പ്രളയ സെസില്‍നിന്ന്​ പത്തനംതിട്ടയെ ഒഴിവാക്കണം -ജില്ല വികസന സമിതി

പത്തനംതിട്ട: പ്രളയത്തിൽ കൂടുതൽ നാശനഷ്ടം സംഭവിച്ച ജില്ലയെ പ്രളയ സെസിൽനിന്ന് ഒഴിവാക്കണമെന്ന് ജില്ല വികസനസമിതി യോഗം ആവശ്യപ്പെട്ടു. നഷ്ടപരിഹാര തുക ലഭിക്കാൻ നേരത്തേ അപേക്ഷിച്ചിട്ടില്ലാത്തവർക്ക് വീണ്ടും അപേക്ഷിക്കാൻ അവസരം നൽകണം. നഷ്ടം സംഭവിച്ച ചെറുകിട വ്യാപാരികൾക്ക് സഹകരണ ബാങ്കുകൾ മുഖേന പലിശരഹിത വായ്പ നൽകണമെന്നും ആവശ്യപ്പെട്ടു. സീതത്തോട്, ചിറ്റാർ മേഖലകളിൽ പട്ടയ നടപടി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണം. തോട്ടപ്പുഴശേരി കനാലിൻെറ നാല് തൂണും അഞ്ച് സ്പാനും പുനർനിർമിക്കാൻ തീരുമാനിച്ചു. എം.എൽ.എ ഫണ്ട് വിനിയോഗത്തിൽ കാലതാമസം ഉണ്ടാകുന്നുവെന്നും ഇതുസംബന്ധിച്ച അവലോകനത്തിന് കലക്ടറുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർക്കണമെന്നും മാത്യു ടി. തോമസ് എം.എൽ.എ ആവശ്യപ്പെട്ടു. തീപ്പനി, ചാത്തമല പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്‌നം അടിയന്തരമായി പരിഹരിക്കണം. കോലറയാറ്റിൽനിന്ന് നീക്കിയ മണ്ണ് അടുത്ത മഴക്കാലത്ത് വീണ്ടും ആറ്റിലെത്താതിരിക്കാൻ പഞ്ചായത്ത് വക സ്ഥലത്തേക്ക് മാറ്റിയിടണമെന്നും അദ്ദേഹം നിർദേശം നൽകി. കരികുളം, നാൽപത്തിയാറ് പ്രദേശങ്ങളിൽ പട്ടയവിതരണ നടപടി പൂർത്തിയായി വരുന്നെന്ന് രാജു എബ്രഹാം എം.എൽ.എ അറിയിച്ചു. പ്രളയത്തിൽ വീടുകളിലുണ്ടായ നാശനഷ്ടം സംബന്ധിച്ച് പുനഃപരിശോധന വേണമെന്ന് അദ്ദേഹം പറഞ്ഞു. മഴക്കാലത്ത് രോഗങ്ങൾ പടർന്നുപിടിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് വീണാ ജോർജ് എം.എൽ.എ ആവശ്യപ്പെട്ടു. പ്രളയത്തിൽ തകർന്ന പി.ഐ.പി കനാലിൻെറ അറ്റകുറ്റപ്പണിക്ക് പ്രളയദുരിതാശ്വാസത്തിൽനിന്ന് 10 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് പി.ഐ.പി എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ജില്ലയിൽ പുകയില നിയന്ത്രണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി ഡി.എം.ഒ അറിയിച്ചു. കോട്പ നിയമപ്രകാരം 273 കേസുകളിൽനിന്നായി 54,600 രൂപ പിഴ ഈടാക്കി. പുകയില സംബന്ധിച്ച റിപ്പോർട്ടുകൾ എല്ലാ വകുപ്പുകളും യഥാസമയം നൽകുന്നില്ലെന്ന് ജില്ല പ്ലാനിങ് ഓഫിസർ എൻ. സോമസുന്ദരലാൽ പറഞ്ഞു. സബ്കലക്ടർ വി. ജയമോഹൻ അധ്യക്ഷത വഹിച്ചു. ആേൻറാ ആൻറണി എം.പിയുടെ പ്രതിനിധി അഡ്വ. കെ. ജയവർമ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് മാമ്മൻ കൊണ്ടൂർ, പഞ്ചായത്ത് പ്രസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് മോഹൻരാജ് ജേക്കബ് എന്നിവർ പങ്കെടുത്തു. ജില്ല വികസന സമിതിയുടെ അടുത്ത യോഗം ഈമാസം അവസാനം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.