ഓറഞ്ച് ഫാമില്‍ ഉല്‍പാദനം റെക്കോഡിലേക്ക്

നെല്ലിയാമ്പതി: കൃഷി വകുപ്പിന് കീഴിലെ പുലയമ്പാറയിലെ ഓറഞ്ച് ആന്‍ഡ് വെജിറ്റബ്ള്‍ ഫാമിന് പച്ചക്കറി ഉല്‍പാദനത്തിലും പഴ ഉല്‍പന്നങ്ങളുടെ വിറ്റുവരവിലും റെക്കോഡ് നേട്ടം. ഓണക്കാലത്ത് ഫാമിലെ പച്ചക്കറികള്‍ക്ക് ആവശ്യക്കാര്‍ നിരവധിയായിരുന്നു. കഴിഞ്ഞ സീസണില്‍ 25 ടണ്ണോളം ഉല്‍പാദിപ്പിച്ചിരുന്നു. കൂടാതെ പഴ ഉല്‍പന്നങ്ങള്‍ കൊണ്ട് സ്ക്വാഷും ജാമും നിര്‍മിച്ച് വിറ്റതോടെ 87 ലക്ഷം രൂപയുടെ വരുമാനവും ഫാം നേടി. ഒരു കോടി രൂപ ചെലവിട്ട് പഴസംസ്കരണ പ്ളാന്‍റ് ആധുനീകരിച്ച് ഉല്‍പാദനശേഷി വര്‍ധിപ്പിച്ചു. ഇപ്പോള്‍ പ്രതിദിനം രണ്ട് ടണ്‍ ഉല്‍പന്നങ്ങളാണ് ഉല്‍പാദിപ്പിക്കുന്നത്. 50 ലക്ഷം രൂപ ചെലവിട്ട് ഓറഞ്ച് ചെടികള്‍ പുതുതായി വെച്ചുപിടിപ്പിക്കുന്ന ജോലികള്‍ നടന്നുവരികയാണെന്ന് ഫാം സൂപ്രണ്ട് യൂസുഫ് പറഞ്ഞു. ഫാമിനുള്ളിലെ കാട്ടാന ശല്യം വിളകള്‍ക്ക് വിനയാവാറുണ്ട്. ഇത് നേരിടാന്‍ കമ്പിവേലി സ്ഥാപിച്ചു കഴിഞ്ഞു. കേന്ദ്ര സര്‍ക്കാറിന്‍െറ ഫണ്ട് ഉപയോഗിച്ച് ജലസേചനത്തിനായി രണ്ട് ചെക്ഡാമുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. ഓറഞ്ച് ഫാം സന്ദര്‍ശിക്കാന്‍ ധാരാളം ടൂറിസ്റ്റുകള്‍ എത്തിച്ചേരുന്നുണ്ട്. ഫാമിലെ ഉല്‍പന്നങ്ങള്‍ സന്ദര്‍ശകര്‍ക്ക് കൗണ്ടറിലൂടെ വില്‍ക്കുന്നുമുണ്ട്. ഫാമില്‍ പുഷ്പകൃഷിക്കായി 4500 ചതുരശ്രയടിയാണ് നീക്കിവെച്ചത്. ഇതില്‍ ആന്തൂറിയം, ഓര്‍ക്കിഡ് തുടങ്ങിയ പൂക്കള്‍ ഉല്‍പാദിപ്പിച്ച് വിപണനം നടത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.