ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി ഒ​റ്റ​പ്പാ​ലം

ഒറ്റപ്പാലം: ഗതാഗത പരിഷ്‌കാരങ്ങൾ പരാജയപ്പെട്ട ഒറ്റപ്പാലം നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു. വീതികുറഞ്ഞ നഗരപാതയിൽ അനുദിനം പെരുകുന്ന വാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കാനാകാത്ത പൊലീസും വിയർക്കുന്നു. ഒരു വർഷം മുമ്പ് കൊട്ടിഘോഷിച്ച് തുടങ്ങിയ ‘ഓപറേഷൻ അനന്ത’ ആരംഭ ശൂരത്വം തെളിയിച്ച് കെട്ടടങ്ങിയതോടെ അടുത്തകാലത്തൊന്നും ഗതാഗതക്കുരുക്കിന് ശാപമോക്ഷമാകില്ലെന്ന നിരാശയിലാണ് നാട്ടുകാർ. നിരവധി തവണ നടന്ന സർവേ നടപടികൾ പൂർത്തിയാക്കിയാണ് കൈയേറ്റം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമകൾക്ക് നോട്ടീസ് നൽകിയത്. ആദ്യഘട്ടത്തിൽ വർഷങ്ങൾക്കു മുമ്പ് ഉപാധികളോടെ അനുവദിച്ച പട്ടയപ്രകാരമുള്ള ഭൂമി ഒഴിപ്പിക്കാനായിരുന്നു തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഉടമകൾക്ക് നോട്ടീസ് നൽകി. ഒരു വിഭാഗം സ്വമേധയ പൊളിച്ചുനീക്കാൻ സന്നദ്ധത അറിയിച്ചപ്പോൾ പത്തോളം പേർ ഓപറേഷൻ അനന്തക്കെതിരെ കോടതിയെ സമീപിക്കുകയും ഒഴിപ്പിക്കൽ നടപടികൾക്കെതിരെ സ്റ്റേ ഉത്തരവ് സമ്പാദിക്കുകയുമായിരുന്നു. സ്വയം ഒഴിയുന്നതിെൻറ ഭാഗമായി ഏതാനം കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയും മറ്റുചിലത് അധികൃതരുടെ മേൽനോട്ടത്തിൽ ഒഴിപ്പിക്കുകയും ചെയ്തു. എന്നാൽ, വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ വീണ്ടെടുക്കാനുള്ള നീക്കങ്ങൾക്ക് വേഗതയില്ലാതെ പോയി. പാലക്കാട്-കുളപ്പുള്ളി സംസ്ഥാന പാതയുടെ നിർമാണ ഘട്ടത്തിൽ നിശ്ചയിച്ച പാതയുടെ പൊതുവായ വീതി ഒറ്റപ്പാലം നഗരത്തിലെ റോഡുകൾക്കില്ലാതെ പോയതാണ് പ്രതിസന്ധിക്ക് കാരണമായത്. പാതയുടെ നിർമാണത്തിനായി അധികൃതർ ഏറ്റെടുത്ത സ്ഥലം പോലും ഉപയോഗപ്പെടുത്തിയില്ലെന്ന ആക്ഷേപം ശക്തമാണ്. നിർമാണം പൂർത്തിയാക്കിയ മായന്നൂർ പാലം തുറന്നുകൊടുത്തതോടെ പ്രതീക്ഷിച്ചതിലുമേറെ വാഹനങ്ങളാണ് ഒറ്റപ്പാലത്തേക്ക് ഒഴുകിത്തുടങ്ങിയത്. പാലക്കാട്- തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം കിലോമീറ്ററുകളുടെ സഞ്ചാര ദൂരം കുറച്ചതാണ് വാഹനങ്ങളുടെ കുത്തൊഴുക്കിന് കാരണമായത്. ഇതിനിടയിൽ നഗരപാതയുടെ പ്രവേശന കവാടങ്ങളിൽ ഉള്ള പഴയ തോട്ടുപാലങ്ങൾ അതേപടി നിലനിർത്തി സംസ്ഥാനപാതയുടെ നിർമാണം പൂർത്തിയാക്കിയത് ഗതാഗതക്കുരുക്കിന് ആക്കം കൂട്ടി. പാലം പുനർനിർമിക്കാൻ സംസ്ഥാന ബജറ്റിൽ തുക വകയിരുത്തി വർഷങ്ങൾ പിന്നിട്ടിട്ടും നടപടി എങ്ങുമെത്തിയില്ല. ഓപറേഷൻ അനന്തയുടെ നോട്ടീസ് ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ ഉടമകൾ പൊളിച്ചുനീക്കിയ ജില്ല ബാങ്കിെൻറ എതിർവശമുള്ള കെട്ടിടം നിന്ന സ്ഥലത്തെ വൈദ്യുതി കാലുകൾ മാറ്റിസ്ഥാപിക്കാത്തതുമൂലം ലഭ്യമായ റോഡ് വികസനം തടസ്സപ്പെട്ട നിലയിലുമാണ്. ഏറ്റവുമൊടുവിൽ പാലാട്ട് റോഡ് മാർഗമുള്ള ബൈപാസ് റോഡിനു ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെങ്കിലും ലക്ഷ്യത്തിലെത്താൻ വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.