‘സര്‍ക്കിളില്ലാതെ’ പോത്തന്‍കോട് സര്‍ക്ക്ള്‍

കഴക്കൂട്ടം: പോത്തന്‍കോട്ട് സര്‍ക്ക്ള്‍ ഓഫിസ് വന്നതോടെ പ്രദേശവാസികളുടെ ദീര്‍ഘകാല അഭിലാഷം പൂവണിഞ്ഞു. എന്നാല്‍ ഓഫിസ് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും അധികാരിമാത്രം വന്നില്ല. പ്രഖ്യാപന ഉത്തരവിറങ്ങി ഒരുമാസം പിന്നിട്ടിട്ടാണ് സി.ഐ ഓഫിസ് ഉദ്ഘാടനം നടത്തിയത്. ഇപ്പോള്‍ വെഞ്ഞാറമൂട് സര്‍ക്കിളിന് പോത്തന്‍കോട് സര്‍ക്ക്ള്‍ ഓഫിസിന്‍െറ ചാര്‍ജ് നല്‍കിയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. തദ്ദേശ സ്വയഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തകൃതിയായി ഉദ്ഘാടനം നടത്തുകയായിരുന്നുവെന്ന് വിവിധ കോണുകളില്‍നിന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സി.ഐയെ നിയമിക്കാത്തതിനുപിന്നില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിനാല്‍ സ്ഥലംമാറ്റങ്ങള്‍ക്കുള്ള തെരഞ്ഞെടുപ്പ് കമീഷന്‍െറ വിലക്കാണ് അധികൃതര്‍ ഉയര്‍ത്തിക്കാട്ടുന്നത്. അതേസമയം 12 പോസ്റ്റുകള്‍ അനുവദിച്ച് ഉത്തരവിറങ്ങിയത് ഉദ്ഘാടനത്തിന്‍െറ തലേദിവസമായ 29നാണ്. ഇതേ ഉത്തരവില്‍തന്നെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനും തുമ്പ പൊലീസ് സ്റ്റേഷനും ചേര്‍ന്ന് ടെക്നോപാര്‍ക് സര്‍ക്കിളാകും എന്നും പറയുന്നു. എന്നാല്‍ ഇതിന്‍െറ ആസ്ഥാനമടക്കമുള്ള കാര്യങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നു. വട്ടപ്പാറ, പോത്തന്‍കോട് സ്റ്റേഷനുകളെ ഉള്‍പ്പെടുത്തി പോത്തന്‍കോട് സര്‍ക്കിളെന്നും കഴക്കൂട്ടം സര്‍ക്ക്ള്‍ പരിധിയില്‍ ഉണ്ടായിരുന്ന മംഗലപുരത്തെ ആറ്റിങ്ങല്‍ സര്‍ക്കിളിനോട് യോജിപ്പിച്ചും കഠിനംകുളത്തെ കടക്കാവൂര്‍ സര്‍ക്കിളിനോടും യോജിപ്പിച്ചാണ് പരിഷ്കരിച്ചിരിക്കുന്നത്. കഴക്കൂട്ടം ഇനിമുതല്‍ സിറ്റി പൊലീസ് പരിധിയിലാണ്. ഇതുസംബന്ധിച്ച മാറ്റങ്ങളടങ്ങിയ ഉത്തരവിറങ്ങിയത് 30ന് വൈകിയാണ്. ഒക്ടോബര്‍ ഒന്നുമുതല്‍ മാറ്റങ്ങളുമായി. ഉത്തരവിറങ്ങിയതിനെ തുടര്‍ന്ന് തകൃതിയായി സംവിധാനങ്ങളെല്ലം ബുധനാഴ്ച രാത്രി തന്നെ മാറ്റാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. കഴക്കൂട്ടം സര്‍ക്കിളിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന തിരുവനന്തപുരം റൂറല്‍ കണ്‍ട്രോള്‍ റൂം, വനിതാ ഹെല്‍പ്ലൈന്‍, ഹൈവേ പൊലീസ് എന്നിവ വ്യാഴാഴാഴ്ച മുതല്‍ മംഗലപുരം സ്റ്റേഷനിലേക്ക് മാറ്റി. യാതൊരു മുന്‍കരുതലുകള്‍ക്കും സമയം നല്‍കാതെ മാറ്റങ്ങള്‍ വരുത്താന്‍ ഉത്തരവിറക്കിയതില്‍ പൊലീസിലെ ഒരു വിഭാഗം കടുത്ത അമര്‍ഷത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.