അടൂർ: വർഷങ്ങളായി മലയിടിച്ച് മണ്ണെടുത്ത് പ്രകൃതിയെ നാശോന്മുഖമാക്കിയ സ്ഥലങ്ങളിലാണ് ബുധനാഴ്ച ഭൂചലനം ഉണ്ടായത്. മണ്ണു മാഫിയയുടെ നശീകരണ ഫലമായി വീടിെൻറ മുകളിലേക്കു മലയിടിഞ്ഞ് വീട്ടമ്മ മരിച്ച ദാരുണസംഭവം നടന്ന സ്ഥലത്ത് ഭൂചലനം ഉണ്ടായതിെൻറ ആശങ്കയിലാണ് പഴകുളം മേട്ടുംപുറം ബൈത്തുൽഹുദയിൽ ബദറുദ്ദീനും കുടുംബവും. 2013 ജൂലൈ 29ന് കഞ്ചുകോട് പഞ്ഞിവീട്ടയ്യത്ത് ഭാഗം ഷാജി മൻസിലിൽ ബദറുദ്ദീെൻറ വീടിെൻറ മുകളിലേക്ക് മണ്ണിടിഞ്ഞ് മാതാവ് പാത്തുമുത്തുബീവി മരിച്ചിരുന്നു. ബദറുദ്ദീെൻറ ഭാര്യ സൈന തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പഴകുളം മുസ്ലിം ജമാഅത്തും വിവിധ സംഘടനകളും നാട്ടുകാരും ചെർന്ന് മേട്ടുംപുറത്തിനു കിഴക്കുഭാഗത്ത് നിർമിച്ചു നൽകിയ വീട്ടിലാണ് ബദറുദ്ദീനും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. ബുധനാഴ്ച ഭൂചലനം ഉണ്ടായ സമയത്ത് താൻ ഇരുന്ന കസേര താഴേക്കു പോകും പോലെ തോന്നിയതായി സൈന 'മാധ്യമ'ത്തോടു പറഞ്ഞു. വീടിെൻറ ഭിത്തിക്ക് പൊട്ടലുമുണ്ടായി. ആലപ്പുഴ ജില്ലയുടെ തെക്കുകിഴക്കൻ ഭാഗങ്ങളിലും പത്തനംതിട്ട ജില്ലയുടെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിലുമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ആയിരക്കണക്കിന് ലോഡ് മണ്ണ് കടത്തിയത്. തട്ടത്തുമലയിലും കഞ്ചുകോട് വാർഡിലുമാണ് ശക്തമായ മണ്ണെടുപ്പ് നടന്നത്. മേട്ടുംപുറംമലയുടെയും തട്ടത്തുമലയുടെയും ഇടയിലെ താഴ്വാരത്ത് കിഴക്ക് പടിഞ്ഞാറ് നിരയിലായിരുന്നു ഭൂചലനം. ചേനാട്ടുശേരി, പ്ലാവിള ജങ്ഷൻ, ചരുവയ്യത്ത് ഭാഗം, പറയൻറയ്യം ജങ്ഷൻ എന്നിവിടങ്ങളിലെ വീടുകൾക്കും ഭൂചലനത്തിൽ നാശം നേരിട്ടു. മണ്ണെടുപ്പിനെ തുടർന്ന് ഭൂമി ദുർബലമായതാണ് ഭൂചലനത്തിനു കാരണമെന്നാണ് നിഗമനം. ഭൂകമ്പമാപിനിയിൽ ഇവിടുത്തെ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. റിക്ടർ സ്കെയിലിൽ മൂന്നിനു മുകളിൽ ഉണ്ടാകുന്ന ഭൂചലനം മാത്രമാണ് രേഖപ്പെടുത്തുക. എന്നിട്ടും ഇത്രയധികം നാശം ഉണ്ടായതിൽ സ്ഥലവാസികൾ ആശങ്കയിലാണ്. പള്ളിക്കലിൽ ഏതാനും മാസങ്ങൾവരെ വ്യാപകമായി കുന്നിടിക്കലും നിലംനികത്തലും നടന്നിരുന്നു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുഴുകിയപ്പോഴും മണ്ണെടുപ്പ് തുടർന്നു. തെങ്ങമം, പള്ളിക്കൽ, കോണത്തുമല, ചക്കൻചിറമല, ഗോത്രമുകൾമല, കടമാൻകുളം, പെരിങ്ങനാട് വഞ്ചിമുക്ക് തുടങ്ങിയ ഭാഗങ്ങളിൽനിന്ന് വൻതോതിലാണ് മണ്ണ് കടത്തിയത്. റെയിൽവേക്കും നിലംനികത്തിലിനും മറ്റു നിർമാണ ആവശ്യങ്ങൾക്കും ആലപ്പുഴ, കൊല്ലം ജില്ലകളിലേക്കായിരുന്നു മണ്ണ് ലോഡ് കണക്കിന് കടത്തിയത്. വീടുവെക്കുന്നതിന് വേണ്ടി മാത്രമാണ് മണ്ണെടുത്ത് മാറ്റാൻ അനുമതി ഗ്രാമപഞ്ചായത്ത് നൽകിയത്. മണ്ണ് ഇവിടെനിന്ന് കൊണ്ടുപോകാൻ പെർമിറ്റ് നൽകിയിരുന്നില്ല. ഓരോ കേന്ദ്രങ്ങളിലും അനുമതി നൽകിയതിെൻറ നൂറിരട്ടിയിലധികം മണ്ണാണ് കടത്തിയത്. ഇതിൽ ജിയോളജി വകുപ്പിെൻറ പങ്ക് വിവാദമായിരുന്നു. ജില്ല ജിയളോജിസ്റ്റിനെതിരെ പരാതി ഉയരുകയും പിന്നീട് കൈക്കൂലി കേസിൽ നിയമനടപടിക്കു വിധേയനാകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.