിച്ച് ദുഷ്കര ജീവിത സാഹചര്യം സഹിച്ചാണ് സമരം 25 ദിനരാത്രങ്ങള്‍ പിന്നിടുന്നത്. കുടിവെള്ളമോ പ്രാഥമികാവശ്യം നിറവേറ്റാനുള്ള സൗകര്യങ്ങളോ ഇവിടെയില്ല. അതിനാല്‍ രാത്രിയില്‍ സ്ത്രീകളും കുട്ടികളും സമരഭൂമിയില്‍നിന്ന് മടങ്ങി രാവിലെ തിരിച്ചത്തെുകയാണ് ചെയ്യുന്നത്. രാത്രിയില്‍ സമരസമിതി നേതാക്കളും പുരുഷന്മാരും കുടിലുകളില്‍തന്നെയുണ്ട്. സ്ത്രീകളും കുട്ടികളും വയോജനങ്ങളും രോഗികളും ഉള്‍പ്പെടെ 1000ത്തോളം പേരാണ് സമരരംഗത്തുള്ളത്. അതിനാല്‍, ആരോഗ്യ പ്രശ്നങ്ങള്‍ തലപൊക്കാനുള്ള സാധ്യതകളും ഏറെയാണ്. അര്‍ഹതപ്പെട്ട ഭൂമിയില്‍ വീടുവെച്ചുനല്‍കിയില്ളെങ്കില്‍ മരണം വരെ പോരാട്ടം തുടരുമെന്ന് സമരസമിതി ജനറല്‍ കണ്‍വീനറും അംബേദ്കര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്‍റുമായ പി. കമലാസനന്‍ പറഞ്ഞു. സമരം പൊളിക്കാനും ശ്രമം പ്രതിഷേധം ശക്തമായതോടെ നഗരസഭാ സെക്രട്ടറി സ്ഥലത്തത്തെുകയും വിവരങ്ങള്‍ അന്വേഷിച്ച് തിരിച്ചുപോവുകയും ചെയ്തു. സെപ്റ്റംബര്‍ മൂന്നിന് സമരസമിതി നേതാക്കളെ നഗരസഭാ മേയര്‍ ചര്‍ച്ചക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍, സമരത്തില്‍ പങ്കെടുക്കാന്‍ കൂട്ടാക്കാത്ത ചില പിന്നാക്ക വിഭാഗ സംഘടനാ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയത് സമരസമിതി നേതാക്കളില്‍ സംശയം ജനിപ്പിക്കുകയും ഇവര്‍ ചര്‍ച്ച ബഹിഷ്കരിക്കുകയുമായിരുന്നു. പാവപ്പെട്ടവരും നിര്‍ധനരുമായ പിന്നാക്കവിഭാഗക്കാരുടെ സമരത്തിന് തുരങ്കം വെക്കാന്‍ ഇതര പിന്നാക്ക വിഭാഗ സംഘടനകള്‍ ശ്രമിക്കുമ്പോള്‍ സമരം പൊളിച്ചടുക്കാന്‍ സി.പി.എം പ്രാദേശിക നേതൃത്വവും ഗൂഢാലോചന നടത്തുന്നതായി സമരസമിതി നേതാക്കള്‍ ആരോപിച്ചു. സമരത്തിനെതിരെ സി.പി.എം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂനിയന്‍ എന്നിവര്‍ നഗരസഭയില്‍ പരാതികള്‍ നല്‍കിയത് ഗൂഢാലോചനകള്‍ക്ക് തെളിവാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.