യുവാക്കളെ മർദിച്ച്​ ഫോണുകൾ തട്ടിയെടുത്ത സംഭവം; പ്രതികൾ റിമാൻഡിൽ

പത്തനംതിട്ട: ഓർഡർ പ്രകാരം മൊബൈൽ ഫോണുകൾ വിൽക്കാനെത്തിയ യുവാക്കളെ മർദിച്ച ശേഷം ഫോണുകൾ തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. പണം വാങ്ങിയ ശേഷം ഫോണുകൾ നൽകാതെ കബളിപ്പിക്കപ്പെട്ടതുകൊണ്ടാണ് വിൽപനക്കാരെ വിളിച്ചുവരുത്തി കൈകാര്യം ചെയ്തതെന്ന് അറസ്റ്റിലായ പ്രധാന പ്രതി ജിതിൻ മൊഴി നൽകി. ജിതിൻ ഉൾപ്പെടെ ആറുപേരെയാണ് പത്തനംതിട്ട പൊലീസ്‌ അറസ്‌റ്റ് ചെയ്‌തത്. നാരങ്ങാനം കണമുക്ക്‌ കുഴിടത്തടത്തിൽ അരുൺ (24), നാരങ്ങാനം അശോക്‌ ഭവനിൽ ചന്തു (22), പത്തനംതിട്ട കരിമ്പനാക്കുഴി ഒറ്റപ്ലാമൂട്ടിൽ രാഹുൽ (21), മല്ലശേരി സുജാത ഭവനിൽ പ്രണവ്‌ (23), പത്തനംതിട്ട വയലിറക്കത്തിൽ ജിത്തു (25) എന്നിവരാണ്‌ അറസ്‌റ്റിലായ മറ്റുള്ളവർ. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്: ഓമല്ലൂർ സന്തോഷ് മുക്കിൽ വാടകക്കു താമസിക്കുന്ന ജിതിൻ മൊബൈൽ ഫോണുകൾ ഓൺലൈനിൽ വാങ്ങി കടകളിൽ വിൽപന നടത്തുന്നുണ്ട്. പത്തനംതിട്ട നഗരത്തിലെ പല മൊബൈൽ ഷോപ്പുകളിൽനിന്ന് മൊബൈൽ ഫോൺ നൽകാം എന്നു പറഞ്ഞ് ഇയാൾ പണം വാങ്ങിയിട്ടുണ്ട്. ജിതിൻ സമാന ബിസിനസ് നടത്തുന്ന തിരുവനന്തപുരം സ്വദേശി സിബിയുമായി ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളായി. മൊബൈൽ ഫോൺ വാങ്ങി നൽകാൻ ജിതിൻ സിബിക്ക് പണം നൽകിയിരുന്നു. എന്നാൽ, സിബി മൊബൈലുകളോ തിരികെ പണമോ നൽകിയിെല്ലന്ന് ജിതിൻ പറയുന്നു. കബളിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലാക്കിയ ജിതിൻ 2000 മൊബൈലുകൾ എറണാകുളത്തെ ഒരു കമ്പനിക്കു നൽകാനുള്ള ഒാർഡർ കിട്ടിയിട്ടുണ്ടെന്ന് സിബിയോട് പറഞ്ഞു. ടോക്കണായി 300 മൊബൈലുകൾ ഉടൻ തന്നാൽ 2000 എണ്ണത്തിൻെറ പണം കിട്ടുമെന്നും അറിയിച്ചു. സിബി തിരുവനന്തപുരത്തെ സുഹൃത്തുക്കളിൽനിന്ന് 22 ലക്ഷം രൂപ സ്വരൂപിച്ച് 163 റെഡ്മി 7എസ് മൊബൈൽ ഫോണുകൾ വാങ്ങി. അഞ്ച് സുഹൃത്തുക്കളുമായി 24ന് രാത്രി 11.30ന് ജിതിൻെറ വീട്ടിലെത്തി. ഫോണുകൾ വീടിന് അകത്ത് എടുത്തുെവക്കാൻ ജിതിൻ പറഞ്ഞു. കമ്പനിയുടെ സി.ഇ.ഒ ഉടൻ വരുമെന്നും ഫോണുകൾ പരിശോധിച്ച് പണം തരുമെന്നും പറഞ്ഞു. സിബി വീടിനകത്ത് കാത്തിരുന്നു. സുഹൃത്തുക്കൾ പുറത്തും. അരമണിക്കൂർ കഴിഞ്ഞ് ജിതിൻറ സുഹൃത്തുക്കളായ പതിനഞ്ചോളം പേർ ബൈക്കുകളിലും മറ്റുമായി വന്ന് വീട്ടിലേക്ക് ഇരച്ചുകയറി സിബിയെ മർദിക്കുകയും കമ്പികൊണ്ട് കൈ അടിച്ചൊടിക്കുകയും ചെയ്തു. ഇതിനിടെ, മൊബൈൽ ഫോണുകൾ ജിതിൻ കാറിൽ കയറ്റിക്കൊണ്ടു പോയി. സിബിയെയും കൂട്ടുകാരെയും ഭീഷണിപ്പെടുത്തി വന്ന കാറിൽ കയറ്റിവിട്ടു. ഇവർ അടൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. സിബിയെ അടൂർ ഗവ. ആശുപത്രിയിലെത്തിച്ചു. പിന്നീട് പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകി. സി.ഐ എസ്. ന്യൂമാൻെറ നേതൃത്വത്തിൽ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.