ആറന്മുള വിമാനത്താവള ഭൂമി സര്‍ക്കാറിന്‍േറതെന്ന്

പത്തനംതിട്ട: ആറന്മുള വിമാനത്താവള ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന വാദവുമായി കെ. ശിവദാസന്‍ നായര്‍ എം.എല്‍.എയും രംഗത്ത്. വിമാനത്താവള വിരുദ്ധ സമരക്കാര്‍ ഉയര്‍ത്തിവന്നത് ഈ വാദമായിരുന്നു. അതിനോട് യോജിക്കാത്തത് കലക്ടര്‍ മാത്രമാണെന്ന് വ്യക്തമാകുന്നു. ആറന്മുള കരിമാരം തോട്ടിലെ മണ്ണ് നീക്കുന്നതിനെച്ചൊല്ലി എം.എല്‍.എയും കലക്ടറും തമ്മിലെ ചേരിപ്പോര് രൂക്ഷമായതോടെയാണ് ഭൂമി സര്‍ക്കാര്‍ വകയാണെന്ന് നിലപാടിലേക്ക് എം.എല്‍.എയും എത്തിയത്. വിമാനത്താവള വിരുദ്ധ സമരത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ താല്‍പര്യ സംരക്ഷകനായി നിന്ന കലക്ടര്‍ ഇപ്പോള്‍ കളംമാറ്റിച്ചവിട്ടിയതാണ് എം.എല്‍.എയെ ചൊടിപ്പിച്ചതെന്നും വ്യക്തമാകുന്നു. വിമാനത്താവള പദ്ധതിക്കായി നികത്തിയ കരിമാരംതോട്ടിലെ മണ്ണ് നീക്കി തോട് പുന$സ്ഥാപിക്കാന്‍ സംസ്ഥാന ലാന്‍ഡ് റവന്യൂ കമീഷണര്‍ 2012 സെപ്റ്റംബര്‍ 10ന് ഉത്തരവിട്ടിരുന്നു. അത് നടപ്പാക്കാന്‍ അന്നത്തെ കലക്ടര്‍ തയാറായില്ല. അതിനെതിരെ കലക്ടര്‍, കോഴഞ്ചേരി അഡീഷനല്‍ തഹസില്‍ദാര്‍ എന്നിവരെ എതിര്‍കക്ഷികളാക്കി ആറന്മുളയിലെ കര്‍ഷകനായ വി. മോഹനന്‍ ഹൈകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു.ഇതേതുടര്‍ന്ന് ഒരു മാസത്തിനകം തോടുകളിലെയും ചാലുകളിലെയും മണ്ണ് നീക്കംചെയ്ത് പൂര്‍വസ്ഥിതിയിലാക്കണമെന്ന് 2014 ജൂണ്‍ 16ന് ഹൈകോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് നടപ്പാക്കാന്‍ ഇപ്പോഴത്തെ കലക്ടര്‍ എച്ച്. ഹരികിഷോര്‍ തയാറായില്ല. മണ്ണ് നീക്കാതെ വിമാനത്താവള നിര്‍മാണക്കമ്പനിയായ കെ.ജി.എസിനെ സഹായിക്കുന്ന നിലപാടാണ് കലക്ടര്‍ സ്വീകരിച്ചത്. തോടിന്‍െറ ചുറ്റിലും കെ.ജി.എസിന്‍െറ ഭൂമിയാണെന്നും അതിലൂടെ മണ്ണുമായി ലോറികള്‍ പോകുന്നത് കെ.ജി.എസ് അനുവദിക്കില്ല എന്നാണ് ഇതിന് തടസ്സമായി കലക്ടര്‍ പറയുന്നത്. മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത വിമാനത്താവള ഭൂമിയില്‍ കെ.ജി.എസിന് അവകാശമില്ളെന്നിരിക്കെ അത് മറച്ചുവെച്ച് സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ള കലക്ടര്‍ കെ.ജി.എസിന്‍െറ ഭൂമിയെന്ന വാദമുയര്‍ത്തുന്നതിനെതിരെ സമരക്കാര്‍ ചോദ്യംചെയ്തിരുന്നു. അന്ന് വിമാനത്താവള പദ്ധതിയെ അനുകൂലിക്കുന്ന ഭരണപക്ഷ നേതാക്കളും പറഞ്ഞത് കെ.ജി.എസിന്‍െറ ഭൂമിയെന്നായിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ ഭൂമിയെന്ന സമരക്കാരുടെ വാദം എം.