സമ്മര്‍ദം അതിജീവിക്കാന്‍ കേരളത്തിന് പിടിവള്ളി അട്ടപ്പാടിയിലെ പട്ടിണിമരണം

പാലക്കാട്: അട്ടപ്പാടി വാലി ജലസേചന പദ്ധതിക്കെതിരെ തമിഴ്നാട് സമ്മര്‍ദതന്ത്രങ്ങള്‍ പയറ്റുമ്പോഴും പദ്ധതി നടപ്പാക്കാന്‍ കേരളത്തിന് കച്ചിത്തുരുമ്പ് അട്ടപ്പാടിയിലെ ആദിവാസികളുടെ ദൈന്യത. ദേശീയതലത്തില്‍തന്നെ ചര്‍ച്ചയായ അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ ചൂണ്ടിക്കാട്ടി ജലസേചന പദ്ധതിയുടെ ആവശ്യകത കേന്ദ്രസര്‍ക്കാറിനും സുപ്രീംകോടതിക്കും മുന്നില്‍ ശക്തിയുക്തം ബോധ്യപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. പദ്ധതിപ്രദേശമായ കിഴക്കന്‍ അട്ടപ്പാടിയില്‍ തമിഴ് കുടിയേറ്റ കുടുംബങ്ങളേറെയുള്ളതും തമിഴ്നാടിന്‍െറ എതിര്‍പ്പിന്‍െറ മുനയൊടിക്കാന്‍ പര്യാപ്തമാണെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് കരുതുന്നു. മഴനിഴല്‍ പ്രദേശമായ കിഴക്കന്‍ അട്ടപ്പാടിയില്‍ വര്‍ഷക്കാലത്തുപോലും വരള്‍ച്ച രൂക്ഷമാണ്. കോയമ്പത്തൂര്‍, ഈറോഡ്, മേട്ടുപാളയം എന്നിവിടങ്ങളില്‍നിന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കുടിയേറിയ നൂറുകണക്കിന് തമിഴ് കുടുംബങ്ങളും കിഴക്കന്‍ അട്ടപ്പാടിയില്‍ സ്ഥിരതാമസമാണ്. അട്ടപ്പാടി വാലി പദ്ധതി വഴി ലക്ഷ്യമിടുന്നത് കിഴക്കന്‍ അട്ടപ്പാടിയിലെ 4900 ഹെക്ടര്‍ പ്രദേശത്തെ ജലസേചനമാണ്. ദാരിദ്ര്യവും തൊഴിലില്ലായ്മയും മൂലം ശിശുമരണവും രോഗങ്ങളും വേട്ടയാടുന്ന അട്ടപ്പാടിയിലെ ആദിവാസി കുടുംബങ്ങളെ കൃഷിയിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് പദ്ധതി വഴി സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. കാവേരി ട്രൈബ്യൂണല്‍ വിധിപ്രകാരം കേരളത്തിന് അവകാശപ്പെട്ട ഭവാനി തടത്തിലെ ആറ് ടി.എം.സി വെള്ളത്തില്‍ 2.87 ടി.എം.സി മാത്രമേ പദ്ധതിക്ക് വിനിയോഗിക്കുന്നുള്ളൂ. ട്രൈബ്യൂണല്‍ വിധിപ്രകാരം അനുവദിച്ച വെള്ളം ഏതു രീതിയില്‍ ഉപയോഗിക്കാനും കേരളത്തിന് അനുവാദമുണ്ടായിരിക്കെ തമിഴ്നാട് ഉയര്‍ത്തുന്ന വാദഗതികള്‍ നിലനില്‍ക്കില്ളെന്ന് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കോയമ്പത്തൂരിലേക്ക് അടക്കം കുടിവെള്ളം നല്‍കുന്ന ശിരുവാണി അണക്കെട്ടിന് കിലോമീറ്ററുകളോളം താഴെയാണ് നിര്‍ദിഷ്ട അട്ടപ്പാടി വാലി ഡാമിന്‍െറ സ്ഥാനം. ഇതൊരിക്കലും ശിരുവാണി ഡാമില്‍നിന്ന് തമിഴ്നാടിന് അര്‍ഹതപ്പെട്ട 1.3 ടി.എം.സി വെള്ളത്തില്‍ കുറവ് വരുത്തില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.