വെഞ്ഞാറമൂട്: തൊഴിലില്ലായ്മക്കുപിന്നാലെ തൊഴിലുറപ്പ് പദ്ധതിയും അവതാളത്തിലായതോടെ ഗ്രാമങ്ങളില്‍ ദാരിദ്ര്യം പിടിമുറുക്കുന്നു. മഴയും വിലത്തകര്‍ച്ചയും കാരണം റബര്‍, കാര്‍ഷിക രംഗങ്ങളില്‍ തൊഴില്‍ കുറയുകയും ഇതിന് ആനുപാതികമായി നിര്‍മാണമേഖല സ്തംഭിക്കുകയും ചെയ്തത് പ്രശ്നങ്ങള്‍ ഇരട്ടിയാക്കി. കൂലി കുറവായിരുന്നെങ്കിലും തൊഴിലുറപ്പിനെ ആശ്രയിച്ചായിരുന്നു പഞ്ഞസമയത്ത് ഗ്രാമീണ അടുക്കളകള്‍ പുകഞ്ഞിരുന്നത്. എന്നാല്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഇത്തവണ തുച്ഛമായ തൊഴില്‍ ദിനങ്ങള്‍ മാത്രമാണ് ലഭിച്ചത്. കേന്ദ്ര ഗവണ്‍മെന്‍റ് ചില കര്‍ശന വ്യവസ്ഥകള്‍ കൊണ്ടുവന്നതും സര്‍ക്കാര്‍ ജീവനക്കാരുടെ മെല്ളെപ്പോക്കുമാണ് ഇത്തരത്തില്‍ തൊഴില്‍ നഷ്ടപ്പെടാന്‍ കാരണം. കഴിഞ്ഞ തവണയെടുത്ത ജോലിയുടെ കൂലി പോലും ചില പഞ്ചായത്തുകളില്‍ പൂര്‍ണമായും നല്‍കിയിട്ടില്ല. ബ്ളോക് പഞ്ചായത്ത് തലത്തിലാണ് തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനം നടക്കുന്നത്. പഞ്ചായത്തുകളുടെ ബജറ്റിന്‍െറ സിംഹഭാഗവും തൊഴിലുറപ്പ് പദ്ധതി വിഹിതമാണ്. മുന്നൊരുക്കം ഇല്ലാതെ നിര്‍മാണമേഖലയിലേക്ക് പദ്ധതി വ്യാപിപ്പിച്ചത് പഞ്ചായത്തുകള്‍ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാക്കി. പഞ്ചായത്തിലെ മരാമത്ത്പണികളില്‍ തൊഴിലുറപ്പിന് പങ്കാളിത്തംനല്‍കാനുള്ള നീക്കവും തൊഴില്‍ നഷ്ടം വരുത്തി. തൊഴിലാളികളെ പ്രാവീണ്യം ഉള്ളവരെന്നും ഇല്ലാത്തവരെന്നും (സ്കില്‍ഡ്,അണ്‍ സ്കില്‍ഡ് )എന്ന് തിരിച്ച് തൊഴില്‍നല്‍കാനുള്ള നീക്കവും നടന്നു. എന്നാല്‍ പദ്ധതി ഗുണഭോക്താക്കളില്‍ 90 ശതമാനവും പ്രാവീണ്യംഇല്ലാത്തവരായതിനാല്‍ ഈ രീതിയും അവതാളത്തിലായി. ഇത് മൂലമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പദ്ധതി ലക്ഷ്യം നേടാതെ പോയത്. തൊഴില്‍ കുറഞ്ഞതോടെ വ്യാപാരികളും പ്രതിസന്ധിയിലാണ്. അവശ്യസാധനങ്ങള്‍ ഒഴികെയുള്ള സാധനങ്ങളുടെ കച്ചവടം കുറഞ്ഞു. പൊതുവിതരണകേന്ദ്രങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയെങ്കിലും അവിടെയും വിലക്കയറ്റം ഉണ്ടായത് വിനയായി. തൊഴിലില്ലായ്മ മുതലെടുത്ത് പണം പലിശക്ക് നല്‍കുന്ന സംഘവും സജീവമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.