പാലക്കാട്: പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) തറക്കല്ലിടൽ കേന്ദ്രസർക്കാർ വൈകിപ്പിക്കുകയാണെന്ന് എം.ബി. രാജേഷ് എം.പി. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി തറക്കല്ലിടൽ ചടങ്ങിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കറിനായി മൂന്ന് മാസമായി കാത്തിരിക്കുകയാണ്. മൂന്നുവർഷം പിന്നിട്ട സാഹചര്യത്തിൽ എം.പിയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിലാണ് എം.പി കേന്ദ്രത്തിനെതിരെ രംഗത്തുവന്നത്. ചടങ്ങ് നീട്ടിക്കൊണ്ടുപോകാൻ ആസൂത്രിതനീക്കം നടക്കുന്നുണ്ട്. രണ്ടുതവണ പരിപാടിക്ക് തീയതി നൽകിയ കേന്ദ്രമന്ത്രി പിന്നീട് എത്താൻ കഴിയില്ലെന്ന് അറിയിച്ചു. കേരളത്തിൽനിന്നുള്ള രാഷ്ട്രീയ സമ്മർദമാണ് കേന്ദ്രമന്ത്രി എത്താതിരിക്കാൻ കാരണമെന്ന് സംശയിക്കുന്നതായും എം.പി പറഞ്ഞു. പാലക്കാട് ഉൾപ്പെടെ ആറ് ഐ.ഐ.ടികൾക്കാണ് കേന്ദ്രം അനുമതി നൽകിയത്. അതിൽ പാലക്കാടും തിരുപ്പതിയും മാത്രമാണ് ഒരുക്കങ്ങളിൽ മുന്നിലെത്തിയത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കു മുമ്പേ കേരളത്തിൽ ഐ.ഐ.ടി ആരംഭിക്കുന്നതിലുള്ള ദുരഭിമാനമാകാം ചടങ്ങ് നീട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സംശയമുെണ്ടന്നും അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിന് കൂലിയിനത്തിൽ കേന്ദ്രസർക്കാർ നൽകാനുള്ളത് 635.5 കോടി രൂപയാണ്. കേരളം കണക്ക് നൽകാത്തതിനാലാണ് കൂലി ലഭിക്കാത്തതെന്ന സംസ്ഥാന ബി.ജെ.പി നേതാക്കളുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് കൂലി കണക്കാക്കി അക്കൗണ്ടിൽ നൽകേണ്ട നാഷനൽ ഇലക്ട്രോണിക് ഫണ്ട് മാനേജ്മെൻറ് സിസ്റ്റം (എൻ.ഇ.എഫ്.എം.എസ്) വരുത്തിയ കാലതാമസമാണ് കൂലി ലഭിക്കാൻ വൈകുന്നതിന് കാരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നുണപ്രചാരണം നടത്തിയവർ മാപ്പ് പറയണം. ബീഫ് ഫെസ്റ്റ് നടത്തിയ ഡി.വൈ.എഫ്.ഐയുടെ നിലപാടാണ് ശരിയെന്ന് അന്ന് എതിർത്തവർക്ക് ബോധ്യപ്പെട്ടെന്നും എം.ബി. രാജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.