പാലക്കാട്\കൊല്ലങ്കോട്: പാലക്കാട്-പൊള്ളാച്ചി റൂട്ടില്‍ മൂന്ന് ട്രെയിനുകള്‍ റദ്ദാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. റെയില്‍വേയുടെ അപ്രതീക്ഷിത നീക്കത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും രംഗത്തുവന്നു. വെള്ളിയാഴ്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സ്വകാര്യ ബസ് മാഫിയകളും തമിഴ്നാട് ലോബിയുമാണ് തീരുമാനത്തിന് പിന്നിലെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു. വെൽഫെയർ പാർട്ടി, റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ, സീനിയർ സിറ്റിസൺ വെൽഫെയർ അസോസിയേഷൻ തുടങ്ങിയ സംഘടനകൾ പ്രത്യക്ഷ സമരത്തിനിറങ്ങും. ഉദ്യോഗസ്ഥർക്കെതിരെ നപടിയെടുക്കാൻ റെയിൽേവ ബോർഡിനോട് എം.പിമാർ ആവശ്യപ്പെടണമെന്ന് വെൽഫെയർ പാർട്ടി നെന്മാറ മണ്ഡലം വൈസ് പ്രസിഡൻറ് സെയ്ദ് ഇബ്രാഹീം ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് വെള്ളിയാഴ്ച മുതല്‍ പാലക്കാട് ടൗണില്‍നിന്ന് പൊള്ളാച്ചിയിലേക്ക് പുറപ്പെടുന്ന അമൃതയടക്കമുള്ള മൂന്ന് ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേയുടെ അറിയിപ്പ് ലഭിച്ചത്. അറ്റകുറ്റപ്പണികള്‍ക്കായി ദീര്‍ഘകാലത്തേക്ക് റദ്ദാക്കിയെന്നാണ് ഒൗദ്യോഗിക ഭാഷ്യം. നഷ്ടത്തിലായ റൂട്ടായതിനാലാണ് നിര്‍ത്തുന്നതെന്നും വാര്‍ത്ത കുറിപ്പില്‍ അറിയിച്ചിരുന്നു. ഇനി മുതല്‍ പാലക്കാട് ടൗണില്‍നിന്ന് പുലര്‍ച്ച 4.15ന് പുറപ്പെടുന്ന പാലക്കാട്-തിരുച്ചെന്ദൂര്‍ ട്രെയിന്‍ മാത്രമാണ് ഈ റൂട്ടില്‍ സര്‍വിസ് നടത്തുക. രാത്രി 10.30നാണ് ഈ ട്രെയിന്‍ പാലക്കാട് തിരിച്ചെത്തുക. പാലക്കാട്-പൊള്ളാച്ചി പാത ബ്രോഡ്ഗേജാക്കിയ ശേഷം ഏറെ മുറവിളികള്‍ക്കൊടുവിലാണ് ട്രെയിനുകള്‍ അനുവദിച്ചത്. എന്നാല്‍, സര്‍വിസ് തുടങ്ങി രണ്ട് വർഷം പൂർത്തിയാകുന്നതിന് മുമ്പേ റെയില്‍വേ സർവിസ് അവസാനിപ്പിച്ചു. പാലക്കാട് ടൗണ്‍ സ്റ്റേഷനില്‍നിന്ന് സര്‍വിസ് തുടങ്ങുന്നതിൽ അന്നേ വിമര്‍ശം ഉയര്‍ന്നിരുന്നു. പാലക്കാട് ജങ്ഷനില്‍നിന്ന് സര്‍വിസ് തുടങ്ങണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, റെയില്‍വേ പരിഗണിച്ചില്ല. പൊള്ളാച്ചിയില്‍നിന്ന് മധുര വരെ സര്‍വിസ് ദീര്‍ഘിപ്പിക്കണമെന്ന ആവശ്യവും അവഗണിച്ചു. നേരത്തേ മീറ്റര്‍ഗേജ് പാതയായിരുന്ന സമയത്ത് രാത്രി ഒമ്പതിന് സര്‍വിസ് നടത്തിയിരുന്ന പാലക്കാട്-രാമേശ്വരം ട്രെയിന്‍ സര്‍വിസ് പുനരാരംഭിക്കണമെന്നായിരുന്നു മറ്റൊരാവശ്യം. ഈ റൂട്ടില്‍ പാസഞ്ചര്‍ അനുവദിക്കണമെന്ന ആവശ്യത്തിനും ചെവികൊടുത്തില്ല. അശാസ്ത്രീയ സമയക്രമമാണ് ട്രെയിനില്‍ ആളുകള്‍ കുറയാന്‍ കാരണമെന്നാണ് മറ്റൊരു വാദം. ഒന്നര വര്‍ഷം മാത്രം പ്രായമായ പാലക്കാട്-പൊള്ളാച്ചി പാതയെ സംബന്ധിച്ച് യാത്രക്കാര്‍ക്ക് വലിയ അറിവില്ലെന്നും സമയം നല്‍കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. പാലക്കാട്-പൊള്ളാച്ചി പാതയെ ചരക്കുപാതയാക്കാന് നീക്കം നടക്കുന്നുണ്ടെന്നും സൂചനയുണ്ട്. നേരത്തേ കോയമ്പത്തൂർ-രാമേശ്വരം സ്പെഷല്‍ ട്രെയിന്‍ ഒരുമാസത്തെ സര്‍വിസിന് ശേഷം നിര്‍ത്തലാക്കിയിരുന്നു. യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്കാതെയുള്ള റെയില്‍വേയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും പാലക്കാട്^പൊള്ളാച്ചി പാതയില്‍ യാത്രക്കാരുടെ ആവശ്യങ്ങളൊന്നും റെയില്‍വേ പരിഗണിച്ചില്ലെന്നും ഒാള്‍കേരള റെയില്‍വേ യൂസേഴ്സ് അസോസിയേഷന് പ്രസിഡൻറ് പോള്‍ മാന്‍വെട്ടം ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.