പാലക്കാട്: ഒരു വിഭാഗത്തിന്‍റെ ധൂർത്തും കെടുകാര്യസ്ഥതയും കാരണം ദേശീയ ഭക്ഷ്യഭദ്രത നിയമപ്രകാരം (എൻ.എഫ്.എസ്.എ) കേരളത്തിലെ നോഡൽ ഏജൻസി സ്ഥാനത്ത് നിന്ന് സിവിൽ സപ്ലൈസ് കോർപറേഷനെ (സപ്ലൈകോ) മാറ്റി.
എൻ.എഫ്.എസ്.എ ഗോഡൗണുകളുടെ നടത്തിപ്പും ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണവും പദ്ധതിയുടെ ഏകോപനത്തിനായുള്ള നോഡൽ ഏജൻസി സ്ഥാനവും പൊതുവിതരണ വകുപ്പിനെ ഏൽപിച്ചു. സപ്ലൈകോ ചെയർമാൻ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.
ഭക്ഷ്യധാന്യങ്ങൾ എഫ്.സി.ഐ, സി.എം.ആർ മില്ലുകൾ എന്നിവയിൽനിന്ന് വിട്ടെടുത്ത് എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ എത്തിച്ച് റേഷൻകടകളിലേക്ക് വാതിൽപ്പടി വിതരണം നടത്തുന്നതിൽ തുടർച്ചയായ കാലതാമസവും കരാറുകാർ സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കാത്തതിനാൽ പല മാസങ്ങളിലും റേഷൻ വിതരണത്തീയതി നീട്ടേണ്ടി വന്നതും സപ്ലൈകോയുടെ വീഴ്ചയാണെന്ന് പറയുന്നു.
സപ്ലൈകോയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കരാറുകാർ എന്നതിനാൽ ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണത്തിൽ യഥാവിധി ഇടപെട്ട് പരിഹാരം കാണുന്നതിന് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.
എൻ.എഫ്.എസ്.എ ആരംഭിച്ചതിനുശേഷം ഗോഡൗണുകൾ എല്ലാം ശാസ്ത്രീയ ഗോഡൗണുകൾ ആക്കി മാറ്റുന്നതിൽ വീഴ്ച വന്നു. നിലവിലെ ഗോഡൗണുകളിൽ കൂടുതലും അശാസ്ത്രീയ ഗോഡൗണുകളായതിനാൽ കേന്ദ്രസർക്കാറിന്‍റെ റൂട്ട് ഒപ്റ്റിമൈസേഷൻ റിപ്പോർട്ട് നടപ്പാക്കാൻ സാധിക്കുന്നില്ല. ഗോഡൗണുകളിലെ ക്രമക്കേടിൽ യഥാവിധി ബാധ്യത കണക്കാക്കി സർക്കാറിന് ഉണ്ടാവുന്ന നഷ്ടം ഈടാക്കാനും സപ്ലൈകോക്ക് കഴിയുന്നില്ല.
എൻ.എഫ്.എസ്.എ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകളുടെ സുതാര്യത പരിശോധിക്കുന്നതിന് 2022-23 സാമ്പത്തിക വർഷം മുതൽ സോഫ്റ്റ് വെയർ തയാറാക്കുന്നതിന് നിർദ്ദേശം നൽകിയിരുന്നെങ്കിലും സാമ്പത്തികസ്ഥിതി മോശമായതിനാൽ സമയം നീട്ടുകയായിരുന്നു.
ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണം സപ്ലൈകോക്ക് നഷ്ടമുണ്ടാക്കുന്നുവെന്നതിനാൽ മറ്റ് കേന്ദ്ര-സംസ്ഥാന ഏജൻസികളെ ചുമതലപ്പെടുത്തുന്നത് ഉചിതമാകുമെന്നും സപ്ലൈകോ ചെയർമാൻ സർക്കാറിന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എൻ.എഫ്.എസ്.എ ഡിപ്പോകളിൽ അനുവദിച്ചതിനേക്കാൾ കൂടുതൽ സ്ഥിര-ദിവസവേതന ജീവനക്കാരെ സപ്ലൈകോ നിയോഗിച്ചതായും വിട്ടെടുപ്പ്, വാതിൽപ്പടി വിതരണം എന്നിവയിൽ യഥാർഥ ചെലവിനേക്കാൾ കൂടുതൽ തുക ക്ലെയിം ചെയ്യുന്നതായും ധനവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ഈ ഇനത്തിൽ 20 കോടിയോളം രൂപ തിരിച്ചുപിടിക്കാൻ ശിപാർശ ചെയ്തിട്ടുണ്ട്. ഓരോ മാസവും ഭക്ഷ്യധാന്യങ്ങളുടെ വിട്ടെടുപ്പ്, വാതിൽപ്പടി വിതരണം എന്നിവ പൂർത്തീകരിച്ചതിനുശേഷം കരാറുകാരിൽനിന്ന് തയാറാക്കി നൽകുന്ന ക്ലെയിമുകൾ സർക്കാറിൽ സമർപ്പിക്കുന്നതിൽ വരുത്തുന്ന കാലതാമസം കാരണം വിതരണം തടസ്സപ്പെടുകയും എല്ലാവർക്കും റേഷൻ കിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.