സ്വകാര്യ ബസ്​ ലോബിയെ സഹായിക്കാൻ കെ.എസ്​.ആർ.ടി.സി സർവിസുകൾ അട്ടിമറിക്കുന്നു

പന്തളം: സ്വകാര്യ ബസ് ലോബിയെ സഹായിക്കാൻ കെ.എസ്.ആർ.ടി.സി സർവിസുകൾ അട്ടിമറിക്കുന്നതായി ആക്ഷേപം. ജില്ലയിലെ ഉന്നത സ്ഥാനത്തുള്ള കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥ​െൻറ നേതൃത്വത്തിലാണ് ഷെഡ്യൂളുകൾ വെട്ടിക്കുറച്ച് സ്വകാര്യ ബസ് മുതലാളിമാരെ സഹായിക്കുന്നതായി ആക്ഷേപമുയരുന്നത്. പ്രധാന ചെയിൻ സർവിസ് റൂട്ടുകളായ മുണ്ടക്കയം-പത്തനംതിട്ട-പുനലൂർ, പത്തനംതിട്ട-മാവേലിക്കര, തിരുവല്ല-അടൂർ, കൊല്ലം-പത്തനംതിട്ട, പത്തനംതിട്ട-ഇലന്തൂർ-ചെങ്ങന്നൂർ റൂട്ടുകളിലെ സർവിസുകളാണ് വെട്ടിച്ചുരുക്കിയത്. ജീവനക്കാരുമായി ആലോചിക്കാതെ സ്വകാര്യ ലോബിക്ക് സഹായകമായാണ് ഈ ഉദ്യോഗസ്ഥ​െൻറ തീരുമാനമെന്ന് പ്രമുഖ തൊഴിലാളി യൂനിയൻ പ്രവർത്തകരും പറയുന്നു. ചെയിൻ സർവിസുകളെല്ലാം 20 മിനിറ്റ് ഇടവിട്ടാണ് നടന്നിരുന്നത്. ഭൂരിഭാഗം ബസുകൾക്കും 10,000 രൂപക്ക് മുകളിൽ പ്രതിദിന കലക്ഷനുണ്ടായിരുന്നു. ഇപ്പോൾ ചെയിൻ സർവിസുകളുടെ ഇടവേള ഒരു മണിക്കൂറാണ്. പുനലൂർ-മുണ്ടക്കയം ചെയിൻ സർവിസ് വിഭജിച്ച് പുനലൂർ-പത്തനംതിട്ട, റാന്നി-മുണ്ടക്കയം എന്നിങ്ങനെയാക്കി. ഇത് പത്തനംതിട്ട-റാന്നി റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവിസ് ഇല്ലാതാക്കി. കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചിരുന്ന ഈ റൂട്ടിലെ ദീർഘദൂര യാത്രക്കാർ സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടി വരുന്നു. മെച്ചപ്പെട്ട വരുമാനമുണ്ടായിരുന്ന പത്തനംതിട്ട - മാവേലിക്കര-ഹരിപ്പാട് ചെയിൻ സർവിസി​െൻറയും സ്ഥിതി വ്യത്യസ്തമല്ല. ഈ റൂട്ടിലും 20 മിനിറ്റ് ഇടവേള ഒരു മണിക്കൂറിലേറെയായി. പത്തനംതിട്ടയിൽനിന്ന് ഇലവുംതിട്ട വഴി ചെങ്ങന്നൂരിനുണ്ടായിരുന്ന സർവിസുകളെയും തകർത്തു. രണ്ട് മണിക്കൂർ ഇടവേളയിലാണ് ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി ഇപ്പോൾ സർവിസ് നടത്തുന്നത്. ജില്ലയിൽനിന്നുള്ള ദീർഘദൂര സർവിസുകളുടെയും സ്ഥിതി വ്യത്യസ്തമല്ല. ജില്ലാ ആസ്ഥാനത്തുനിന്ന് പെരിക്കല്ലൂരിന് സർവിസ് നടത്തിയിരുന്ന ബസ് സുൽത്താൻബത്തേരിവരെയായി ചുരുക്കി. തൊട്ടടുത്ത ദിവസം മുതൽ പെരിക്കല്ലൂരിലേക്ക് പത്തനംതിട്ടനിന്ന് സ്വകാര്യ ബസ് സർവിസ് ആരംഭിച്ചു. പന്തളത്തുനിന്ന് പമ്പ സർവിസ് നടത്തിയിരുന്ന രണ്ട് ട്രിപ്പുകളിൽ ഒന്ന് വെട്ടിച്ചുരുക്കിയതും സ്വകാര്യ ലോബിയെ സഹായിക്കാനാണ്. പന്തളം ഡിപ്പോ വെള്ളത്തിലകപ്പെട്ട ശേഷം പ്രധാന ഉദ്യോഗസ്ഥൻ പരിശോധന നടത്തിയില്ലെന്നും ആക്ഷേപമുണ്ട്. പ്രളയ മാലിന്യം അടിഞ്ഞുകൂടി ഡിപ്പോയിൽ മൂക്കുപൊത്താതെ നിൽക്കാനാവാത്ത സ്ഥിതിവന്നപ്പോൾ മാലിന്യം നഗരസഭ നീക്കം ചെയ്യട്ടെ എന്ന നിലപാടിലാണ് ഈ ഉദ്യോഗസ്ഥൻ. പ്രളയദുരിതാശ്വാസം അർഹരായവർക്കെല്ലാം ലഭ്യമാക്കും പന്തളം: പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് 10,000 രൂപ അർഹരായവർക്കെല്ലാം ലഭ്യമാകുന്നതിന് നടപടി സ്വീകരിച്ചതായി ചിറ്റയം ഗോപകുമാർ എം.എൽ.എ അറിയിച്ചു. ബി.എൽ.ഒമാരുടെയും മറ്റും സഹകരണത്തോടെയാണ് റവന്യൂ വകുപ്പ് പട്ടിക തയാറാക്കിയത്. ഇത്തരത്തിൽ തയാറാക്കിയ ലിസ്റ്റിൽ ഡാറ്റ എൻട്രി നടത്തിയപ്പോഴുള്ള സാങ്കേതിക പിഴവ് മൂലം ചിലർ ഒഴിവാക്കപ്പെട്ടിരുന്നു. ഇത് ആർ.ഡി.യുടെയും തഹസിൽദാറുടെയും ശ്രദ്ധയിൽപെടുത്തി പരിഹാരത്തിനായി നിർദേശിച്ചിട്ടുണ്ട്. അർഹരായ എല്ലാവർക്കും സമയബന്ധിതമായി ആശ്വാസധനം ഉറപ്പാക്കുമെന്ന് എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.