ഡോക്ടര്‍മാരുടെ കുറവ്; ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ വലയുന്നു

പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ കുറവുമൂലം രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാകുന്നില്ല. ആശുപത്രിയില്‍ നിലവില്‍ 42 ഡോക്ടര്‍മാര്‍ വേണ്ടയിടത്ത് 34 ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. ഉച്ചക്ക് ഒരു മണിക്കുശേഷം പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗത്തില്‍ ആറു ഡോക്ടര്‍മാര്‍ വേണ്ടയിടത്ത് നാലു പേര്‍ മാത്രമാണ് സേവനം ചെയ്യുന്നത്. വൈകുന്നേരം അഞ്ചു മുതല്‍ രാത്രി എട്ടുവരെ ദിനം പ്രതി 400ഓളം രോഗികളാണ് പനിക്ക് മാത്രമായി ചികിത്സ തേടി എത്തുന്നത്. ഇവരെ ചികിത്സിക്കാന്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഇവിടെ ഡ്യൂട്ടിക്ക് ഉണ്ടാകുന്നത്. ഇതിനിടെ അപകടങ്ങള്‍ സംഭവിച്ച് കൊണ്ടുവരുന്നവരെയും മറ്റ് അത്യാഹിതം സംഭവിച്ചവരെയും നോക്കേണ്ടത് ഈ ഒരു ഡോക്ടറുടെ ചുമതലയാണ്. ഇതോടെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടി കാത്തുനില്‍ക്കുന്നവര്‍ ഡോക്ടര്‍മാരെ അസഭ്യം പറയുന്നതും കൈയേറ്റം ചെയ്യാന്‍ മുതിരുന്നതും നിത്യസംഭവമായിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍മാര്‍ രാത്രി അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചിരിക്കുകയാണ്. തങ്ങളുടെ ജീവന് ഒരു സുരക്ഷയും ഇല്ളെന്നാണ് ഇവര്‍ പറയുന്നത്. തിരക്കുള്ള സമയങ്ങളില്‍ രോഗികളെ വിശദമായി പരിശോധിക്കാന്‍പോലും കഴിയാറില്ളെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം, ആശുപത്രിയില്‍നിന്ന് സ്ഥലം മാറ്റം ലഭിച്ചുപോയ ഡോക്ടര്‍മാര്‍ക്ക് പകരം മറ്റ് ഡോക്ടര്‍മാരെ മാസം പിന്നീട്ടിട്ടും നിയമിക്കാന്‍ കഴിയാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായിട്ടുള്ളതെന്ന് ജനറല്‍ ആശുപത്രി ആര്‍.എം.ഒ ഡോ. ആഷീഷ് മോഹന്‍ പറഞ്ഞു. ഇതിന് പകരം മറ്റ് സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെക്കൊണ്ട് അടിയന്തരഘട്ടങ്ങളില്‍ അത്യാഹിത വിഭാഗം കൈകാര്യം ചെയ്യുന്നുണ്ട്. എന്നിരുന്നാലും അത്യാഹിത വിഭാഗത്തിലേക്ക് ഉടന്‍ വേണ്ടത്ര ഡോക്ടര്‍മാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വര്‍ക്കിങ് അറേഞ്ച്മെന്‍റിന്‍െറ ഭാഗമായി വിവിധ സ്ഥലങ്ങളിലേക്ക് അയച്ച ഹെഡ് നഴ്സുമാര്‍ക്ക് പകരം പുതിയ നിയമനങ്ങള്‍ നടത്താന്‍ ജില്ലാ ആരോഗ്യ വിഭാഗം മൂന്ന് മാസമായിട്ടും തയാറായിട്ടില്ല. നഗരത്തില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിലാണ് ജില്ലാ ആരോഗ്യ വകുപ്പ് ജനറല്‍ ആശുപത്രിയോട് കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.