സമയക്രമം പാലിച്ചില്ല; അടൂരിലെ ഇരട്ടപ്പാലം നിർമാണം കിഫ്ബി തടഞ്ഞു

കരാറുകാരനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും അടൂര്‍: നഗരമധ്യത്തിലെ ഇരട്ടപ്പാലം പണി നിബന്ധനകൾ അനുസരിച്ചു നടത്താൻ കരാറുകാരന്‍ തയാറാകാത്തതിനാൽ കിഫ്ബി അധികൃതര്‍ പണി താൽക്കാലികമായി തടഞ്ഞു. നിര്‍മാണത്തിൻെറ ഓരോഘട്ടത്തിലും പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് കിഫ്ബി വ്യക്തമായ നിർദേശങ്ങള്‍ നല്‍കിയിരുന്നു. അവ പാലിക്കാതെ പണി താമസിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. കരാറുകാരന് ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും. മറുപടി ലഭിച്ചതിനുശേഷം കിഫ്ബി അധികൃതര്‍ മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ പാലിക്കാമെന്ന് ഉറപ്പു ലഭിച്ചതിനുശേഷം മാത്രമേ പണി പുനരാരംഭിക്കാന്‍ അനുവാദം നല്‍കുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു. ആവശ്യമെങ്കില്‍ കരാര്‍ പുതുക്കി നല്‍കാനും തയാറാകും. 2018 നവംബര്‍ 30നാണ് പാലത്തിൻെറ നിര്‍മാണോദ്ഘാടനം നടന്നത്. ഈ മാസം 19ന് പണി പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. എന്നാല്‍, ഇതുവരെ 25 ശതമാനത്തോളം മാത്രമാണ് പൂർത്തിയായത്. കരാര്‍ വ്യവസ്ഥയിലെ സമയക്രമം പാലിക്കാത്തതും പണിയില്‍ വേണ്ടത്ര ഗുണനിലവാരം ഇല്ലെന്നും കിഫ്ബിയുടെ സാങ്കേതിക പരിശോധക സംഘം പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. അടൂര്‍ നഗരത്തിൻെറ മുഖച്ഛായ മാറ്റി ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായാണ് സര്‍ക്കാര്‍ 11 കോടി 10 ലക്ഷം അനുവദിച്ച് ഇരട്ടപ്പാലത്തിൻെറ നിര്‍മാണം ആരംഭിച്ചത്. സെന്‍ട്രല്‍ കവലക്കും കെ.എസ്.ആര്‍.ടി.സി കവലക്കും ഇടയില്‍ വലിയതോടിനു കുറുകെയുളള സമീപത്തെ പാലത്തിന് ഇരുവശത്തായാണ് രണ്ട് പാലങ്ങള്‍ നിര്‍മിക്കാന്‍ നടപടിയായത്. നേരേത്ത ഉണ്ടായിരുന്ന പാലത്തിനു സമാന്തരമായും മറ്റൊന്ന് പാലത്തിന് കിഴക്ക് ഭാഗത്തും നിര്‍മിക്കാനാണ് പദ്ധതി. ഒരു പാലത്തിൻെറ തൂണുകളുടെ പണിയാണ് ഭാഗികമായി നടന്നത്. രണ്ടാമത്തെ പാലം പണിയേണ്ടിടത്ത് കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റാത്തതാണ് പണി തുടങ്ങാന്‍ താമസിക്കുന്നതെന്ന് കരാറുകാരന്‍ പരാതി ഉന്നയിച്ചതോടെ രണ്ടാഴ്ച മുമ്പ് ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിച്ചു. ഇവിടെ പൈലിങ് തുടങ്ങാന്‍ എക്സ്‌കവേറ്റര്‍ ഉപയോഗിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ മണ്ണെടുത്ത് നിരപ്പാക്കിയിരുന്നു. നിർദിഷ്ട പാലങ്ങളുടെ നീളം 25 മീറ്ററും വീതി 7.5 മീറ്ററുമാണ്. ചെറിയ കലുങ്കുകള്‍, നടപ്പാത, അഞ്ച് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എന്നിവയുമാണ് നിര്‍മിക്കേണ്ടത്. സെന്‍ട്രല്‍ ജങ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവൃത്തികളും നടത്തണം. കരുനാഗപ്പള്ളി വലിയത്ത് കണ്‍സ്ട്രക്ഷന്‍സാണ് പാലത്തിൻെറ കരാറുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.