ഓണംവാരാഘോഷ സമാപനം ഇന്ന് : ഘോഷയാത്രക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: ഒരാഴ്ച നീണ്ട ഓണംവാരാഘോഷത്തിന് സമാപനംകുറിച്ച് ഘോഷയാത്ര തിങ്കളാഴ്ച അനന്തപുരിയെ വര്‍ണാഭമാക്കും. പരമ്പരാഗത കലാരൂപങ്ങളും താളമേളങ്ങളും പകിട്ടേകുന്ന സാംസ്കാരിക ഘോഷയാത്ര വൈകീട്ട് അഞ്ചിന് വെള്ളയമ്പലത്ത് നിന്ന് ആരംഭിച്ച് കിഴക്കേകോട്ടയില്‍ സമാപിക്കും. ഘോഷയാത്ര മാനവീയം റോഡിന് സമീപം പ്രത്യേകം തയാറാക്കിയ പവിലിയനില്‍ ഗവര്‍ണര്‍ പി. സദാശിവം ഫ്ളാഗ്ഓഫ്ചെയ്യും. ഓണാഘോഷത്തിന്‍െറ സമാപനസമ്മേളനം രാത്രി എട്ടിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്യും. ഘോഷയാത്രയുടെ ഭാഗമായി ഇന്ന് ഉച്ചക്കുശേഷം മൂന്നുമണി മുതല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 90 ഫ്ളോട്ടുകളാണ് ഘോഷയാത്രക്ക് ഒരുക്കിയിട്ടുള്ളത്. കൂടാതെ 150 കലാരൂപങ്ങളും 3,000 കലാകാരന്മാരും അണിനിരക്കും. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങളും ഉണ്ടാകും. തൃശൂര്‍പൂരം, ഉത്രാളിപൂരം, മാമാങ്കം, അനന്തപുരിയിലെ ആറാട്ട് തുടങ്ങി ഉത്സവ-സാംസ്കാരിക പരിപാടികളെക്കുറിച്ചുള്ള കലാരൂപങ്ങളും പരമ്പരാഗതമായ താളമേളങ്ങളും ഘോഷയാത്രക്ക് പകിട്ടേകും. മൂവായിരത്തോളം വിദഗ്ധ കലാകാരന്മാരാണ് ഘോഷയാത്രയില്‍ അണിനിരക്കുക. കേരള പൊലീസിന്‍െറ അശ്വാരൂഢസേന, സി.ആര്‍.പി.എഫ് ബാന്‍ഡ്, വള്ളുവനാടന്‍ കലാരൂപമായ പൂതന്‍തിറ എന്നിവ ഘോഷയാത്രക്ക് ഗാംഭീര്യമേകുമ്പോള്‍ ചെണ്ടമേളം, ശിങ്കാരിമേളം, പഞ്ചാരിമേളം, നെയ്യാണ്ടിമേളം, തകില്‍, നാദസ്വരം, മദ്ദളം, ഉടുക്ക്, കുമ്മാട്ടിക്കൊട്ട്, പഞ്ചവാദ്യം, വീക്കുചെണ്ട, കൊമ്പ്, കുഴല്‍ എന്നിങ്ങനെ താളമേളങ്ങള്‍ ആസ്വാദ്യകരമാകും. ഇതിലേക്ക് 1,500 പേരാണ് തലസ്ഥാനത്തത്തെിയിരിക്കുന്നത്. വനിതാ ശിങ്കാരിമേളക്കാര്‍ ഇത്തവണത്തെ പ്രത്യേകതയാണ്. പുറമെ താളവൈവിധ്യത്തിന് ഫ്യൂഷന്‍ ഡ്രംസുമായി 25 പേരും ഉണ്ടാകും. ഇതര സംസ്ഥാനങ്ങളുടെ കലാരൂപങ്ങളായി എത്തുന്നത് കളിയാട്ടം (പുതുച്ചേരി), ഫാഗ് ആന്‍ഡ് വൂമര്‍ (ഹരിയാന), സംബല്‍പുരി (ഒഡിഷ), മതുരി (തെലങ്കാന), സിദ്ധി ദമാല്‍ (ഗുജറാത്ത്) തുടങ്ങിയവയാണ്. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്ന് നിരവധി കലാരൂപങ്ങളും ഘോഷയാത്രയുടെ ആകര്‍ഷണീയതയാവും. കഥകളി, മോഹിനിയാട്ടം, തെയ്യം, കളരിപ്പയറ്റ്, ദഫ്മുട്ട്, അറവനമുട്ട്, മാര്‍ഗംകളി, പരിചമുട്ടുകളി, ചവിട്ടുനാടകം, അര്‍ജുനനൃത്തം, വട്ടകളി, പരുന്താട്ടം, കുമ്മാട്ടി, പടയണി, ഗരുഡന്‍പറവ, യക്ഷഗാനം, പുലികളി, കരടികളി, തമ്പോലമേളം, ബൊമ്മയാട്ടം ബാന്‍ഡ്, പാക്കനാരാട്ടം, പെരുമ്പറമേളം തുടങ്ങിയവയും കേരളീയ കലാരൂപങ്ങളായി ഘോഷയാത്രയില്‍ ചാരുതനിറക്കും. ഗവര്‍ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, മറ്റ് ജനപ്രതിനിധികള്‍, ചീഫ്സെക്രട്ടറി ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ യൂനിവേഴ്സിറ്റി കോളജിന് മുന്നില്‍ തയാറാക്കിയിരിക്കുന്ന വി.വി.ഐ.പി പവിലിയനിലിരുന്നായിരിക്കും ഘോഷയാത്ര വീക്ഷിക്കുക. ഘോഷയാത്രയുടെ ഭാഗമായി വന്‍ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചക്കുശേഷം നഗരത്തില്‍ ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.