28 വാര്‍ഡുകള്‍ കൂടി സമ്പൂര്‍ണ ശുചിത്വത്തിലേക്ക്

തിരുവനന്തപുരം: പെരുമാറ്റച്ചട്ടം വരുംമുമ്പ് കൊണ്ടുപിടിച്ചുനടക്കുന്ന ഉദ്ഘാടനങ്ങള്‍ക്കിടെ കോര്‍പറേഷന്‍ 28 വാര്‍ഡുകളെക്കൂടി സമ്പൂര്‍ണ ശുചിത്വ വാര്‍ഡുകളായി പ്രഖ്യാപിച്ചു. എന്നാല്‍, തങ്ങളുടെ വാര്‍ഡുകള്‍ ശുചിത്വ വാര്‍ഡായി പ്രഖ്യാപിക്കുന്നത് തലേദിവസം രാത്രിയാണ് അറിഞ്ഞതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. പല പ്രതിപക്ഷ കൗണ്‍സിലര്‍മാരെയും പ്രഖ്യാപന ചടങ്ങില്‍ പങ്കെടുപ്പിച്ചില്ളെന്നും ആരോപണമുണ്ട്. വീടുകളില്‍ ഉറവിടമാലിന്യ സംസ്കരണ സംവിധാനവും വാര്‍ഡില്‍ കുറഞ്ഞത് ഒന്ന് എന്ന ക്രമത്തില്‍ പൊതുമാലിന്യ സംസ്കരണ സംവിധാനവും വേണമെന്നതാണ് സമ്പൂര്‍ണ ശുചിത്വ വാര്‍ഡ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെടാന്‍ വേണ്ട മാനദണ്ഡം. എന്നാല്‍, ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍പോലും ഇതൊന്നും സ്ഥാപിക്കാതെയാണത്രേ പ്രഖ്യാപനം. എന്നാല്‍, സാങ്കേതിക സമിതിയുടെ അനുമതി കിട്ടിയ വാര്‍ഡുകളെയാണ് പ്രഖ്യാപനത്തില്‍ ഉള്‍ക്കൊള്ളിച്ചതെന്നും ചൊവ്വാഴ്ച വൈകീട്ടാണ് പട്ടിക കൈമാറിയതെന്നുമാണ് മേയറുടെ വിശദീകരണം. മുമ്പ് പ്രഖ്യാപിച്ച 23 വാര്‍ഡുകള്‍ക്ക് പുറമെ 28 വാര്‍ഡുകൂടി സമ്പൂര്‍ണ ശുചിത്വ വാര്‍ഡുകളില്‍ ഉള്‍പ്പെടുത്തിയുള്ള പ്രഖ്യാപനം നടത്തിയത് വ്യാഴാഴ്ച രാവിലെയാണ്. കുടപ്പനക്കുന്ന്, പാതിരപ്പള്ളി, കഴക്കൂട്ടം, ചന്തവിള, ഞാണ്ടൂര്‍ക്കോണം, പൗഡിക്കോണം, വാഴോട്ടുകോണം, ചെല്ലമംഗലം, പേട്ട, ആറ്റുകാല്‍, മണക്കാട്, കുര്യാത്തി, കാലടി, നന്തന്‍കോട്, മെഡിക്കല്‍കോളജ്, കണ്ണമ്മൂല, പൂങ്കുളം, പുഞ്ചക്കരി, കമലേശ്വരം, ശ്രീവരാഹം, അണമുഖം, കരിക്കകം, കടകംപള്ളി, ആറ്റിപ്ര, ചെറുവയ്ക്കല്‍, വാഴോട്ടുകോണം, കാച്ചാണി, പി.ടി.പി നഗര്‍, പാപ്പനംകോട് എന്നിവയാണ് പ്രഖ്യാപിച്ചത്. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് വാര്‍ഡുകളുടെ പ്രഖ്യാപനം നടത്തി. മേയര്‍ കെ. ചന്ദ്രിക അധ്യക്ഷത വഹിച്ചു. ഡോ. തോമസ് ഐസക് എം.എല്‍.എ, വി. ശിവന്‍കുട്ടി എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ ജി. ഹാപ്പികുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ എസ്. പുഷ്പലത, ഷാജിത നാസര്‍, പാളയം രാജന്‍, കെ.എസ്. ഷീല, ബി.ജെ.പി നേതാവ് പി. അശോക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.