കെയര്‍ ഹോം: ജില്ലയില്‍ നിര്‍മിച്ചുനല്‍കിയത് 114 വീടുകള്‍

പത്തനംതിട്ട: പ്രളയദുരന്തത്തിൽ വീട് പൂർണമായി നഷ്ടപ്പെട്ടവർക്ക് വീടുവച്ച് നൽകാൻ സഹകരണ വകുപ്പ് ആവിഷ്‌കരിച്ച കെയർ ഹോം പദ്ധതിയിലൂടെ ജില്ലയിൽ ഇതുവരെ നിർമിച്ചുനൽകിയത് 114 വീടുകൾ. റാന്നി താലൂക്കില്‍ 34ഉം കോഴഞ്ചേരിയിൽ 15ഉം അടൂരിൽ 24 ഉം തിരുവല്ലയിൽ 41 വീടുകളാണ് നിർമിച്ചത്. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്ന രീതിയിലാണ് വീടുകളുടെ രൂപകൽപന. വീടിൻെറ ഉറപ്പ്, പരിസ്ഥിതിയുയർത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള കഴിവ് തുടങ്ങിയവ ഉറപ്പാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ, കിണർ, കുടിവെള്ളം, വൈദ്യുതി, മാലിന്യ നിർമാർജന സൗകര്യം, വൃത്തിയുള്ള പരിസരം, കൊച്ചു പൂന്തോട്ടമോ അടുക്കളത്തോട്ടമോ തുടങ്ങിയവയും വീടിനൊപ്പം ഒരുക്കിയിട്ടുണ്ട്. സഹകരണ വകുപ്പിൻെറ കീഴിൽ ജില്ലയിൽ 64 സ്പോൺസർമാരെ കണ്ടെത്തിയാണ് സഹകരണ സ്ഥാപനങ്ങൾ മുഖേന വീടുകൾ നിർമിച്ചു നൽകിയത്. ഭവനനിർമാണത്തിന് വീടൊന്നിന് അഞ്ചുലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. ഇത്തരത്തിൽ 4,36,63,900 രൂപ ചെലവഴിച്ചു. ഘട്ടംഘട്ടമായാണ് ഗുണഭോക്താക്കൾക്ക് വീട് പണിയാൻ ആവശ്യമായ പണം നൽകിയത്. പുനരധിവാസ ഭവന നിർമാണ പ്രവർത്തനത്തിൻെറ ഭാഗമായി നടത്തുന്ന നിർമാണം രണ്ടുതരത്തിലാണ് നടപ്പാക്കിയത്. സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈപ്പറ്റി സ്വന്തം ഉത്തരവാദിത്തത്തോടെ വീട് നിർമാണം ഏറ്റെടുക്കുക, അല്ലെങ്കിൽ സർക്കാർ മേൽനോട്ടത്തിൽ ഭവന നിർമാണം നടത്തുക. വീടുകൾ പൂർണമായും നഷ്ടപ്പെട്ടവർ, വീടും പുരയിടവും നഷ്ടമായവർ, വീടിന് ഭാഗികമായി കേടുപാടുണ്ടായവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് നഷ്ടപരിഹാരം ലഭ്യമാക്കിയത്. 75 ശതമാനത്തിലേറെ നഷ്ടം സംഭവിച്ച വീടുകളെയാണു പൂർണമായി തകർന്നതായി കണക്കാക്കിയത്്. 30 ശതമാനത്തിനുമേൽ കേടുപാടുള്ള വീടുകളിൽ പുനഃപരിശോധന നടത്തിയാണ് വീട് നിർമിച്ചു നൽകിയത്. ലോക പരിസ്ഥിതി ദിനാചരണം പത്തനംതിട്ട: ലോക പരിസ്ഥിതി ദിനാചരണത്തിൻെറ ജില്ലതല ഉദ്ഘാടനം വനം വകുപ്പിൻെറയും നാഷനൽ സർവിസ് സ്‌കീമിൻെറയും ആഭിമുഖ്യത്തിൽ ജൂൺ അഞ്ചിന് റാന്നി എം.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. രാവിലെ 11ന് രാജു എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂർണാദേവി അധ്യക്ഷത വഹിക്കും. കോന്നി ഡി.എഫ്.ഒ എ.പി. സുനിൽ ബാബു പരിസ്ഥിതിദിന സന്ദേശം നൽകും. ജില്ല പഞ്ചായത്ത് അംഗം സൂസൻ അലക്‌സ്, റാന്നി പഞ്ചായത്ത് പ്രസിഡൻറ് സൂസൻ അലക്‌സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനോയ് കുര്യാക്കോസ്, പഞ്ചായത്ത് അംഗം വേണുഗോപാൽ, പരിസ്ഥിതി പ്രവർത്തകൻ മുരളീധരക്കുറുപ്പ്, സ്‌കൂൾ മാനേജർ സക്കറിയ സ്റ്റീഫൻ, പ്രിൻസിപ്പൽ എം.ജെ. മനോജ്, റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ ആർ. ആദിഷ്, പി.എ. ഹിലാൽ ബാബു എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.