ജില്ലയിലെ മലയോരമേഖലയിൽ ഏറ്റവും പാരിസ്ഥിതിക ദുർബല മേഖലകളെന്ന് ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളിൽ രേഖപ്പ െടുത്തിയിട്ടുള്ള മേഖലകളാണ് തണ്ണിത്തോട്, അരുവാപ്പുലം ചിറ്റാർ, സീതത്തോട്, കൊല്ലമുള, പെരുനാട്, വടശ്ശേരിക്കര, നാറാണംമൂഴി, വെച്ചൂച്ചിറ മേഖലകൾ. റിപ്പോർട്ടുകളിലെ പരാമർശങ്ങളൊന്നും അധികൃതരുടെ കണ്ണുതുറപ്പിച്ചിട്ടില്ല. പരിസ്ഥിതിയെ ഏറെ നശിപ്പിക്കുന്നത് പാറമടകളാണ്. പ്രദേശത്തെ പരിസ്ഥിതി സംരക്ഷണത്തിന് ഒരു നടപടിയും ഉണ്ടായിട്ടില്ല. ഉരുൾപൊട്ടൽ ഭീഷണി ഉയർത്തുന്ന നിരവധി ചെങ്കുത്തായ മലനിരകളാണ് പ്രദേശങ്ങളിൽ പാറഖനനത്തിന് വിധേയമാകുന്നത്. ഭൂമിയെ ആകെ പ്രകമ്പനംകൊള്ളിച്ചുകൊണ്ട് പാറമടകളിലെ സ്ഫോടനം തുടരുന്നു. നിയമങ്ങളൊന്നും കൂസാതെ പാറമടകൾ നിർബാധം പ്രവർത്തിക്കുന്നു. കഴിഞ്ഞ മഹാപ്രളയത്തിൽ ചിറ്റാറിൽ ഉരൂൾപൊട്ടൽ കവർന്നത് നാല് ജീവനുകളാണ്. അന്ന് നൂറിലേറെ ഉരുൾപൊട്ടലുകൾ ജില്ലയിലുണ്ടായതായാണ് കണക്ക്. ഏതുമഴയത്തും വൻ ഉരുൾപൊട്ടലുകൾ വീണ്ടും ഉണ്ടാകാമെന്ന നിലയിലാണ് ജില്ലയിലെ പശ്ചിമഘട്ട മലനിരകൾ. അതേക്കുറിച്ച് മാധ്യമം പരമ്പര... പരമ്പര-1 പൊട്ടാം ഏതുനിമിഷവും ഉരുളുകൾ ഇവിടെയും കണ്ണുംകാതും അടപ്പിക്കുന്ന ഉഗ്ര സ്േഫാടനങ്ങളാണ് ജില്ലയുടെ മലയോര മേഖലകളിലാകെ മുഴങ്ങുന്നത്. ഭൂമി നിരന്തരം പിളർത്തി, വെട്ടിക്കീറി മാഫിയകൾ കടത്തിക്കൊണ്ടുപോകുന്നു. മണ്ണും പാറയും തമ്മിലെ ബന്ധമാണ് ഈ സ്ഫോടനങ്ങൾ ഓരോന്നും ഇളക്കിക്കൊണ്ടിരിക്കുന്നത്. കാലങ്ങളായി തുടരുന്ന ഈ സ്ഫോടനങ്ങളിൽ മഴവെള്ളം താങ്ങിനിർത്താനുള്ള മണ്ണിൻെറ ശേഷി നാൾക്കുനാൾ ഇല്ലാതായിെക്കാണ്ടിരിക്കുന്നു. കഴിഞ്ഞ മഹാപ്രളയം കൂടിയായതോടെ മിക്കയിടത്തും മണ്ണും പാറയും തമ്മിൽ വേർപെടുന്ന നിലയിലാണ്. ഇനിയുള്ള മഴക്കാലങ്ങളിൽ എപ്പോൾ വേണമെങ്കിലും ഉരുൾപൊട്ടലായി മലകൾ തകർന്ന് കുത്തിയൊലിച്ച് ജനവാസ കേന്ദ്രങ്ങളടക്കം പാടെ ഇല്ലാതായിത്തീരാം. ഇത്രത്തോളം മാരകമായ ഭീഷണിയാണ് പ്രദേശത്തെ മലകൾ ഉയർത്തുന്നതെങ്കിലും അതൊന്നും അധികൃതർ ഗൗനിക്കുന്നില്ല. ജില്ലയുടെ കിഴക്കൻ മേഖലയിൽ തലയെടുപ്പോടെനിന്ന പാറക്കെട്ടുകളും ഒരുകാലത്തു പഴമക്കാർ മലദൈവങ്ങളായി ആരാധിച്ചുപോന്നിരുന്ന വമ്പൻ മലകളുമെല്ലാം പൊട്ടിച്ചുകടത്തിെക്കാണ്ടിരിക്കുന്നു. ദൂരെയേതോ ദേശത്തൊക്കെ നടക്കുന്ന കോടാനുകോടികളുടെ വികസനത്തിനായി മലയോര ജനതയുടെ ജീവനും സ്വത്തിനും സ്വൈര ജീവിതത്തിനും വിഘാതമാകുംവിധമാണ് മലകൾ തുരന്ന് പാറ കടത്തിക്കൊണ്ടിരിക്കുന്നത്. ഒന്നിനുപുറകെ ഒന്നായി