പത്തനംതിട്ട: വിദേശങ്ങളില്‍നിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും ജില്ലയില്‍ തിരികെയെത്തി നിരീക്ഷണത്തില്‍ കഴിയുന്നവരെ ഭയാശങ്കകളോടെ വീക്ഷിക്കുകയോ അവരെ ഒറ്റപ്പെടുത്തുകയോ ചെയ്യരുതെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.എല്‍. ഷീജ. സമൂഹവ്യാപനം ഒഴിവാക്കാൻ ക്വാറൻറീന്‍ കാലയളവ് വിജയകരമായി പൂര്‍ത്തീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനായി അവരുടെ കുടുംബാംഗങ്ങളും പൊതുസമൂഹവും പിന്തുണ നല്‍കണം. പുറത്തുനിന്ന് വന്നവരില്‍ കുറച്ചുപേര്‍ക്ക് മാത്രമേ കോവിഡ് ബാധയുള്ളൂ. അവരെ എല്ലാവരെയും പരിശോധിക്കുന്നതിനും രോഗമുള്ളവര്‍ക്ക് ചികിത്സ നല്‍കുന്നതിനുമുള്ള സംവിധാനം ജില്ലയില്‍ സജ്ജമാണ്. പുറത്തുനിന്ന് എത്തിയവര്‍ ആരോഗ്യവകുപ്പിനെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും വിവരം അറിയിക്കുകയും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാതെ നിരീക്ഷണ കാലാവധി പൂര്‍ത്തീകരിക്കുകയും വേണം. മാസ്‌ക് ധരിക്കുക, സമൂഹ അകലം പാലിക്കുക, സോപ്പ് ഉപയോഗിച്ച് കൈകള്‍ ഇടക്കിടെ കഴുകുക തുടങ്ങിയ അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങള്‍ എല്ലാവരും പാലിക്കേണ്ടതാണെന്നും ജാഗ്രതയോടെ പെരുമാറണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അഭ്യര്‍ഥിച്ചു. ------------------------------------- കലക്ടറുടെ ഓണ്‍ലൈന്‍ അദാലത് ജൂലൈ 18ന്: പരാതികൾ നൽകാം പത്തനംതിട്ട: കലക്ടര്‍ നേതൃത്വത്തില്‍ നടത്തുന്ന മല്ലപ്പള്ളി താലൂക്കുതല ഓണ്‍ലൈന്‍ അദാലത് ജൂലൈ 18ന്. വിഡിയോ കോണ്‍ഫറന്‍സിലൂടെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ജനങ്ങളുടെ പരാതികള്‍ കേള്‍ക്കും. മല്ലപ്പള്ളി താലൂക്കിലുള്ള അപേക്ഷകര്‍ക്ക് ജൂലൈ മൂന്നിന് വൈകീട്ട് അഞ്ചുവരെ മല്ലപ്പള്ളിയിലെ അക്ഷയകേന്ദ്രങ്ങളില്‍ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷയും അപേക്ഷകൻെറ ഫോണ്‍ നമ്പറും അക്ഷയ കേന്ദ്രം രേഖപ്പെടുത്തും. വിഡിയോ കോണ്‍ഫറന്‍സിൻെറ സമയം അപേക്ഷകരുടെ ഫോണില്‍ സംരംഭകന്‍ അറിയിക്കും. തുടര്‍ന്ന് ഓരോ പരാതിക്കാരനും തങ്ങള്‍ക്ക് നിര്‍ദേശിച്ചിരിക്കുന്ന സമയത്ത് വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അക്ഷയ കേന്ദ്രത്തില്‍ എത്തണം. കലക്ടറോട് ബോധിപ്പിക്കുന്ന പരാതികള്‍ ഇ-ആപ്ലിക്കേഷന്‍വഴി സമര്‍പ്പിക്കുന്നതിനുള്ള സൗകര്യവും അക്ഷയ കേന്ദ്രങ്ങളിലുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ പൊതുജനപരാതി പരിഹാര അദാലത്തുകള്‍ ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്നതിൻെറ സാധ്യത പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ പരാതിപരിഹാര സംവിധാനം ഏര്‍പ്പെടുത്തിയത്. വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് അനുവദിച്ച സമയത്ത് മാത്രമേ പരാതിക്കാരന്‍ എത്താന്‍ പാടുള്ളൂ. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ നിര്‍ദേശങ്ങളും പാലിച്ചായിരിക്കും ഓണ്‍ലൈന്‍ പരാതിപരിഹാര അദാലത് സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവരവരുടെ ഓഫിസുകളില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.