ഇലകമണ്‍ കായല്‍പ്പുറം ആയുര്‍വേദ ഗ്ളോബല്‍ വില്ളേജാവും

വര്‍ക്കല: സൗന്ദര്യത്തിന്‍െറ മോഹനക്കാഴ്ചകളൊരുക്കുന്ന ഭൂപ്രകൃതിയും സര്‍ക്കാറിന്‍െറ കനിവും ചേര്‍ന്നപ്പോള്‍ ഇലകമണ്‍ ഗ്രാമപഞ്ചായത്തിന് ബംബറടിച്ചു. പഞ്ചായത്തിലെ കായല്‍പ്പുറം പ്രദേശം ആയുര്‍വേദ വില്ളേജാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. മേഖലയുടെ ടൂറിസം സാധ്യതകളെ സര്‍ക്കാര്‍ പരിഗണിക്കുകയായിരുന്നു. വ്യാപിച്ചു കിടക്കുന്ന കണ്ടല്‍-ശ്രേണിയും അതിവിശാല ഹരിതതീരവുമാണ് കായല്‍പ്പുറത്തിന്‍െറ പ്രത്യേകതകള്‍. ടൂറിസം, ആരോഗ്യം വകുപ്പുകളുടെ വിദഗ്ധ സംഘം നല്‍കിയ സാധ്യത പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മേഖലയെ പദ്ധതിക്കായി തെരഞ്ഞെടുത്തത്. ജില്ലയില്‍ ഇലകമണ്‍, തോന്നയ്ക്കല്‍ എന്നീ രണ്ട് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. തോന്നയ്ക്കലില്‍ ചെമ്പകമംഗലത്താണ് പദ്ധതി വരുന്നത്. 120 കോടി രൂപ ചെലവിട്ടാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. വ്യവസായ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ നോഡല്‍ ഏജന്‍സിയായ കിന്‍ഫ്രക്കാണ് നിര്‍വഹണച്ചുമതല. 63 ഏക്കറാണ് ആയുര്‍വേദ വില്ളേജിനായി തെരഞ്ഞെടുത്തത്. ഭൂ സര്‍വേകള്‍ ഉള്‍പ്പെടെ പ്രാരംഭ നടപടിളെല്ലാം പൂര്‍ത്തിയായി വരുന്നതായി അധികൃതര്‍ അറിയിച്ചു. പൊതുജന പങ്കാളിത്തത്തോടെയാകും പദ്ധതി നടപ്പാക്കുക. ആയുര്‍വേദ വെല്‍നെസ് സെന്‍റര്‍, ഫിസിക്കല്‍ ഫിറ്റ്നസ് സെന്‍റര്‍, യോഗ സെന്‍റര്‍, സ്യൂട്ടുകള്‍ എന്നിവയൊക്കെ അന്താരാഷ്ട്ര നിലവാരത്തില്‍ സജ്ജീകരിച്ചുകൊണ്ടാകും പദ്ധതി പൂര്‍ത്തിയാക്കുക. പദ്ധതി നടപ്പാക്കുവാനായി പഞ്ചായത്ത് അധികൃതര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഏഴ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കായല്‍ത്തീരവും അനുബന്ധ പ്രദേശങ്ങളും പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും. പദ്ധതി നടപ്പാകുന്നതോടെ ചെലവ് കുറഞ്ഞ ആയുര്‍വേദ ചികിത്സാ വിധികള്‍ ലഭിക്കും. ഒൗഷധ സസ്യ പരിപാലനം, ആയുര്‍വേദ മരുന്നുകളുടെ ഉല്‍പാദനം എന്നിവയും പദ്ധതിയുടെ ഭാഗമാണ്. പ്രദേശ വാസികള്‍ക്ക് തൊഴിലവസരങ്ങളും പ്രത്യക്ഷവും പരോക്ഷവുമായി പദ്ധതി വഴി ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.