പൊലീസിനെ നിഷ്ക്രിയമാക്കി മത്സരിച്ച് ആളെ കൊല്ലുന്നു –ചെന്നിത്തല

പാലക്കാട്: സംസ്ഥാന പൊലീസ് നിഷ്ക്രിയത്വത്തിന്‍െറ തടവറയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിനും ബി.ജെ.പിക്കും കണക്കുതീര്‍ക്കാന്‍ വേണ്ടി പൊലീസിനെ കൈയും കാലും കെട്ടി നിയന്ത്രിക്കുന്ന ഗുരുതരമായ സാഹചര്യമാണുള്ളത്. കുട്ടികളുടെ കലോത്സവ ദിവസംപോലും അരുംകൊലക്കും ഹര്‍ത്താലിനും ഇവര്‍ തെരഞ്ഞെടുത്തു. എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്‍െറ കസേര കത്തിച്ചിട്ടും ഒരാള്‍ക്കെതിരെ പോലും കേസെടുത്തില്ല. രണ്ടുപേര്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ട മാവോവാദി വെടിവെപ്പ് സംബന്ധിച്ച് മുഖ്യമന്ത്രി ഇതുവരെയും വാ തുറക്കാന്‍ തയാറായിട്ടില്ല. നിലമ്പൂര്‍ വനത്തില്‍ എന്തു സംഭവിച്ചുവെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. മാവോവാദി നേതാക്കളായ രൂപേഷും ഷൈനയും കോയമ്പത്തൂരില്‍ പിടിയിലാകുമെന്ന് അറസ്റ്റിന് ഒരാഴ്ച മുമ്പുതന്നെ അന്നത്തെ സംസ്ഥാന ആഭ്യന്തര വകുപ്പിന് വിവരമുണ്ടായിരുന്നു. ഇരുവരുടെയും ജീവന്‍ അപകടപ്പെടുത്തുന്ന സാഹചര്യമുണ്ടാവരുതെന്ന് യു.ഡി.എഫ് സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിരുന്നു. സംസ്ഥാനത്ത് സംഘ്പരിവാര്‍ കൊടുക്കുന്ന പരാതികളില്‍ മതപണ്ഡിതര്‍ക്കും എഴുത്തുകാര്‍ക്കുമെതിരെ രാജ്യദ്രോഹകുറ്റമടക്കം ചാര്‍ത്തുന്ന ഗൗരവ സാഹചര്യമാണുള്ളതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. എല്‍.ഡി.എഫിനും ബി.ജെ.പിക്കുമെതിരെ സമരപോരാട്ടത്തിന്‍െറ ദിനങ്ങളാണ് വരാനുള്ളതെന്നും കൂട്ടായ്മക്ക് പോറലേല്‍പ്പിക്കുന്ന ഒരു പ്രവര്‍ത്തനം ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്നും യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പറഞ്ഞു. ജില്ല യു.ഡി.എഫ് ചെയര്‍മാന്‍ എ. രാമസ്വാമി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സി.എ.എം.എ കരീം, ഡി.സി.സി പ്രസിഡന്‍റ് വി.കെ. ശ്രീകണ്ഠന്‍, മുന്‍ എം.പി വി.എസ്. വിജയരാഘവന്‍, സി.വി. ബാലചന്ദ്രന്‍, സി. ചന്ദ്രന്‍, കളത്തില്‍ അബ്ദുല്ല, എ. ഭാസ്കരന്‍, ടി.എം. ചന്ദ്രന്‍, സി.വി. സുകുമാരന്‍, കെ.എ. ചന്ദ്രന്‍, എം.എം. ഹമീദ് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.