നഗരത്തില്‍ വന്‍തീപിടിത്തം; ആറുവീടുകള്‍ കത്തിനശിച്ചു

പാലക്കാട്: നഗരത്തില്‍ കല്‍മണ്ഡപം-മണലി റോഡില്‍ മുനിസിപ്പല്‍ ലൈനില്‍ വന്‍ തീപിടിത്തം. ആറു ഓലമേഞ്ഞ വീടുകള്‍ പൂര്‍ണമായി കത്തിനശിച്ചു. ഒരു വീട്ടില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. താമസക്കാരില്‍ ഭൂരിപക്ഷവും ജോലിക്കും മറ്റും പുറത്തുപോയതിനാല്‍ ആളപായമുണ്ടായില്ല. ചൊവ്വാഴ്ച രാവിലെ 8.50നാണ് സംഭവം. നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ വീടുകളാണ് കത്തിനശിച്ചത്. ശരവണന്‍, അരുണ്‍, മാലതി, തിലകവതി, അജിത്ത്കുമാര്‍, നടരാജന്‍ എന്നിവരുടെ വീടുകളാണ് അഗ്നിക്കിരയായത്. മുനിസിപ്പല്‍ ലൈനില്‍ കല്‍മണ്ഡപം റോഡിലേക്കും മണലി റോഡിലേക്കുമായി നിരവധി വീടുകളുണ്ട്. ഇതില്‍ മണലി റോഡിലേക്കുള്ള വീടുകളാണ് കത്തിയമര്‍ന്നത്. വീട്ടുപകരണങ്ങളും രേഖകളും വസ്ത്രങ്ങളും നിശ്ശേഷം കത്തിനശിച്ചു. സമീപത്തെ പുല്ലില്‍നിന്നോ അടുപ്പില്‍നിന്നോ തീപടര്‍ന്നതാവാമെന്നാണ് നിഗമനം. തീപടരുന്നതു കണ്ട് വീട്ടുകാര്‍ ഓടിമാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സമീപത്തെ ഓടുമേഞ്ഞ ക്വാര്‍ട്ടേഴ്സുകളിലേക്ക് തീ പടരുന്നത് അഗ്നിശമന സേന തടഞ്ഞു. പൊലീസും രക്ഷാപ്രവര്‍ത്തനത്തിന് സഹായിച്ചു. സംഭവത്തില്‍ ടൗണ്‍ നോര്‍ത് പൊലീസ് കേസെടുത്തു. മൂന്നര മുതല്‍ അഞ്ച് ലക്ഷംരൂപ വരെ നഷ്ടം കണക്കാക്കുന്നതായി പൊലീസ് പറഞ്ഞു. തീപിടിത്തത്തില്‍ സംശയിക്കാവുന്ന സാഹചര്യമില്ളെന്ന് ടൗണ്‍ നോര്‍ത് എസ്.ഐ പറഞ്ഞു. ശുചീകരണ തൊഴിലാളികളില്‍ പലര്‍ക്കും നഗരസഭ വീടുനല്‍കിയിട്ടുണ്ടെങ്കിലും കുറച്ചുപേര്‍ ഇപ്പോഴും കാലപ്പഴക്കമുള്ള ഇവിടത്തെ കുടിലുകളിലാണ് താമസം. നഗരസഭ ചെയര്‍പേഴ്സന്‍ പ്രമീള ശശിധരന്‍, വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍, പാലക്കാട് സബ് കലക്ടര്‍ എന്നിവര്‍ സ്ഥലത്തത്തെി. വീടുകളിലെ താമസക്കാര്‍ക്ക് സംഘടന പ്രവര്‍ത്തകരും സാമൂഹികസ്നേഹികളും വസ്ത്രങ്ങളുംമറ്റും നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.