പ്രതീകാത്മക ചിത്രം

ആദിവാസികളുടെ വോട്ട്; പൊലീസ് സംരക്ഷണയില്‍ പോളിങ് ഉദ്യോഗസ്ഥര്‍ അഗസ്ത്യവനത്തിൽ

കാട്ടാക്കട: ആദിവാസികളുടെ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ തോക്കേന്തിയ പൊലീസിന്‍റെ സംരക്ഷണയില്‍ പോളിങ് ഉദ്യോഗസ്ഥര്‍ അഗസ്ത്യവനത്തിൽ. ചാറ്റല്‍ മഴയും തണുപ്പും വകവെക്കാതെ പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച വൈകിട്ടോടെയാണ് വനത്തിനുള്ളിലെത്തിയത്. കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ അഗസ്ത്യവനത്തിലെ 18 സെറ്റില്‍മെന്‍റുകളിലായി താമസിക്കുന്ന എഴുന്നൂറ്റിഅമ്പതോളം ആദിവാസികളുടെ പോളിങ് സ്റ്റേഷനാണ് അഗസ്ത്യവനത്തിലെ പൊടിയം സാംസ്കാരിക നിലയം.

അഗസ്ത്യവനത്തിലെ ചോനംപാറ വാര്‍ഡിലെ ഒരു പ്രദേശത്തെ വോട്ടർമാരുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായാണ് പൊലീസ് ഉള്‍പ്പെടെയുള്ള അഞ്ചംഗസംഘം തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ അഗസ്ത്യവനം സെറ്റില്‍മെന്‍റിലെ പൊടിയം സാംസ്കാരിക നിലയം പോളിങ് സ്റ്റേഷനിലെത്തിയത്. വെള്ളനാട് സ്കൂളില്‍ നിന്നും വോട്ടിങ് മെഷീനും പോളിങ് സാധനങ്ങളുമായി ഉദ്യോഗസ്ഥര്‍ പ്രത്യേക ജീപ്പിലാണ് എത്തിയത്. കാട്ടിലൂടെയുള്ള യാത്രയില്‍ കാനനഭംഗി ആസ്വദിച്ചും വന്യമൃഗങ്ങളെ കണ്ടുമാണ് പൊടിയത്ത് എത്തിചേര്‍ന്നത്. പൊടിയത്തെത്തിയ ഉദ്യോഗസ്ഥര്‍ ചെറിയ മഴയും തണുപ്പും വകവെക്കാതെ തെരഞ്ഞെടുപ്പ് ജോലികള്‍ തുടങ്ങി.

ഉള്‍വനത്തിലെ ബൂത്ത് കണ്ട ഉദ്യോഗസ്ഥരുടെ മുഖത്ത് രാത്രിയിലെ താമസവും മറ്റ് സൗകര്യങ്ങളെ കുറിച്ചുമുള്ള ആവലാതി പ്രകടമായിരുന്നു. വനത്തിനുള്ളിലെ വോട്ടർമാരുടെ വോട്ടുകള്‍ പെട്ടിയിലാക്കാനെത്തിയ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വിശപ്പകറ്റാന്‍ പുറംനാട്ടില്‍ നിന്നും കാടുകയറുന്നവര്‍ കനിയേണ്ടിവരും. വനത്തിനുള്ളിലെ പോളിങ് സ്റ്റേഷന് സമീപത്തൊന്നും പെട്ടിക്കടകളോ തട്ടുകടകളോ ഒന്നുമില്ല. കട്ടന്‍ ചായകുടിക്കണമെങ്കിലും പത്തിലേറെ കിലോമീറ്റര്‍ താണ്ടണം.

അഗസ്ത്യ വനത്തിലെ അണകാല്‍, പാറ്റാംപാറ സെറ്റില്‍മെന്‍റുകളിലെ വോട്ടര്‍മ്മാര്‍ക്ക് രണ്ടുമുതല്‍ മൂന്ന് മണിക്കൂര്‍ വനത്തിലൂടെ കാല്‍നടയാത്ര ചെയ്താലേ പൊടിയം കമ്യൂണിറ്റിഹാളിലെ പോളിങ് സ്റ്റേഷനില്‍ വോട്ട് ചെയ്യാൻ എത്തിച്ചേരാനാകൂ. പാറ്റംപാറ സെറ്റില്‍മെന്‍റില്‍ നിന്നും പൊടിയത്ത് എത്താന്‍ 15 കിലോമീറ്ററോളം യാത്രചെയ്യണം. ആമല ഊരിലെ കാണിക്കാര്‍ക്കും പൊടിയത്തെ പോളിങ് സ്റ്റേഷനില്‍ എത്താന്‍ ഇത്രയുംദൂരം താണ്ടണം. വാഹന സൗകര്യം ഇല്ലാത്തതിനാല്‍ പൊടിയം, ആമല സെറ്റില്‍മെറ്റിലെ ആദിവാസി വോട്ടര്‍മ്മാര്‍ വോട്ട് ചെയ്യിക്കാന്‍ വളരെയേരെ ബുദ്ധിമുട്ടാണെന്നാണ് സ്ഥാനാർഥികള്‍ പറയുന്നത്.

വാലിപ്പാറ, മാങ്കോട്, അരിയാവിള, ചോനംപാറ, കൈതോട്, അണകാല്‍,പാറ്റാംപാറ, പൊടിയം, പ്ലാത്ത്,എറുമ്പിയാട്, മുക്കോത്തിവയൽ സെന്‍റില്‍മെന്‍റുകളിലായിലുള്ളവരാണ് കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ ചോനംപാറ വാര്‍ഡിലുള്ളത്. മുന്‍കാലങ്ങളില്‍ വോട്ടെടുപ്പിന്‍റെ താലേനാള്‍ മുതല്‍ തന്നെ കാടിറങ്ങി ബൂത്തില്‍ അതിരാവിലെ എത്തി വോട്ട് രേഖപ്പെടുത്തി മടങ്ങുമായിരുന്നു. എസ്.ടി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ചോനംപാറ വാര്‍ഡില്‍ അഗസ്ത്യവനത്തിലെ താമസക്കാരായ മുൻ പഞ്ചായത്തംഗം കോൺഗ്രസിലെ സുരേഷ് മിത്ര, മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം സി.പി.എമ്മിലെ ടി.രമേശ്, ബി.ജെ.പി നേതാവ് വ്ളാവിള സുരേഷ് എന്നിവരാണ് മത്സര രംഗത്തുള്ളത്.

Tags:    
News Summary - Tribals vote; Polling officials under police protection in Agasthyavanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.