മാമം നാളികേര കോംപ്ളക്സ് വീണ്ടും പ്രവര്‍ത്തനമാരംഭിക്കുന്നു

ആറ്റിങ്ങല്‍: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ മാമം നാളികേര കോംപ്ളക്സ് വീണ്ടും പ്രവര്‍ത്തനമാരംഭിക്കുന്നു. നാളികേര കോര്‍പറേഷന് കീഴിലാണ് വ്യവസായികാടിസ്ഥാനത്തില്‍ ഉല്‍പാദനം ആരംഭിക്കുന്നത്. വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ നിര്‍മാണമാണ് ലക്ഷ്യം. മൂന്ന് പതിറ്റാണ്ടുമുമ്പാണ് അഴിമതിയിലും കെടുകാര്യസ്ഥതയിലും പെട്ട് നാളികേര വികസന കോര്‍പറേഷന്‍ പൂട്ടിപ്പോയത്. കോര്‍പറേഷന്‍െറ പ്രധാന ഉല്‍പാദനകേന്ദ്രമായിരുന്നു മാമം കോംപ്ളക്സ്. അഞ്ചേക്കറോളം വരുന്ന ഭൂമിയില്‍ നിരവധി മെഷിനറികളും എണ്ണ ഉല്‍പാദന യൂനിറ്റുകളും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ പ്രധാന ഷെഡിനെയും ഓഫിസ് സമുച്ചയങ്ങളെയും നവീകരിച്ചാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. കേന്ദ്രസര്‍ക്കാറിന്‍െറ ധനസഹായവുമുണ്ട്. രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നാളികേര വ്യവസായത്തെ പ്രോത്സാഹിപ്പിക്കാന്‍ ഉതകുന്നതരത്തില്‍ കോര്‍പറേഷന് പുതുജീവന്‍ പകരുന്നത്. പുനരുജ്ജീവനവുമായി ബന്ധപ്പെട്ട ് നിരവധി അഴിമതി ആരോപണങ്ങളും സ്വജനപക്ഷപാതവും വഴിവിട്ട നിയമനങ്ങളും ഇതിനെ തുടര്‍ന്നുള്ള സമരങ്ങളും ഉണ്ടായിരുന്നു. കോംപ്ളക്സിന് മുന്നില്‍ ദിവസങ്ങളോളം സമരം നടന്നു. ഇതിനിടയിലാണ് കോര്‍പറേഷന്‍ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി തയാറാക്കിയതും നടപ്പിലാക്കുന്നതും. കൊഴുപ്പ് കുറഞ്ഞതും ഒൗഷധ ഗുണമുള്ളതുമായ ഈ എണ്ണക്ക് മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍റാണുള്ളത്. ഇത് വ്യവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ ഉതകുന്ന സംവിധാനങ്ങള്‍ മാമത്ത് ഒരുക്കിയിട്ടുണ്ട്. പ്രതിദിനം ഇരുപത്തിഅയ്യായിരം നാളികേരം ഉപയോഗിച്ച് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. കൂടാതെ തെങ്ങില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണവും ഘട്ടം ഘട്ടമായി ആരംഭിക്കും. സാധാരണ വെളിച്ചെണ്ണ നിര്‍മാണം, ചിരട്ടപ്പൊടി നിര്‍മാണം, ലഘുപാനീയ നിര്‍മാണം, ചകിരിയില്‍നിന്ന് പെയ്ന്‍റ് നിര്‍മാണം എന്നിവയാണിവ. യൂനിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാകുന്ന മുറയ്ക്ക് കോംപ്ളക്സിന്‍െറ പഴയ പ്രതാപം വീണ്ടെടുക്കാനാകും. ഓയില്‍ നിര്‍മാണത്തിനുള്ള മെഷീനറികളെല്ലാം പ്ളാന്‍റിനുള്ളില്‍ സ്ഥാപിച്ചുകഴിഞ്ഞു. കെട്ടിടത്തിന്‍െറ അവസാനവട്ട മിനുക്കുപണികള്‍ നടന്നുവരുന്നു. 16ന് കൃഷിമന്ത്രി കെ.പി. മോഹനന്‍ കോംപ്ളക്സ് ഉദ്ഘാടനം ചെയ്യും. പൂട്ടിക്കിടന്ന കോര്‍പറേഷനെ കേരഫെഡിനെ കൊണ്ട് ഏറ്റെടുപ്പിക്കുവാന്‍ മുന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നു. ആസ്തി ബാധ്യതകള്‍ തിട്ടപ്പെടുത്തിയപ്പോള്‍ നിയമാനുസരണം കേരഫെഡിന് കോര്‍പറേഷനെ ഏറ്റെടുക്കാന്‍ കഴിയില്ളെന്നും എന്നാല്‍ പുനരുജ്ജീവന സാധ്യതയുണ്ടെന്നും വ്യക്തമായി. ഇതിനകം കേരഫെഡ് ഇവിടെ നാളികേര സംഭരണകേന്ദ്രം ആരംഭിച്ചിരുന്നു. മാത്രമല്ല മുന്‍ സര്‍ക്കാറിന്‍െറ അവസാനകാലം പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ തെങ്ങിന്‍ തടിയില്‍നിന്ന് ഫര്‍ണിച്ചര്‍ ഉണ്ടാക്കുന്ന കമ്പനിക്ക് രൂപം നല്‍കിയിരുന്നു. എന്നാല്‍, കോര്‍പറേഷന്‍ ലിക്യുഡേറ്റ് ചെയ്യുന്നതിന് തടസ്സങ്ങളുണ്ടായതോടെ മാറി വന്ന സര്‍ക്കാര്‍ പഴയ കോര്‍പറേഷനെ പുനരുജ്ജീവിപ്പിക്കുകയായിരുന്നു. മാമത്തെ അഞ്ചേക്കര്‍ വസ്തുവിന് പുറമെ തിരുവങ്ങൂരില്‍ പത്തേക്കറും ഏലത്തൂരില്‍ ഒന്നര ഏക്കറും ഇടപ്പള്ളിയില്‍ മൂന്നര ഏക്കറും വസ്തു ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.