ലോക് അദാലത് : ജില്ലയില്‍ 40944 കേസുകള്‍ പരിഗണിക്കും

തിരുവനന്തപുരം: ദേശീയ ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ നിര്‍ദേശാനുസരണം രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ലോക് അദാലത്തിന്‍െറ ഭാഗമായി ജില്ലയില്‍ നാല് കേന്ദ്രങ്ങളിലെ 67 ബൂത്തിലായി 40944 കേസുകള്‍ പരിഗണിക്കും. ഇത് മൂന്നാം തവണയാണ് ദേശീയ അടിസ്ഥാനത്തില്‍ രാജ്യത്താകമാനം അദാലത് ഒരേ ദിവസം സംഘടിപ്പിക്കുന്നത്. വഞ്ചിയൂര്‍, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, നെടുമങ്ങാട് കേന്ദ്രങ്ങളിലായി 13 ഇനം കേസാണ് അദാലത്തില്‍ പരിഗണിക്കുന്നത്. ബാങ്ക്, റവന്യൂ, ഭൂമി ഏറ്റെടുപ്പ്, തൊഴില്‍ തര്‍ക്കങ്ങള്‍, സിവില്‍-ക്രിമിനല്‍ കേസുകള്‍, മോട്ടോര്‍ വാഹനാപകട ക്കേസുകള്‍ എന്നിവ ഉള്‍പ്പെടും. ഭൂമി ഏറ്റെടുപ്പ് കേസുകളില്‍ കോടതി തുക അനുവദിച്ചിട്ടും സര്‍ക്കാര്‍ പണം കെട്ടിവെക്കാത്ത 593 കേസുകളാണ് പരിഗണിക്കുന്നത്. ഇതിന് ഒമ്പത് കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ടെന്ന് പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ജഡ്ജി വി. ഷിര്‍സി അറിയിച്ചു. മുഴുവന്‍ കേസിലും കക്ഷികളുടെ പൂര്‍ണ സമ്മതത്തോടെയേ അന്തിമതീര്‍പ്പ് കല്‍പിക്കൂവെന്നും ജഡ്ജി പറഞ്ഞു. 6110 ബാങ്ക് വായ്പാ കേസ്, 3093 മോട്ടോര്‍ വാഹനാപകടക്കേസ്, 54 കുടുംബ കോടതി കേസ്, 740 സിവില്‍ കേസ്, 593 ഭൂമി ഏറ്റെടുപ്പ് കേസ് എന്നിവക്കുപുറമെ ടെലികോം, ക്രെഡിറ്റ് കാര്‍ഡ് ഉള്‍പ്പെട്ട മേഖലകളില്‍ നോട്ടീസ് നല്‍കിയ പരാതികളും പരിഗണിക്കും. അദാലത്തിന്‍െറ ഭാഗമായി ജില്ലയിലെ മുഴുവന്‍ മജിസ്ട്രേറ്റ് കോടതികളും പ്രത്യേക സിറ്റിങ് നടത്തും. കുറ്റം സമ്മതിച്ച് പിഴ ഒടുക്കാവുന്ന കേസുകളാണ് മജിസ്ട്രേറ്റ് കോടതികള്‍ പരിഗണിക്കുന്നത്. മോട്ടോര്‍ വാഹനനിയമം, പൊലീസ് ആക്ട് എന്നിവപ്രകാരം രജിസ്റ്റര്‍ ചെയ്ത 28660 ക്രിമിനല്‍ കേസില്‍ പ്രതികള്‍ക്ക് ഇതിനോടകം നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസിലുള്‍പ്പെട്ടവര്‍ക്ക് നോട്ടീസ് ലഭിച്ചില്ളെങ്കിലും പിഴ ഒടുക്കാന്‍ അദാലത്തില്‍ അവസരം ലഭിക്കും. ഇതിന് പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചതായി അഡീഷനല്‍ സി.ജെ.എം എ. ഇജാസ് അറിയിച്ചു. ജില്ലാ കോടതിയില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സി.ബി.ഐ ജഡ്ജി ആര്‍. രഘു, അഡീഷനല്‍ ജില്ലാ ജഡ്ജി ദിലീപ് കുമാര്‍, ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറി പ്രഭാത് കുമാര്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. കെ.പി. ജയചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.