ഇന്‍സ്ട്രുമെന്‍േറഷന്‍ കൈമാറ്റം: ബാധ്യതയെ ചൊല്ലി ചര്‍ച്ച വഴിമുട്ടി

പാലക്കാട്: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇന്‍സ്ട്രുമെന്‍േറഷന്‍ ലിമിറ്റഡ് കേരളത്തിന് കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍ ധാരണയായില്ല. ജീവനക്കാരുടെ ശമ്പള ബാധ്യത ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തിരുവനന്തപുരത്ത് ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര, സംസ്ഥാന ഉന്നതതല സമിതി യോഗത്തില്‍ ചര്‍ച്ച വഴിമുട്ടാന്‍ കാരണമായത്. ബാധ്യതയോടെ യൂനിറ്റ് ഏറ്റെടുക്കാനാവില്ളെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. തിരുവനന്തപുരത്ത് ബുധനാഴ്ച രാവിലെയും വൈകീട്ടുമായി നടന്ന ചര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാറിനുവേണ്ടി ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, അഡീ. ചീഫ് സെക്രട്ടറിമാരായ പോള്‍ ആന്‍റണി, സെന്തില്‍, വ്യവസായ സ്പെഷല്‍ സെക്രട്ടറി സഞ്ജയ് കൗള്‍ എന്നിവരും കേന്ദ്ര സര്‍ക്കാറിനുവേണ്ടി ഘനവ്യവസായ ജോയന്‍റ് സെക്രട്ടറി വിശ്വജിത്ത് സഹായ്, ഇന്‍സ്ട്രുമെന്‍േറഷന്‍ ലിമിറ്റഡ് സി.എം.ഡി എം.പി. ഈശ്വര്‍, ഡയറക്ടര്‍ (പ്രൊഡക്ഷന്‍ ആന്‍ഡ് ഫിനാന്‍സ്) എ. മുരളീധര്‍, കമ്പനി സെക്രട്ടറി എ.കെ. ശൃംഗി എന്നിവരും പങ്കെടുത്തു. പാലക്കാട് യൂനിറ്റിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണം, കുടിശ്ശിക എന്നിവയുമായി ബന്ധപ്പെട്ട 46.5 കോടിയുടെ ബാധ്യതയുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. 1997ലെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള 23 കോടി രൂപ, 2007ലെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട 18 കോടി രൂപ, 2013നുശേഷം വിരമിച്ചവര്‍ക്കുള്ള പി.എഫ്, ഗ്രാറ്റുവിറ്റി ഇനത്തില്‍ ലഭിക്കാനുള്ള 5.5 കോടി ഉള്‍പ്പെടെ 46.5 കോടിയുടെ ബാധ്യത നിലവിലുണ്ട്. കോട്ട യൂനിറ്റിലെ പിരിച്ചുവിടപ്പെടുന്ന ജീവനക്കാരുടെ നഷ്ടപരിഹാരമടക്കം ബാധ്യതകള്‍ തീര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 438 കോടി രൂപയും അനുവദിച്ചിട്ടുണ്ടെങ്കിലും പാലക്കാട് യൂനിറ്റിന്‍െറ ബാധ്യത തീര്‍ക്കുന്നതിനെക്കുറിച്ച് കേന്ദ്രം മൗനത്തിലാണ്. കഴിഞ്ഞ നവംബര്‍ 30ന് ചേര്‍ന്ന കേന്ദ്ര കാബിനറ്റ് യോഗമാണ് ഇന്‍സ്ട്രുമെന്‍േറഷന്‍ ലിമിറ്റഡ് നഷ്ടത്തിലുള്ള രാജസ്ഥാന്‍ കോട്ടയിലെ യൂനിറ്റ് അടച്ചുപൂട്ടാനും പാലക്കാട് യൂനിറ്റ് കേരള സര്‍ക്കാറിന് കൈമാറാനും തീരുമാനിച്ചത്. വന്‍കിട വ്യവസായ യൂനിറ്റുകള്‍ക്ക് വിവിധതരം വാള്‍വുകള്‍ നിര്‍മിച്ചുനല്‍കുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമാണ് ഇന്‍സ്ട്രുമെന്‍േറഷന്‍ ലിമിറ്റഡ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.