വിളപ്പില്‍ശാലയുടെ കഥ, പൂങ്കാവനത്തിന്‍െറയും

വിളപ്പില്‍ശാല: മനോഹരമായ ഒരു നാടിനെ നഗരത്തിന്‍െറ കുപ്പത്തൊട്ടിയാക്കിയ കഥയാണ് വിളപ്പില്‍ശാലയുടേത്. ആ ദുരിതത്തില്‍ നിന്നുള്ള മോചനത്തിന് നാട്ടുകാര്‍ കൈമെയ് മറന്ന് പോരാടി ഒടുവില്‍ വിജയം കൈപ്പിടിയിലൊതുക്കിയത് പക്ഷേ രാഷ്ട്രീയക്കാരെ അകറ്റിനിര്‍ത്തിയും. മൂന്നാര്‍ സമരത്തോടെ നാട്ടിലെ രാഷ്ട്രീയക്കാരുടെ നിലനില്‍പ് തന്നെ അനിശ്ചിതത്വത്തിലാകുമ്പോള്‍ ഇവര്‍ പറയുന്നു, കക്ഷിരാഷ്ട്രീയമല്ല ജനങ്ങളാണ് വലുതെന്ന്. ചോര ചിന്താതെ നേടിയ വിളപ്പില്‍ശാലക്കാരുടെ വീരസമരത്തിന്‍െറ നാള്‍വഴികളിലൂടെ. 1994ലാണ് തിരുവനന്തപുരം കോര്‍പറേഷന്‍ വിളപ്പില്‍ശാല പഞ്ചായത്തിലെ കണികാണുംപാറയില്‍ ഒൗഷധപൂന്തോട്ടം നിര്‍മിക്കാനെന്ന് പറഞ്ഞ് ഒമ്പത് ഏക്കര്‍ ഭൂമി വാങ്ങുന്നത്. രാജഭരണകാലത്ത് കണികാണും പാറയിലത്തെി രാജകുടുംബാംഗങ്ങള്‍ നഗരത്തിന്‍െറ ദൃശ്യചാരുത ആസ്വദിച്ചിരുന്നു. ഈ സ്ഥലത്തിന് അന്ന് പൂങ്കാവനം എന്നായിരുന്നു പേര്. കണികാണും പാറയില്‍നിന്ന് നോക്കിയാല്‍ തിരുവനന്തപുരം നഗരം ഏതാണ്ട് പൂര്‍ണമായും കാണാം. അത്ര മനോഹരമായിരുന്ന സ്ഥലം പിന്നീട് കോര്‍പറേഷന്‍ വഴി നഗരത്തിന്‍െറ കുപ്പത്തൊട്ടിയായി പരിണമിക്കുകയായിരുന്നു. 1999ല്‍ ചവര്‍ ഫാക്ടറി സ്ഥാപിച്ചു. 2000 ജൂലൈ 24ന് മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ഉദ്ഘാടനം ചെയ്തു. പ്ളാന്‍റിനുള്ള യന്ത്രങ്ങള്‍ ഇറക്കിയതുമുതല്‍ നാട്ടുകാര്‍ പ്രത്യക്ഷസമരവുമായി രംഗത്തത്തെിയിരുന്നെങ്കിലും രാഷ്ട്രീയക്കാരുടെ ഇടപെടല്‍ കാര്യങ്ങള്‍ കുഴച്ചുമറിച്ചു. ആദ്യമൊക്കെ പ്രശ്നങ്ങള്‍ അത്ര വലുതായിരുന്നില്ല. എന്നാല്‍, പ്ളാന്‍റില്‍ മാലിന്യം കൂടുതലത്തെിത്തുടങ്ങുകയും അത് വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാതെ മണ്ണിട്ട് മൂടുകയും ചെയ്തതോടെ ദുര്‍ഗന്ധം പ്രദേശത്തെ വിഴുങ്ങി. ത്വഗ്രോഗങ്ങളും അതിസാരവും എന്തിന് നാട്ടുകാര്‍ക്ക് മറ്റുള്ളവര്‍ പെണ്ണ് കൊടുക്കാനോ എടുക്കാനോ പോലും തയാറാകാതെ അഭിമാനപ്രശ്നം കൂടിയായതോടെ വിളപ്പില്‍ശാലക്കാര്‍ തങ്ങള്‍ അകപ്പെട്ടിരിക്കുന്ന വിപത്തിന്‍െറ ആഴം തിരിച്ചറിയുകയായിരുന്നു. അവിടെനിന്ന് അവര്‍ നിലനില്‍പിനായി ഒരുമിച്ചു. ചവര്‍ ഫാക്ടറി തുറന്ന് പ്രവര്‍ത്തിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കണമെന്ന് ഹൈകോടതിയും പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടിവന്നാല്‍ പട്ടാളത്തിന്‍െറ സേവനം തേടാമെന്ന് സുപ്രീംകോടതിയും പറഞ്ഞിട്ടും ഇവര്‍ പിന്നോട്ട് പോയില്ല. ആദ്യം ചവര്‍ ഫാക്ടറിയിലേക്ക് തിരിയുന്ന നെടുങ്കുഴിയില്‍ ജനകീയസമിതിയും പിന്നീട് വിളപ്പില്‍ശാല ക്ഷേത്രം ജങ്ഷനില്‍ സംയുക്ത സമരസമിതിയും രൂപപ്പെടുകയായിരുന്നു. പോരാട്ടത്തിനൊടുവില്‍ സര്‍ക്കാര്‍ തന്നെ ഫാക്ടറി അടച്ചുപൂട്ടുന്നു എന്ന് സമ്മതിക്കുന്നിടത്താണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.