വമ്പൻ ലോറികളിൽ തങ്ങളുടെ ആവാസവ്യവസ്ഥയാണ് കുന്നിറങ്ങിപ്പോകുന്നതെന്ന് ഇവിടുത്തുകാർ ഏറെ വൈകിയാണ് മനസ്സിലാക്കിയത്. ഇരു പാർശ്വങ്ങളിൽനിന്ന് തുരന്നെടുത്ത് ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയ കുപ്രസിദ്ധമായ ചെമ്പന്മുടിയിലെ പാറമടകൾക്ക് പരിസ്ഥിതി ചൂഷണത്തിൻെറയും അധികാര ഗർവിൻെറയും മായ്ക്കാനാവാത്ത ചരിത്രമാണ് പറയാനുള്ളത്. ജില്ലയിലെ ഏറ്റവും തലയെടുപ്പുള്ള മലയിൽ സംസ്ഥാനത്തിൻെറ പകുതിയിലേറെ വരുന്ന ഭാഗത്തെ പൊലീസ് വയർലസുകളെ നിയന്ത്രിക്കുന്ന സിഗ്നൽ സ്റ്റേഷൻ സ്ഥാപിക്കാൻ സർക്കാർ നീക്കം നടത്തിക്കൊണ്ടിരിക്കുന്ന കാലത്താണ് നാട്ടിലെ വികസന പ്രവർത്തനങ്ങൾക്കായി ചെറിയതോതിൽ പാറപൊട്ടിക്കാനെന്ന വ്യാജേന ഒരു പാറമടയ്ക്ക് തുടക്കമാകുന്നത്. അധികം താമസിയാതെ തന്നെ മലയുടെ മറുഭാഗത്ത് മറ്റൊരു പാറമടയും തുടങ്ങി. കുറഞ്ഞകാലം കൊണ്ട് ഏക്കറുകണക്കിന് പാറ ഖനനം ചെയ്തു കടത്തിയതോടെ ചെമ്പന്മുടി മലയുടെ പകുതിയും അപ്രത്യക്ഷമായി. ചെമ്പന്മുടി സ്ഥിതിചെയ്യുന്ന നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകളിലെ ജനങ്ങളുടെ സ്വൈര ജീവിതം തന്നെ താറുമാറായി. ജനങ്ങൾ പലതവണ പലരീതിയിൽ സംഘടിച്ച് രംഗത്തുവന്നെങ്കിലും ഇവിടങ്ങളിലെ പഞ്ചായത്തും പൊലീസ് സ്റ്റേഷനുമെല്ലാം പ്രവർത്തിക്കുന്നതുതന്നെ പാറമട ലോബിക്കുവേണ്ടിയാണെന്ന നിലയിലായതോടെ ജനങ്ങളുടെ എല്ലാ പരാതിയും പാറമടകളുടെ ഉഗ്ര സ്ഫോടനത്തിലും പണക്കൊഴുപ്പിലും മുങ്ങിപ്പോയി. ഒരേസമയം ലോഡുകണക്കിന് പാറ അടർത്താൻ കഴിവുള്ള വലിയ സ്‌ഫോടനങ്ങളിൽ കിലോമീറ്ററുകൾ ദൂരെവരെയുള്ള വീടുകൾ വിണ്ടുകീറി. ഉയർന്നുവന്ന ജനകീയ പ്രക്ഷോഭംമൂലം മൂന്നര വർഷക്കാലം ചെമ്പന്മുടിയിൽ പാറമട ലോബിക്ക് ഖനനം നിർത്തിവെക്കേണ്ടിവന്നെങ്കിലും അധികാരവും പണവും യഥേഷ്ടം ഒഴുകിയതോടെ സമരം പൊളിച്ചടുക്കി പൂർവാധികം ശക്തിയോടെ ഖനനം ആരംഭിച്ചു. എല്ലാ ഖനന നിയമങ്ങളും കാറ്റിൽപറത്തി ചെമ്പന്മുടിയുടെ ഇരുപുറവും വീണ്ടും വെടിമുഴങ്ങിയതോടെ ജനങ്ങൾ ഭയന്നുവിറച്ചു നിസ്സഹായരായി നിശ്ശബ്ദരായിരിക്കുകയാണ്. സ്‌ഫോടനത്തിൽ തകർന്നടിയുന്ന വീടും പറമ്പും കിട്ടുന്ന വിലക്ക് പാറമട ലോബിക്ക് വിൽക്കുകയല്ലാതെ പ്രദേശവാസികൾക്ക് മറ്റു വഴിയില്ല. മലകൾ ഇല്ലാതായതോടെ പ്രദേശത്തെ ഒട്ടുമിക്ക കുടിവെള്ള സ്രോതസ്സുകളും നീരുറവകളും വറ്റിവരണ്ടു. സ്‌കൂൾ സമയത്തുപോലും മരണപ്പാച്ചിൽ നടത്തുന്ന ടിപ്പർ ലോറികൾപോലും നിയന്ത്രിക്കാൻ ആരുമില്ല. തുടരും...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.