തമിഴ്നാട്ടില്‍ കോള വിരുദ്ധ വികാരം ശക്തമാകുന്നു

കോയമ്പത്തൂര്‍: ജെല്ലിക്കെട്ട് സമരത്തോടനുബന്ധിച്ച് ഉയര്‍ന്നുവന്ന കോള വിരുദ്ധ പ്രചാരണം ഫലം കണ്ടുതുടങ്ങി. മാര്‍ച്ച് ഒന്നുമുതല്‍ തമിഴ്നാട്ടിലെ പ്രമുഖ വ്യാപാരി സംഘടനകള്‍ കൊക്കക്കോള- പെപ്സി- മിനറല്‍വാട്ടര്‍ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തേണ്ടതില്ളെന്ന് തീരുമാനിച്ചിരുന്നു. കോയമ്പത്തൂര്‍ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോള ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു. നഗരത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ശ്രീകൃഷ്ണ ഇന്‍സ്റ്റിറ്റ്യൂഷന് കീഴിലുള്ള കോളജുകളിലും വി.എല്‍.ബി ജാനകിയമ്മാള്‍ കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിലും ഇതുമായി ബന്ധപ്പെട്ട് മാനേജ്മെന്‍റ് സര്‍ക്കുലര്‍ ഇറക്കി. ഹിന്ദുസ്ഥാന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദേശ ശീതള പാനീയങ്ങളുടെ വില്‍പന നിരോധിച്ചു. കോളജ് കാന്‍റീനുകളിലും മറ്റും കോള ഉല്‍പന്നങ്ങള്‍ വില്‍പന നടത്തരുതെന്നാണ് ഉത്തരവ്. ഇവിടങ്ങളില്‍ ഇളനീര്‍, കരിമ്പ് ജ്യൂസ്, നാരങ്ങവെള്ളം തുടങ്ങിയവയാണ് ലഭ്യമാക്കുന്നത്. മേഖലയിലെ മറ്റു കോളജുകളും കോള നിരോധം നടപ്പാക്കാനുള്ള നീക്കത്തിലാണ്. തിരുപ്പൂര്‍ ജില്ലയിലെ പല്ലടത്തുനിന്ന് എട്ട് കിലോമീറ്റര്‍ അകലെയുള്ള വേലംപാളയം ഗ്രാമപഞ്ചായത്തിലെ വ്യാപാരികളുടെ കൂട്ടായ്മ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തേണ്ടതില്ളെന്ന് തീരുമാനിച്ചു. കടകളില്‍ സ്റ്റോക് ഉണ്ടായിരുന്നത് അതാത് ഡീലര്‍മാരെ തിരിച്ചേല്‍പിച്ചു. നഗരത്തിലെ ആര്‍.എച്ച്.ആര്‍ ഹോട്ടല്‍ ഗ്രൂപ്പും കോള ഉല്‍പന്നങ്ങള്‍ വില്‍ക്കില്ളെന്ന പ്രഖ്യാപനവുമായി രംഗത്തുവന്നു. തമിഴകത്തില്‍ ഒരാഴ്ചക്കാലം നീണ്ട ജെല്ലിക്കെട്ട് സമരത്തിനിടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ വിദേശ ശീതള പാനീയ വില്‍പനക്കെതിരായ പ്രചാരണം ശക്തിപ്പെട്ടത്. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്യൂപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്‍റ് ഫോര്‍ അനിമല്‍സ് (പെറ്റ) എന്ന സംഘടനയാണ് ജെല്ലിക്കെട്ടിനെതിരെ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ജെല്ലിക്കെട്ട് സമരം കോള വിരുദ്ധ വികാരമായി മാറുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.