രാജ്യം നിലനിൽപിനായുള്ള പോരാട്ടത്തിൽ -എം.വി. വിദ്യാധരന്‍

റാന്നി: രാജ്യം നിലനില്‍പിനായുള്ള പോരാട്ടത്തിലാണെന്ന് സി.പി.ഐ സംസ്ഥാന കണ്‍ട്രോള്‍ കമീഷൻ അംഗം എം.വി. വിദ്യാധരന് ‍. എൽ.ഡി.എഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിൻെറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം എല്‍.ഡി.വൈ.എഫ് റാന്നി നിയോജക മണ്ഡലം നേതൃത്വത്തില്‍ നടന്ന യൂത്ത് മാര്‍ച്ചിൻെറ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഭരിക്കുന്ന ബി.ജെ.പി രാജ്യത്തിൻെറ അടിസ്ഥാനമൂല്യങ്ങള്‍ ബലികഴിക്കുകയും മതനിരപേക്ഷതയും ജനങ്ങളുടെ ഐക്യവും പാര്‍ലമൻെറ് ജനാധിപത്യവും ഇല്ലാതാക്കുകയും ചെയ്തിരിക്കുകയാണ്. രാജ്യത്തിൻെറ ഭാവി നിര്‍ണയിക്കാന്‍ ഈ തെരഞ്ഞെടുപ്പിനു കഴിയും. തെരഞ്ഞെടുപ്പിൻെറ രാഷ്ട്രീയം വികസനത്തിൻെറ രാഷ്ട്രീയമാണ്. വികസനം പറയാന്‍ ഇല്ലാത്തവര്‍ ജാതിയും വിശ്വാസവുമാണ് പറയുന്നത്. ഇടതു മുന്നണി വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരാണ്. ശബരിമല വിഷയത്തില്‍ ആദ്യം കോടതി നിലപാട് അംഗീകരിച്ചവര്‍ പിന്നീട് മലക്കംമറിയുകയായിരുന്നു. ബി.ജെ.പിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച പടത്തലവന്‍ പടക്കളത്തില്‍നിന്ന് ഓടിയൊളിച്ചിരിക്കുകയാണ്. ഒറ്റ കോണ്‍ഗ്രസ് പ്രതിനിധിയെപ്പോലും ഡല്‍ഹിയിലേക്ക് വിടാഞ്ഞ 2004 ആവര്‍ത്തിക്കാന്‍ പോകുകയാണന്നും അദ്ദേഹം പറഞ്ഞു. അനീഷ് ചുങ്കപ്പാറ അധ്യക്ഷത വഹിച്ചു. ആര്‍. ശ്യാമ, വത്സകുമാര്‍, ജിതിന്‍ രാജ്, എം.വി. പ്രസന്നകുമാര്‍, ടി.പി. അജി, വിപിന്‍ പൊന്നപ്പന്‍, പി.എസ്. അനില്‍ കുമാര്‍, റോബിന്‍ തോമസ്, എം. ശ്രീജിത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.