യാത്രക്കാർക്ക് ഭീഷണിയായി റോഡിലേക്ക് വളർന്ന പുൽത്തലപ്പുകൾ

കോന്നി: റോഡിലേക്ക് വളർന്ന പുൽത്തലപ്പുകൾ വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. കോന്നി-തണ്ണിത്തോട് റോഡിൽ പേരുവാലി മുതൽ മുണ്ടോംമൂഴി പാലത്തിനു സമീപം വരെയാണ് റോഡിലേക്ക് പുൽത്തലപ്പുകൾ വളർന്ന് നിൽക്കുന്നത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ വളവുകളിലാണ് കൂടുതലും പുൽത്തലപ്പുകൾ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്നത്. ഇത് വാഹനയാത്രക്കാരുടെ കാഴ്ച മറക്കുന്നതിനാൽ പലപ്പോഴും വാഹനങ്ങൾ അടുത്തെത്തിയതിനു ശേഷമാണ് ശ്രദ്ധയിൽപെടുക. ഇത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. മാത്രമല്ല വന്യമൃഗങ്ങൾ റോഡ് മുറിച്ചുകടക്കുന്ന ഭാഗമായതിനാൽ വളവുകളിൽ ആനയും മറ്റും നിന്നാൽ യാത്രക്കാരുടെ ശ്രദ്ധയിൽപെടാനും പ്രയാസമാണ്. ബൈക്ക് യാത്രക്കാരാണ്‌ ഇതുമൂലം ഏറെയും ബുദ്ധിമുട്ട് നേരിടുന്നത്. പുൽത്തലപ്പുകൾ ബൈക്ക് യാത്രക്കാരുടെ കണ്ണിൽകൊള്ളുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നു. അടവി കൊട്ടവഞ്ചി സവാരികേന്ദ്രത്തിലേക്കും തണ്ണിത്തോട് ചിറ്റാർ ഭാഗത്തേക്കും തേക്കുതോട് കരിമാൻതോട് ഭാഗത്തേക്കും ഉള്ള യാത്രക്കാർ പ്രധാനമായും ആശ്രയിക്കുന്ന റോഡാണിത്. രാപകൽ ഭേദമന്യേ നിരവധി ആളുകളും ഇതുവഴി യാത്രചെയ്യുന്നുണ്ട്. അപകട ഭീഷണി ഉയർത്തി നിൽക്കുന്ന പുൽത്തലപ്പുകൾ വെട്ടിമാറ്റണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.