എല്‍.എയും ശരിവെച്ചതോടെ കെ.ജി.എസിന്‍െറ ഭൂമിയെന്ന കലക്ടറുടെ വാദം തെറ്റാണെന്ന് സ്ഥിരീകരിക്കപ്പെടുകയാണ്. എം.എല്‍.എ എതിര്‍ക്കുന്നത് മണ്ണ് അവിടെ നിന്നും കടത്തിക്കൊണ്ടുപോകുന്നതിനെയാണ്. ഇത്രയും നാള്‍ എം.എല്‍.എയുടെയും കൂട്ടരുടെയും താളത്തിനൊത്തു നിന്നിരുന്ന കലക്ടര്‍ ഇപ്പോള്‍ കളംമാറ്റിച്ചവിട്ടിയതാണ് എം.എല്‍.എയെ ചൊടിപ്പിച്ചത്. തെരഞ്ഞെടുപ്പ് അടുത്തതാണ് കലക്ടറുടെ മനംമാറ്റത്തിന് കാരണമെന്ന് കരുതുന്നത്. ഇടതുപക്ഷം ഒന്നടങ്കം പദ്ധതിയെ എതിര്‍ക്കുകയാണ്. മണ്ണ് കടത്താതെ അവിടത്തെന്നെ നിക്ഷേപിച്ചാല്‍ കലക്ടര്‍ കെ.ജി.എസിന്‍െറയും കോണ്‍ഗ്രസുകാരുടെയും സഹായിയായി പ്രവര്‍ത്തിക്കുന്നു എന്ന ആക്ഷേപം വീണ്ടും ഉയരുന്നതിന് കാരണമാകും. തെരഞ്ഞെടുപ്പിനുശേഷം ഭരണമാറ്റമുണ്ടായാല്‍ ഇത്തരം ആക്ഷേപത്തിന് ഇരയായ ആളെന്നത് ദോഷകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് കലക്ടര്‍ ഭയപ്പെടുന്നുണ്ടാകാമെന്ന് സമരക്കാര്‍ പറയുന്നു. റണ്‍വേ നിര്‍മാണം പൂര്‍ത്തിയാകാന്‍ ഇനിയും മൂന്നു മീറ്ററോളം മണ്ണിട്ട് നികത്തേണ്ടതുണ്ട്. അതിന് ഇനിയും ലക്ഷക്കണക്കിന് ലോഡ് മണ്ണ് ആവശ്യമാണ്. കരിമാരംതോട് മണ്ണ് നീക്കി പുന$സ്ഥാപിക്കാമെന്ന് കെ.ജി.എസ് നേരത്തേ തന്നെ സമ്മതിച്ചിരുന്നു. തോടിന് കുറുകെ പാലം നിര്‍മിച്ച് അതിലൂടെ റണ്‍വേ നിര്‍മിക്കാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. തോട്ടില്‍നിന്ന് മാറ്റുന്ന മണ്ണ് റണ്‍വേ ഉയര്‍ത്തുന്നതിന് വിനിയോഗിക്കാനുമായിരുന്നു അവര്‍ പദ്ധതിയിട്ടത്. മണ്ണ് അവിടെ നിന്ന് കടത്തുന്നത് കമ്പനിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന നടപടിയായതിനാലാണ് എം.എല്‍.എ എതിര്‍പ്പുമായി വന്നതെന്നാണ് കരുതുന്നത്. മണ്ണ് നീക്കുന്നതില്‍ എബ്രഹാം കലമണ്ണിലിന് എന്ത് കാര്യമെന്ന ചോദ്യവും എം.എല്‍.എ ഉയര്‍ത്തുന്നു. തോട് നികത്തിയത് എബ്രഹാം കലമണ്ണില്‍ ആയതിനാല്‍ കേരള ലാന്‍ഡ് യൂട്ടിലൈസേഷന്‍ ആക്ട് അനുസരിച്ച് മണ്ണ് നീക്കം ചെയ്യുകയും അതിനുള്ള ചെലവ് ഇനത്തില്‍ 19 ലക്ഷം രൂപ കലമണ്ണിലില്‍നിന്ന് ഈടാക്കണമെന്നും അല്ളെങ്കില്‍ കലമണ്ണില്‍തന്നെ മണ്ണ് നീക്കം ചെയ്യണമെന്നും നേരത്തേ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതനുസരിച്ചാണ് മണ്ണ് നീക്കാന്‍ കലമണ്ണിലിനെ നിയോഗിച്ചതെന്ന കാര്യം വിസ്മരിച്ചുകൊണ്ടാണ് എം.എല്‍.എ ആരോപണങ്ങള്‍ നിരത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.