കോര്‍പറേഷന്‍ സംവരണവാര്‍ഡ് നറുക്കെടുപ്പ് 26ന്; നെഞ്ചിടിപ്പോടെ സ്ഥാനാര്‍ഥിമോഹികള്‍

തിരുവനന്തപുരം: കോര്‍പറേഷന്‍ തെരഞ്ഞടുപ്പില്‍ പട്ടികജാതി പുരുഷ-വനിതാ വാര്‍ഡുകള്‍ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് 26ന് നടക്കാനിരിക്കെ സ്ഥാനാര്‍ഥിമോഹികള്‍ ആശങ്കയില്‍. നറുക്കെടുപ്പിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ മുനിസിപ്പല്‍ ഡയറക്ടറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. നിലവിലെ പട്ടികജാതി സംവരണ വാര്‍ഡുകള്‍ ഒഴിവാക്കിയാണ് നറുക്കെടുപ്പ് നടത്തുക. 100 വാര്‍ഡുള്ള നഗരസഭയില്‍ 50 പുരുഷ ജനറല്‍ വാര്‍ഡുകളും 50 വനിതാ വാര്‍ഡുകളുമാണുള്ളത്. നിലവിലെ ജനറല്‍ വാര്‍ഡുകള്‍ വനിതാ വാര്‍ഡുകളാകും. വനിതാ വാര്‍ഡുകള്‍ ജനറല്‍ വാര്‍ഡുകളും. ജനറല്‍ വാര്‍ഡില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് പട്ടികജാതിക്കാര്‍ക്കുള്ള അഞ്ച് പുരുഷ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നത്. 50 വനിതാ വാര്‍ഡില്‍നിന്ന് അഞ്ച് പട്ടികജാതി വനിതാ വാര്‍ഡുകളും നിശ്ചയിക്കും. ഇപ്പോഴത്തെ ജനറല്‍ വാര്‍ഡുകളില്‍ ഏതൊക്കെ പട്ടികജാതി വാര്‍ഡുകളായിത്തീരുമെന്ന് ഒരു രൂപവുമില്ല. ഇതാണ് ജനറല്‍ വിഭാഗത്തില്‍നിന്ന് സ്ഥാനാര്‍ഥികളാകാന്‍ മോഹിക്കുന്നവരുടെ ഉറക്കം കെടുത്തുന്നത്. ശംഖുംമുഖം (ജി. ലതാമങ്കേഷ്കര്‍ -സി.പി.ഐ), ഉഷാ സതീഷ് (ചാല -സി.പി.ഐ), കഴക്കൂട്ടം (ആര്‍. ശ്രീരേഖ -കോണ്‍.), വലിയവിള (എന്‍. രാധ -സി.പി.എം), കൊടുങ്ങാനൂര്‍ (ജി.എസ്. ഷീന -കോണ്‍.) എന്നിവയാണ് ഇപ്പോഴത്തെ പട്ടികജാതി വനിതാ സംവരണ വാര്‍ഡുകള്‍. ആറ്റുകാല്‍ (സി. ജയന്‍ -സി.പി.എം), കോട്ടപ്പുറം (സദാനന്ദന്‍ തായ് -കോണ്‍.), കാലടി (കെ. കൃഷ്ണന്‍കുട്ടി -കോണ്‍.), മെഡിക്കല്‍ കോളജ് (ജി.എസ്. ശ്രീകുമാര്‍ -കോണ്‍. ), ചെമ്പഴന്തി (ആലംകോട് സുരേന്ദ്രന്‍ -കോണ്‍.) എന്നിവ പട്ടികജാതി പുരുഷ വാര്‍ഡുകളും. ഇതിനിടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.സി.പി.എം സംസ്ഥാന സമിതി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് മാനദണ്ഡം ഇറക്കിയിട്ടുണ്ട്. മൂന്നുതവണ തുടര്‍ച്ചയായി മത്സരിക്കുകയും രണ്ടുതവണയെങ്കിലും ജയിക്കുകയും ചെയ്തവരെ നിര്‍ത്തേണ്ടതില്ളെന്നാണ് തീരുമാനം. ലോക്കല്‍ കമ്മിറ്റി, ഏരിയാ കമ്മിറ്റി സെക്രട്ടറിമാരും നില്‍ക്കരുത്. എന്നാല്‍, ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തില്‍ ഇവരെ നിര്‍ത്താന്‍ ജില്ലാ കമ്മിറ്റിക്ക് തീരുമാനിക്കാം. അതിനായി ഇവര്‍ സ്ഥാനമൊഴിയണം. കെ.പി.സി.സി നേതൃയോഗം തദ്ദേശതെരഞ്ഞെടുപ്പ് സമീപനമെടുത്തിട്ടുണ്ട്. ഇത്തവണ നഗരഭരണം പിടിക്കണമെന്ന വാശിയിലാണ് കോണ്‍ഗ്രസ് നേതൃത്വം. എല്‍.ഡി.എഫ് ഭരണത്തിനെതിരെയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിച്ചു. നിലവില്‍ ബി.ജെ.പിക്ക് ആറ് വാര്‍ഡാണുള്ളത്. ഇതിലൊന്ന് (ജഗതി) വനിതാ വാര്‍ഡാണ്. ഭരണം പിടിക്കാനുള്ള പുറപ്പാടിന്‍െറ ഭാഗമായി പാര്‍ട്ടി അഖിലേന്ത്യ പ്രസിഡന്‍റ് അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടവും ഈ തെരഞ്ഞെടുപ്പിനുണ്ട്. 100 വാര്‍ഡിലേക്കും മത്സരിക്കുന്ന ബി.ജെ.പി 50 ശതമാനം സീറ്റ് വനിതകള്‍ക്കായി മാറ്റും. ഒരു പട്ടികജാതി, ഒരു ജനറല്‍, ഒരു വനിത എന്ന കണക്കിന് 100 വാര്‍ഡിലേക്കുമുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയും തയാറായിട്ടുണ്ട്. നിലവിലെ 100 കൗണ്‍സിലര്‍മാരില്‍ ഇടതുമുന്നണിക്ക് 51ഉം, യു.ഡി.എഫിന് 43 ഉം ബി.ജെ.പിക്ക് ആറുമാണുള്ളത്. ഇടതു-വലത് മുന്നണികളിലെ നല്ളൊരു പങ്ക് കൗണ്‍സിലര്‍മാരും ഒരുതവണ മാത്രം ജയിച്ചിട്ടുള്ളവരാണ്. ഇവരെയാണ് പട്ടികജാതി നറുക്കെടുപ്പ് അലട്ടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.