തൃത്താലയിലെ തോല്‍വി സി.പി.എമ്മിന് തിരിച്ചടി

ആനക്കര: തൃത്താല മണ്ഡലത്തിലെ തോല്‍വിയിലുണ്ടായ ഞെട്ടല്‍ മാറാതെ സി.പി.എം. പാര്‍ട്ടിയില്‍ നിന്നുണ്ടായ വോട്ട് ചോര്‍ച്ചയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി വി.ടി. ബല്‍റാമിന്‍െറ ഭൂരിപക്ഷം കൂടാന്‍ ഇടവരുത്തിയത്. സ്ഥാനാര്‍ഥി നിര്‍ണയത്തിന്‍െറ തുടക്കം മുതല്‍ തന്നെ സി.പി.എമ്മില്‍ ആശയക്കുഴപ്പം നേരിട്ടിരുന്നു. മണ്ഡലത്തിന് പുറത്ത് നിന്നുള്ള സ്ഥാനാര്‍ഥിയതോടെ ആശയക്കുഴപ്പം ഇരട്ടിയായി. ഇത് യു.ഡി.എഫ് നേതൃത്വം പരമാവധി മുതലെടുത്തു. ന്യൂനപക്ഷ വോട്ടുകളും ചോര്‍ന്നു. ഇടതുപക്ഷം ഭരിക്കുന്ന ആനക്കര പഞ്ചായത്തില്‍നിന്ന് 1726 വോട്ടും പട്ടിത്തറയില്‍നിന്ന് 2996ഉം, കപ്പൂരില്‍ നിന്ന് 2577ഉം, തൃത്താലയില്‍നിന്ന് 1562ഉം, പരുതൂരില്‍നിന്ന് 1383ഉം തിരുമിറ്റക്കോട്ടുനിന്ന് 562 വോട്ടും കൂടുതല്‍ നേടാന്‍ വി.ടി. ബല്‍റാമിന് കഴിഞ്ഞു. ഇതില്‍ സി.പി.എം ഭരിക്കുന്ന നാഗലശ്ശേരി പഞ്ചായത്തില്‍നിന്ന് മാത്രമാണ് 1768 വോട്ട് എല്‍.ഡി.എഫിന് കൂടുതലായി നേടാന്‍ കഴിഞ്ഞത്. യു.ഡി.എഫ് ഭരിക്കുന്ന ചാലിശ്ശേരിയില്‍ 1579 വോട്ടും വി.ടി. ബല്‍റാമിന് കൂടുതലായി ലഭിച്ചു. മണ്ഡലത്തിലെ എട്ടില്‍ ഏഴ് പഞ്ചായത്തുകളും ബ്ളോക്ക് പഞ്ചായത്തും സി.പി.എമ്മാണ് ഭരിക്കുന്നത്. 2011ല്‍ നടന്ന നിയമസഭാ തെരെഞ്ഞടുപ്പില്‍ ബ്ളോക്ക് പഞ്ചായത്തും ആനക്കര, കപ്പൂര്‍, ചാലിശ്ശേരി, തിരുമിറ്റക്കോട് എന്നീ പഞ്ചായത്തുകളും യു.ഡി.എഫ് ഭരിക്കുന്ന സമയത്ത് കേവലം 3157 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. മമ്മിക്കുട്ടി തോറ്റത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.