പാലക്കാട്: ഇടവേളക്ക് ശേഷം അവശ്യ സാധനങ്ങളുടെ വിലയിൽ വർധന. മാംസം, മത്സ്യം എന്നിവയുടെ വില കുതിച്ചുയർന്നപ്പോൾ അരിവിലയിലും വർധനവുണ്ടായി. പച്ചക്കറിയും പലചരക്കും വില സ്ഥിരത പുലർത്തിയപ്പോൾ ചെറിയ ഉള്ളി, ബീൻസ് എന്നിവയുടെ കൂടിയ വില ഇപ്പോഴും തുടരുകയാണ്. കശാപ്പ് നിരോധനത്തിന് ശേഷമാണ് മാംസ, മത്സ്യ വിലയിൽ കാര്യമായ വർധനവുണ്ടായത്. ബീഫ് വിലയിൽ 40 മുതൽ 60 വരെയാണ് വർധനവ്. കിലോക്ക് 280-300 രൂപയാണ് മിക്കയിടത്തും ഈടാക്കുന്നത്. ആട്ടിറച്ചിയുടെ വിലയും വർധിച്ചു. രണ്ടാഴ്ച മുമ്പ് 460 രൂപക്ക് വിൽപന നടത്തിയ മട്ടൻ ഇപ്പോൾ 480 രൂപയാണ് കച്ചവടക്കാർ ഈടാക്കുന്നത്. കോഴിയിറച്ചി വിലയും മേലോട്ടു തന്നെ. കശാപ്പ് നിരോധനത്തിന് മുമ്പ് ശരാശരി കിലോക്ക് 100 രൂപ വിലയുണ്ടായിരുന്ന കോഴി വിലയിൽ 50 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 140-150 രൂപയാണ് ഡ്രസ് ചെയ്യാത്ത കോഴിക്ക് ഈടാക്കുന്നത്. ഡ്രസ് ചെയ്ത കോഴിയിറച്ചിക്ക് 220-240 രൂപയും ഈടാക്കുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് മാടുകളുടെ വരവ് കുറഞ്ഞതാണ് ബീഫ് വില ഉയരാൻ കാരണം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മത്സ്യവിലയിൽ വൻ വർധനയുണ്ടായി. 70-80 രൂപക്ക് ലഭ്യമായിരുന്ന മത്തിയുടെ വില ഇപ്പോൾ 120-130 രൂപയിലെത്തി. 250 രൂപയാണ് ഒരു കിലോ അയിലയുടെ വില. അയിക്കോറ വില ചിലയിടങ്ങളിൽ 1000 രൂപവരെയെത്തി. കർണാടക തീരങ്ങളിൽ ട്രോളിങ് നിരോധനം ആരംഭിച്ചതാണ് മീൻവില ഇത്രയധികം വർധിക്കാൻ കാരണമെന്ന് പാലക്കാട്ടെ മത്സ്യവ്യാപാരി മുഹമ്മദ് അലി പറയുന്നു. കേരള തീരങ്ങളിൽനിന്നുള്ള മീൻ മാത്രമാണ് ഇപ്പോൾ ലഭ്യമാകുന്നത്. പത്ത് ദിവസത്തിനുള്ളിൽ ആന്ധ്രപ്രദേശ്, ഒഡിഷ, ബംഗാൾ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ട്രോളിങ് നിരോധനം അവസാനിക്കും. അതുകൊണ്ട് തന്നെ അടുത്ത ആഴ്ച മുതൽ മീൻവില സാധാരണ നിലയിലേക്കെത്തും. കേരളത്തിലെ ട്രോളിങ് നിരോധനം വിലയെ കാര്യമായി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചക്കിടെ അരിവിലയിൽ ശരാശരി അഞ്ചുരൂപയുടെ വർധനവുണ്ടായി. ജയ, കുറുവ, പാലക്കാട് സി.ഒ തുടങ്ങിയ അരിയുടെ വിലയിലാണ് വർധനവുണ്ടായത്. ഇതര സംസ്ഥാനങ്ങളിൽ ഉൽപാദനം കുറഞ്ഞതും കേരളത്തിൽ സീസൺ അവസാനിച്ചതുമാണ് വില ഉയരാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.