കരുവാരകുണ്ട്: കല്‍ക്കുണ്ട് കപ്പലാംതോട്ടം നീര്‍ത്തടവികസന പദ്ധതിയില്‍ ക്രമക്കേട് ആരോപിച്ച് ഗുണഭോക്താക്കള്‍ രംഗത്ത്. രണ്ടുകോടി രൂപയുടെ പദ്ധതി കരാറുകാരും നടത്തിപ്പുകാരില്‍ ചിലരും ഉദ്യോഗസ്ഥരും സ്വകാര്യമായി കൊണ്ടു നടക്കുകയാണെന്നാണ് പരാതി. കല്‍ക്കുണ്ട് കേന്ദ്രീകരിച്ചുള്ള നാല് വാര്‍ഡുകളിലെ ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. മണ്ണൊലിപ്പ് തടയാനും ജലം സംരക്ഷിക്കാനുമായി കൈയാലകള്‍ കെട്ടുക, പുഴയില്‍ ചെക്ക്ഡാമുകള്‍ നിര്‍മിക്കുക, മരങ്ങള്‍ വെച്ചുപിടിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്. 1.86 കോടിയാണ് പദ്ധതി തുക. ബന്ധപ്പെട്ട കമ്മിറ്റിക്ക് അപേക്ഷ നല്‍കി അംഗീകാരം കിട്ടിയാല്‍ കൈയാലകള്‍ ഗുണഭോക്താക്കള്‍ സ്വന്തമായി നിര്‍മിക്കുകയാണ് വേണ്ടത്. പ്രകൃതി ദത്തമായ കല്ലുകള്‍ കൊണ്ടാണ് കൈയാല കെട്ടേണ്ടത്. ഇതിനാവശ്യമായ തുക ഗുണഭോക്താവിന് നേരിട്ട് നല്‍കണം. എന്നാല്‍, പദ്ധതിയുടെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കരാറുകാരെ വെച്ചാണ് പ്രവൃത്തി നടത്തുന്നതെന്നാണ് ആരോപണം. സ്വന്തമായി പ്രവൃത്തി നടത്താന്‍ തയാറുള്ള ഗുണഭോക്താക്കള്‍ നല്‍കുന്ന അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ പദ്ധതി കണ്‍വീനര്‍ക്ക് കൈമാറി കാലതാമസം വരുത്തുകയോ നശിപ്പിക്കുകയോ ചെയ്യുകയാണെന്നും കര്‍ഷകര്‍ പറയുന്നു. കരാറുകാരന്‍ വഴി ചെയ്യുന്ന പ്രവൃത്തികളുടെ തുക ദിവസങ്ങള്‍ക്കകം അനുവദിക്കുന്ന ഉദ്യോഗസ്ഥര്‍ സ്വന്തമായി ചെയ്യുന്നവരുടെ ബില്ലുകള്‍ മാസങ്ങളോളം വൈകിപ്പിക്കുകയാണെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. ഇതിനെതിരെ മണ്ണ് സംരക്ഷണ വകുപ്പ് സംസ്ഥാന ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകളും നല്‍കുന്നുണ്ട്. അപേക്ഷ നല്‍കി കാത്തിരിക്കുന്നവരെ കബളിപ്പിക്കുകയും അപേക്ഷ നല്‍കാത്തവര്‍ക്ക് തൈകള്‍ നല്‍കുകയും ചെയ്യുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. നിര്‍മാണ കമ്മിറ്റി യോഗത്തില്‍ ഇത് ചോദ്യം ചെയ്യുമ്പോള്‍ പദ്ധതി കണ്‍വീനറും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഒതുക്കിത്തീര്‍ക്കാറാണെന്നും കര്‍ഷകര്‍ പറയുന്നു. നടത്തിപ്പില്‍ ക്രമക്കേടും അഴിമതിയും ആരോപിച്ച് കമ്മിറ്റിയിലെ ചിലര്‍തന്നെ രംഗത്തുവന്നതിനെ തുടര്‍ന്ന് പദ്ധതി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടയുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.