അഗളി: അട്ടപ്പാടി മേഖലയിലെ ആരോഗ്യക്കുറവുള്ള കുട്ടികളെ കണ്ടെത്തി ന്യൂട്രീഷ്യൻ റീഹാബിലിറ്റേഷൻ സെൻറർ (എൻ.ആർ.സി) വഴി ചികിത്സ നൽകുമെന്ന് ആരോഗ്യ -കുടുംബക്ഷേമ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഇതിനായി ആരോഗ്യവകുപ്പും പട്ടികവർഗ വകുപ്പും പ്രത്യേക പദ്ധതി രൂപവത്കരിക്കും. കോട്ടത്തറ ൈട്രബൽ ആശുപത്രിയിലെ 100 കിടക്കകളുള്ള പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ആശുപത്രിയിൽ ഡീ അഡിക്ഷൻ സെൻറർ തുടങ്ങുമെന്നും ഇവിടെ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ ശിശുമരണം ഇല്ലാതാക്കാൻ സർക്കാർ ശക്തമായ ഇടപെടൽ നടത്തും. മരണനിരക്ക് കുറക്കാൻ കഴിഞ്ഞിട്ടുണ്ട്. കോട്ടത്തറ ൈട്രബൽ ആശുപത്രിയിൽ നിലവിലുള്ള ഒരു ശിശുരോഗ വിദഗ്ധെൻറ ഒഴിവ് നികത്തും. ജില്ലയിലെ 16-ഉം സംസ്ഥാനത്തെ 170-ഉം പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റും. ഇവിടെ പകൽസമയം മുഴുവൻ സേവനങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. ആധുനിക സൗകര്യങ്ങൾ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ സജ്ജമാക്കുമെന്നും ഒരു കേന്ദ്രത്തിൽ ഒരു ഡോക്ടറുടെ സേവനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിലെ മറ്റ് വികസന പ്രവർത്തനങ്ങൾ മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. എൻ. ഷംസുദ്ദീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ പി. മേരിക്കുട്ടി, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഈശ്വരീരേശൻ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. പി. പുകഴേന്തി, ഡി.എം.ഒ ഡോ. ശെൽവരാജ്, കോട്ടത്തറ ൈട്രബൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. പ്രഭുദാസ്, ഒറ്റപ്പാലം സബ്കലക്ടർ പി.ബി. നൂഹ്, ത്രിതല പഞ്ചായത്ത് പ്രസിഡൻറുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.