ട്രാന്‍സ് വുമന്‍ ജീവിതപ്പാത- ഫോട്ടോ ഡോക്യുമെന്‍ററി പ്രദര്‍ശനം

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡറുകളുടെ ജീവിതപ്പാത അടയാളപ്പെടുത്തുന്ന ‘ട്രാന്‍സ്’ ഫോട്ടോ ഡോക്യുമെന്‍ററി ചൊവ്വാഴ്ച പ്രദര്‍ശിപ്പിക്കും. പ്രസ്ക്ളബില്‍ നാലുമണിക്ക് മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. ജെന്‍ഡര്‍ ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ എ. രേവതി, തിയറ്റര്‍ ആര്‍ട്ടിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ എയ്ഞ്ചല്‍ ഗ്ളാഡി എന്നിവര്‍ പങ്കെടുക്കും. ട്രാന്‍സ്ജെന്‍ഡറുകളുടെ ജീവിതത്തില്‍നിന്ന് ചീന്തിയെടുത്ത ചിത്രങ്ങളാണ് ഫോട്ടോ ഡോക്യുമെന്‍ററിയിലുള്ളത്. നിശ്ചലഛായാഗ്രഹണത്തിനും സംഗീതത്തിനും പ്രാധാന്യം നല്‍കിയാണ് ഇത് തയാറാക്കിയിട്ടുള്ളത്. സമൂഹത്തിന്‍െറ മുഖ്യധാരയില്‍ ഇനിയും എത്താത്ത ഒരു വിഭാഗത്തെ പിന്തുടര്‍ന്ന് അവതരിപ്പിക്കാനുള്ള ശ്രമമാണിത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ഭിന്നലിംഗക്കാരുടെ അതിജീവനത്തിനായുള്ള പോരാട്ടചരിത്രം കൂടിയാണ് ഡോക്യുമെന്‍ററി. പരിഷ്കൃത സമൂഹത്തില്‍ അവര്‍ നേരിടുന്ന വെല്ലുവിളികള്‍, ജീവിതരീതി, വിദ്യാഭ്യാസം, ലൈംഗികത എന്നിവയിലൂടെയെല്ലാം കാമറ സഞ്ചരിക്കുന്നുണ്ട്. മാധ്യമം ന്യൂസ് ഫോട്ടോഗ്രാഫര്‍ പി. അഭിജിത്താണ് ഫോട്ടോ ഡോക്യുമെന്‍ററി തയാറാക്കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.