മാട്ടിറച്ചിക്ക് ക്ഷാമം; അതിര്‍ത്തി കടന്നുള്ള മാട് വരവ് നിലച്ചു

വള്ളക്കടവ്: തലസ്ഥാനത്തും ബീഫ് ക്ഷാമം തുടങ്ങി. വടക്കന്‍ കേരളത്തിന് പിന്നാലെ തെക്കന്‍ കേരളത്തിലേക്കും അതിര്‍ത്തി കടന്ന് മാടുകളെ കൊണ്ടുവരുന്നത് നിലച്ചതോടെയാണ് ജില്ലയില്‍ മാട്ടിറച്ചി ക്ഷാമം തുടങ്ങിയത്. തെക്കന്‍ കേരളത്തിലെ മാട് ചന്തകളായ അഞ്ചല്‍, പാരിപ്പള്ളി, ആറാലുംമൂട് എന്നിവിടങ്ങളില്‍ അതിര്‍ത്തി കടന്ന് മാടുകള്‍ എത്തുന്നത് കുറഞ്ഞു. ആഴ്ചയില്‍ രണ്ടുദിവസം മാത്രം കൂടുന്ന ഈ ചന്തകളില്‍ ഓരോ ദിവസവും 5000 മുതല്‍ 8000 വരെ അറവുമാടുകളാണ് എത്തിയിരുന്നത്. ഒരാഴ്ചയായി ഓരോ ചന്തയിലും എത്തുന്ന മാടുകളുടെ എണ്ണം 1000ന് താഴെയായി. കഴിഞ്ഞദിവസം മുതല്‍ മാട്ടിറച്ചി വ്യാപാരികളുടെ സമരം ആരംഭിച്ചെങ്കിലും തലസ്ഥാനത്ത് മിക്ക ഇറച്ചിക്കടകളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. പല കച്ചവടക്കാരും ക്ഷാമം മുതലെടുത്ത് വില കുത്തനെ ഉയര്‍ത്തി. കിലോക്ക് 240 മുതല്‍ 260 രൂപവരെ വിലയുണ്ടായിരുന്ന ബീഫ് 300 രൂപയായി. ക്ഷാമത്തിന്‍െറ പേരില്‍ ഗുണനിലവാരമില്ലാത്ത ഇറച്ചിക്കുപോലും അമിതവില ഈടാക്കുന്നതായും പരാതിയുണ്ട്. ഹോട്ടലുകാര്‍ക്ക് ഇറച്ചിക്കച്ചവടക്കാര്‍ നേരത്തേ മാട്ടിറച്ചി നല്‍കിയിരുന്നത് കിലോക്ക് 200 രൂപ നിരക്കിലായിരുന്നു. ഉയര്‍ന്ന വിലയ്ക്ക് മാടുകള്‍ എത്തിയിട്ടും ഒരുവര്‍ഷം വീതം കരാര്‍ ഉള്ളതിനാല്‍ ഇവര്‍ക്ക് വിലകൂട്ടി നല്‍കാനാവാത്ത അവസ്ഥയാണ്. ഇതുകാരണം രോഗം ബാധിച്ചതും അതിര്‍ത്തിക്കപ്പുറത്ത് ചാകുന്നതുമായ മാടുകളുടെ ഇറച്ചി അവിടെനിന്ന് തയാറാക്കിയാണ് ഹോട്ടലുകാര്‍ക്ക് നല്‍കുന്നത്. എന്നാല്‍, ഇറച്ചിക്ഷാമത്തിന്‍െറ പേരില്‍ ഹോട്ടലുകാര്‍ ഒരു പ്ളേറ്റിന് 10 രൂപ വീതം കൂട്ടുകയും ചെയ്തു. അതിര്‍ത്തി ചെക്പോസ്റ്റുകളിലെ കര്‍ശന പരിശോധനകള്‍ കാരണം പല ലോറി ഡ്രൈവര്‍മാരും തമിഴ്നാട്ടില്‍നിന്ന് തലസ്ഥാനത്തേക്ക് മാടുകളെ കൊണ്ടുവരാന്‍ മടിക്കുന്ന അവസ്ഥയാണ്. അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ ലോറി തടഞ്ഞ് തിരിച്ചയക്കുന്ന സംഭവങ്ങളും ഉണ്ടായി. തമിഴ്നാട്ടിലെ മാര്‍ത്താണ്ഡം, അരുമന, കുളച്ചല്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് തലസ്ഥാനത്തേക്ക് മാടുകളുമായി വരുന്ന ലോറികളെ തടഞ്ഞുനിര്‍ത്തി ഡ്രൈവര്‍മാരെ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ നിരവധി നടന്നിട്ടും തമിഴ്നാട് പൊലീസ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ തയാറായിട്ടില്ല. കഴിഞ്ഞദിവസം തമിഴ്നാട്ടിലെയും കേരളത്തിലെയും വ്യാപാരികള്‍ തമ്മില്‍ ചര്‍ച്ച നടത്തുകയും പാറശ്ശാലക്ക് സമീപത്തെ അനിമല്‍ ഹസ്ബന്‍ഡറി വിഭാഗത്തിന്‍െറ അനാവശ്യ പരിശോധന ഒഴിവാക്കാന്‍ ആവശ്യപ്പെടാന്‍ ധാരണയാകുകയും ചെയ്തു. ചര്‍ച്ചകളിലൂടെ ഇതിന് പരിഹാരമായില്ളെങ്കില്‍ തലസ്ഥാനത്തെ മാട്ടിറച്ചി വില്‍പന പൂര്‍ണമായും ഇല്ലാതാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.