പത്തനംതിട്ട: വിദേശ രാജ്യങ്ങളിൽനിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സംസ്ഥാന സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മടങ്ങിവരുന്നവർക്ക് നിലവിലുണ്ടായിരുന്ന ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ പിൻവലിച്ച് ഹോം ക്വാറൻറീൻ സംവിധാനം ഏർപ്പെടുത്തിയ നടപടി പ്രവാസി കുടുംബങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതും കോവിഡ് രോഗവ്യാപനത്തിന് വഴിതെളിക്കുന്നതുമാണ്. ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ വിദേശങ്ങളിൽ കോവിഡും മറ്റ് ഗുരുതര രോഗങ്ങൾ മൂലവും പ്രവാസികൾ മരിച്ചുവീഴുന്നത് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ കൈയുംകെട്ടി നോക്കിനിൽക്കുകയാണ്. കോവിഡ് പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട മടങ്ങി എത്തുന്ന പ്രവാസികളെ ജോലിനൽകി പുനരധിവസിപ്പിക്കുകയും പെൻഷൻ, വായ്പ പാക്കേജുകൾ പ്രഖ്യാപിക്കുവാനും സർക്കാറുകൾ തയാറാകണം. പ്രവാസികളോട് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ കാട്ടുന്ന കടുത്ത അവഗണനക്കെതിരെ സമരപരിപാടികൾക്ക് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിൻെറ ഭാഗമായി ബുധനാഴ്ച കലക്ടറേറ്റ് പടിക്കൽ ധർണ സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ ജില്ല വൈസ് പ്രസിഡൻറ് അബ്ദുൽകലാം ആസാദ്, ജില്ല സെക്രട്ടറി റെനീസ് മുഹമ്മദ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.